ജനകീയ കൂട്ടായ്മയില്‍ 360 തൈകള്‍ നട്ടു;കോട്ടക്കല്‍ ബൈപാസ് പച്ച പിടിക്കും

Posted on: May 29, 2013 2:08 am | Last updated: May 29, 2013 at 2:08 am
SHARE

മലപ്പുറം: കോട്ട ക്കല്‍ പുത്തൂര്‍ -ചെനക്കല്‍ ബൈപാസ് വൃക്ഷവത്ക്കരണ പരിപാടിക്ക് മഹാഗണി തൈ നട്ട് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് തുടക്കമിട്ടു. തുടര്‍ന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സ്ഥാപനങ്ങളേയും പ്രതിനിധീകരിച്ച് ജനകീയ കൂട്ടായ്മയില്‍ രണ്ട് കിലോമീറ്റര്‍ ബൈപ്പാസില്‍ 360 ഓളം തൈകളാണ് നട്ടത്.
ബാക്കിയുളള ഒരു കിലോമീറ്ററില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ആയൂര്‍വേദ കോളജ് വിദ്യാര്‍ഥികള്‍ വൃക്ഷതൈകള്‍ നടും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് വൃക്ഷവത്ക്കരണം നടപ്പാക്കുന്നത്. ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കോട്ടക്കുന്നും സിവില്‍ സ്റ്റേഷനും വര്‍ണാഭമാക്കിയ തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തന്നെയാണ് ബൈപാസിലും നട്ട് പിടിപ്പിച്ചത്. ജില്ലാ കലക്ടറുടെ വഴിക്കടവിലെ വീട്ടില്‍ നിന്നും മലപ്പുറത്തെ ഔദ്യോഗിക ബംഗ്ലാവില്‍ നിന്നുമുളള തൈകള്‍, വനം വകുപ്പ്, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവിടങ്ങളില്‍ നിന്നുള്ള മഹാഗണി, കൊന്ന, വേങ്ങ, വേപ്പ്, മരോട്ടി, അത്തി, ഞാവല്‍ തുടങ്ങിയവയുടെ തൈകളാണ് നട്ടത്. വ്യാപാരി വ്യവസായി സംഘടനകള്‍, കോട്ടക്കല്‍ നഗരസഭ, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആയുര്‍വേദ കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചെടികളുടെ പരിചരണം ഏറ്റെടുക്കും.
ഡി ടി പി സി ട്രീ ഗാര്‍ഡുകള്‍ വാങ്ങുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളേയും പ്രതിനിധീകരിച്ച് കോട്ടക്കല്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ മൂസക്കുട്ടി ഹാജി, ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പൂക്കാട്ടില്‍ ഷെറീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ, ഡോ. മാധവന്‍കുട്ടി വാര്യര്‍, ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഈശ്വര വാര്യര്‍, ഡി ടി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹ്‌സിന്‍, എ കെ നസീര്‍, വി മധുസൂധനന്‍, സെക്രട്ടറി വി ഉമ്മര്‍കോയ, മുന്‍ സെക്രട്ടറി കെ മധു, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇംതിയാസ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹംസ പുത്തൂര്‍, ഹോട്ടല്‍ – റെസ്റ്ററന്റ് അസോസിയേഷന് വേണ്ടി മുസ്തഫ എന്നിവര്‍ തൈകള്‍ നട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here