Connect with us

National

ഡല്‍ഹിക്ക് പുറത്ത് ഡി എം ആര്‍ സിക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കരുതെന്ന് ആന്റണിയോട് ഷീലാ ദീക്ഷിത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പുറത്ത് ഡി എം ആര്‍ സിക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കരുതെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയോട് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഡല്‍ഹി മെട്രോക്ക് തന്നെ നിതാന്ത പരിപാലനം അനിവാര്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മെട്രോ നെറ്റ്‌വര്‍ക്കിന്റെ വികസനത്തിന് ഹരിയാന, ഉത്തര്‍ പ്രദേശ് സര്‍ക്കാറുകള്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മാസ് റാപിഡ് ട്രാന്‍സിറ്റ് സംവിധാനത്തിന്റെ മന്ത്രിസമിതിയുടെ തലവനായ ആന്റണിക്ക് ദീക്ഷിത് കത്തയച്ചത്.
മന്ത്രിസഭാ സമിതിയോടും ഡി എം ആര്‍ സിയില്‍ 50 ശതമാനം ഓഹരിയുള്ള ഡല്‍ഹി സര്‍ക്കാറിനോടും ചര്‍ച്ച ചെയ്യാതെ പ്രഖ്യാപനങ്ങള്‍ നടത്തരുത്. ഒരു പതിറ്റാണ്ട് മുമ്പാണ് ഡല്‍ഹി മെട്രോ നിര്‍മാണം പൂര്‍ത്തിയായത്. ഇപ്പോഴത് ക്ഷയോന്മുഖമായിരിക്കുന്നു. അതിനാല്‍, അറ്റകുറ്റപ്പണിക്കും മറ്റ് പരിപാലനത്തിനും നിതാന്ത ജാഗ്രത അനിവാര്യമായിരിക്കുന്നു. ഡല്‍ഹിയില്‍ മൂന്നാം ഘട്ട മെട്രോ വികസനത്തിന്റെ പണിയിലാണ് ഡി എം ആര്‍ സി ഇപ്പോള്‍. നാലാം ഘട്ടത്തിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നുമുണ്ട്. പ്രാഥമിക പഠനങ്ങള്‍ നടന്ന മോണോ റെയിലിന്റെ നിര്‍മാണവും ഡി എം ആര്‍ സിയെയാണ് ഏല്‍പ്പിച്ചത്. ദീക്ഷിത് പറഞ്ഞു. ഡല്‍ഹി മെട്രോക്ക് വന്‍ തോതില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. ഇത് കഠിനമായ യത്‌നമാണ്. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഡി എം ആര്‍ സിയെ ഉപയോഗിക്കുന്നത് തലസ്ഥാനത്തെ പ്രവര്‍ത്തനത്തെയും പരിപാലനത്തെയും ബാധിക്കുമെന്നും കഴിഞ്ഞ മാസം ആന്റണിക്കെഴുതിയ കത്തില്‍ ദീക്ഷിത് പറഞ്ഞു. തന്റെ സര്‍ക്കാറിനോട് കൂടിയാലോചിക്കാതെ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തരുതെന്ന് ഹരിയാനയോടും ഉത്തര്‍ പ്രദേശിനോടും നിര്‍ദേശിക്കണമെന്നും അവര്‍ ആന്റണിയോട് ആവശ്യപ്പെട്ടു.