Connect with us

Kerala

കമ്യൂണിറ്റി ഓറിയന്റഡ് പോലീസ്; വിരമിച്ചവരെ ഉപയോഗിക്കും: ഡി ജി പി

Published

|

Last Updated

കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസുകാരെ ഉള്‍പ്പെടുത്തി കമ്യൂണിറ്റി ഓറിയന്റഡ് പോലീസ് സേന രൂപവത്കരിക്കുമെന്ന് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം.
സംസ്ഥാന പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീശയും കുറുവടിയും കാട്ടി ജോലി ചെയ്യുന്ന പോലീസിന്റെ കാലം കഴിഞ്ഞു. സൗഹൃദ പോലീസും ജനമൈത്രി പോലീസും വിജയിച്ചതോടെ അടുത്ത പദ്ധതിയെന്ന നിലക്കാണ് കമ്യൂണിറ്റി ഓറിയന്റഡ് പോലീസ് പദ്ധതിക്ക് രൂപം നല്‍കുന്നത്.
ജനമൈത്രി പോലീസിന്റെ വികസിത രൂപം എന്ന നിലയിലാകും ഇത് പ്രവര്‍ത്തനം ആരംഭിക്കുക. മുപ്പതിനായിരത്തോളം വരുന്ന വിരമിച്ച പോലീസുകാരെ ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വോളണ്ടിയേഴ്‌സ് എന്ന നിലയിലാകും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. അധികം പണച്ചെലവ് വരാത്തവിധമാകും രൂപകല്‍പ്പനയെന്നതിനാല്‍ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ അറുപത് വയസ്സ് കഴിഞ്ഞാല്‍ ഇന്‍ഷ്വറന്‍സില്‍ ചേരാനാകില്ല. അതിനാല്‍ സര്‍വീസ് കഴിയുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇത് നടപ്പാക്കാന്‍ അസോസിയേഷന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറുമായും ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ഇതിനാവശ്യമായ ചര്‍ച്ച നടത്തണം. യോഗത്തില്‍ കേരള സ്റ്റേറ്റ് പോലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു.

Latest