ജില്ലയിലേക്കമുള്ള ഇന്ധനം വരവ് നിലക്കുന്നു; ഇന്ധന ക്ഷാമം നേരിടേണ്ടിവരുമെന്ന് പമ്പുടമകള്‍

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 11:34 pm
SHARE

കല്‍പ്പറ്റ: ജില്ലയില്‍ ഇന്ധന ക്ഷാമം രൂക്ഷമാവുന്നു. ഫറോക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിപ്പോയിലെ ടാങ്കര്‍ ലോറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്നാണ് ജില്ലയിലേക്കുള്ള ഇന്ധന വരവ് നിലച്ചു കൊണ്ടിരിക്കുന്നത്.

ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വയനാട് ജില്ലയേയാണ്. ജില്ലയില്‍ മൊത്തം 30 പമ്പുകളുള്ളതില്‍ 16 എണ്ണവും ഐ ഒ സിയുടേതാണ്. ബി പി സി, എച്ച് പി എന്നീ കമ്പനികളുടെ ഏഴു വീതവും പമ്പുകളും വയനാട്ടിലുണ്ട്. ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് ഐ.ഒ.സിയുടെ കൂടുതല്‍ പമ്പുകളുള്ളത്.
ഈ ടൗണുകളിലാണ് ഇന്ധനക്ഷാമം കൂടുതല്‍ രൂക്ഷമാവുക. ഇന്ന് കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആയതിനാല്‍ ഇന്നുതന്നെ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജില്ല അതിരൂക്ഷമായ ഇന്ധന ക്ഷാമം നേരിടേണ്ടിവരുമെന്നാണ് പമ്പുടമകള്‍ പറയുന്നത്.
കണ്ണൂര്‍ ജില്ലയിലെ റൂട്ട് പ്ലാനിംഗിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ മൊത്തം ഐ.ഒ.സി പമ്പുകളെയും ഉള്‍പ്പെടുത്തിയുള്ള സമരത്തിനെതിരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍, എ.ഡി.എം, ഡി.എസ്.ഒ എന്നിവരുമായി അസോസിയേഷന്‍ നേതാക്കള്‍ ചര്‍ച്ച നടത്തുകയുണ്ടായി.
നിര്‍ദിഷ്ട റൂട്ടില്‍ നിന്ന് ടാങ്കര്‍ലോറികള്‍ വഴി തിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതല്‍ ഫറോക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിപ്പോയിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. ഫറോക്ക് ഡിപ്പോയിലെ മൂന്നുറിലധികം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ചു ജില്ലകളിലേക്കാണ് ഫറോക്ക് ഡിപ്പോയില്‍ നിന്ന് ഇന്ധനം കൊണ്ടുപോവുന്നത്. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി.
ചെങ്ങോട്ടുകാവ് റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപണിയുടെ പേരിലാണ് റൂട്ട് തിരിച്ചുവിട്ടിരുന്നത്. റൂട്ട് തിരിച്ചതുമൂലം 60 കിലോമീറ്ററിലധികം കൂടുതല്‍ ഓടേണ്ടിവരികയാണെന്ന് തൊഴിലാളികള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here