Connect with us

Kerala

സഹോദരന് അന്ത്യ ചുംബനം നല്‍കാന്‍ ഷെര്‍ളിയില്ല; അവയവങ്ങള്‍ ആറ് പേര്‍ക്ക് താങ്ങാകും

Published

|

Last Updated

തിരുവനന്തപുരം:കൂടെപിറപ്പിന്റെ ദാരുണാന്ത്യം കേട്ട് ഓടിയെത്തിയ സഹോദരിയെയും വിധി വേട്ടയാടി. രണ്ട് ദിവസത്തെ ഇടവേളയില്‍ രണ്ട് ദുരന്ത വാര്‍ത്തകള്‍ ഒരുമിച്ചെത്തിയിട്ടും ആ കുടുംബം പതറിയതുമില്ല. ഷെര്‍ളിയുടെ അവയവങ്ങള്‍ ഇനി ആറ് കുടുംബങ്ങള്‍ക്ക് ജീവിതമാകും. ശനിയാഴ്ച രാത്രി സുഡാനില്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിച്ച കൊച്ചിയിലെ ലോഡ്‌സ് ഷിപ്പിംഗ് കമ്പനി സി ഒ രഞ്ജിത്തിന്റെ സഹോദരി കോഴിക്കോട് എരഞ്ഞിപ്പാലം മുണ്ടാങ്കല്‍ കാപ്പില്‍ വീട്ടില്‍ ഷേര്‍ളി (50)യുടെ അവയവങ്ങളാണ് ആറ് കുടുംബങ്ങള്‍ക്ക് താങ്ങായി മാറുന്നത്. ഒരമ്മ മനസ്സില്‍ കരുതിവച്ച അവയവദാനമെന്ന നന്മ മകന്റെ വാക്കുകളായി പുറത്തുവന്നപ്പോള്‍ ഇനി അത് ആറ് പേര്‍ക്ക് ജീവിതം നല്‍കും.

ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ അന്ത്യ ചുംബനം നല്‍കാന്‍ തിങ്കളാഴ്ച വൈകിട്ടാണ് ഷെര്‍ളി കോഴിക്കോട്ട് നിന്ന് സഹോദരി രഞ്ജിത്തിന്റെ വീടായ പേരൂര്‍ക്കടയിലെ മുത്തൂറ്റ് ഗ്രീന്‍വാലിയിലെത്തിയത്. സുഡാനില്‍ നിന്ന് മൃതദേഹം എത്താന്‍ വൈകുമെന്നറിഞ്ഞ് അവരെല്ലാം രഞ്ജിത്തിന്റെ പേരൂര്‍ക്കട കൃഷ്ണനഗറിലെ വീട്ടില്‍ തങ്ങി. ചൊവ്വാഴ്ച്ച രാത്രി 10.30ന് കോഴിക്കോടായിരുന്ന മകന്‍ ജിതിനുമായി സംസാരിച്ച് വീടിന്റെ പടിക്കെട്ടിറങ്ങുന്നതിനിടയില്‍ കാലു തെന്നി തല നിലത്തടിച്ച് ഷെര്‍ലി വീണു. ഉടനെ തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് അവരെ പട്ടം എസ് യു ടി ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ തലച്ചോറു തകര്‍ന്നതിനാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഡോക്ടര്‍മാര്‍ കോമ സ്‌റ്റേജ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ അവസാന ശ്രമവും വിഫലമായതോടെ ഷെര്‍ളി ഇനി ജീവിതത്തിലേക്കു തിരിച്ചു വരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. മരുന്നുകളുടെ സഹായത്തോടെ ഹൃദയമിടിപ്പ് നിലനിര്‍ത്തി.
ഷെര്‍ളിയുടെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍ മക്കളായ ജിതിന്‍, ടോം, ഷെര്‍ലിയുടെ പിതാവ് തോമസ് നെല്ലിവേലില്‍ എന്നിവരോട് ഡോക്ടര്‍മാര്‍ വിവരം ധരിപ്പിച്ചു. ഇതിനിടെയാണ് അവയവദാനത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്. ജീവിച്ചിരുന്നപ്പോള്‍ അവയവദാനത്തെക്കുറിച്ചുള്ള വാര്‍ത്ത കേട്ടപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ ജിതന്റെ മനസ്സിലേക്കോടിയെത്തി. പിതാവിനോടും ബന്ധുക്കളോടും സംസാരിച്ചു. അവര്‍ സമ്മതം മൂളിയതോടെ ഡോക്ടര്‍മാര്‍ ഉടന്‍ അമൃതയിലെ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടു. ഷേര്‍ളിയുടെ ബി നെഗറ്റീവ് രക്തം അമൃതയിലെത്തിച്ചു. ഹൃദയം, വൃക്കകള്‍, കരള്‍, കണ്ണുകള്‍ എന്നിവ ആവശ്യമുള്ള രോഗികളുടെ ലിസ്റ്റുമായി ഒത്തുനോക്കി. ഇതിനിടെ അവയവ കൈമാറ്റത്തിനായി ഡോ. ഉണ്ണികൃഷ്ണന്റെയും ഡോ. ദിനേശിന്റെയും നേതൃത്വത്തിലുള്ള സംഘം പട്ടം എസ് യു ടിയിലേക്കും തിരിച്ചു. തിരുവനന്തപുരത്തെത്തിയ ഇവര്‍ അവയവങ്ങള്‍ ഏറ്റുവാങ്ങി അമൃതയിലേക്ക് മടങ്ങി. ഹൃദയവും രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ആറ് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.

Latest