റെയില്‍വേയെ അഴിമതിവിമുക്തമാക്കണം

Posted on: May 6, 2013 12:39 am | Last updated: May 6, 2013 at 12:41 am
SHARE

siraj copyഅഴിമതിയാരോപണ വേലിയേറ്റങ്ങള്‍ക്കിടയില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് റെയില്‍വേ അഴിമതിക്കഥയും തലമുതിര്‍ന്ന മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ആരോപണങ്ങളും. റെയില്‍വേയില്‍ സ്ഥാനക്കയറ്റത്തിന് ബോര്‍ഡംഗം മഹേഷ് കുമാറില്‍ നിന്ന് കൈക്കൂലി വാങ്ങിയ ബന്‍സാലിന്റെ അനന്തിരവനെ സി ബി ഐ കൈയോടെ പിടികൂടിയിരിക്കയാണ്. അവിഹിത സാമ്പത്തിക നേട്ടത്തിന് സാധ്യതയുള്ള റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതല പതിച്ചുകിട്ടാന്‍ പത്ത് കോടിക്ക് കരാര്‍ ഉറപ്പിച്ച ശേഷം ആദ്യ ഗഡുവായ 90 ലക്ഷം രൂപ കൈപ്പറ്റിയപ്പോഴാണ് മന്ത്രി ബന്ധുവായ വിജയ് സിംഗ്ലയെ ചണ്ഡിഗഢില്‍ വെച്ച് അറസ്റ്റ് ചെയ്തതെന്നും സി ബി ഐ പറയുന്നു.
തന്റെ അറിവോ, അനുമതിയോ ഇല്ലാതെയാണ് ഇടപാട് നടന്നതെന്ന് മന്ത്രി ബന്‍സാല്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷ സമ്മര്‍ദം മുറുകുകയാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തത്കാലം മന്ത്രി രാജിവെക്കേണ്ടെന്നാണ് കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുമായി ബന്ധപ്പെട്ട അധികാരങ്ങളെല്ലാം ഡല്‍ഹിയിലെ റെയില്‍ ഭവന്‍ കേന്ദ്രീകരിച്ചുള്ളതാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട ഇടപാടുകളും ഉന്നത നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളുമെല്ലാം റെയില്‍വേ ബോര്‍ഡ് തലത്തിലാണ് തീരുമാനിക്കുന്നത്. ഏഴംഗ ബോര്‍ഡാണ് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നിയോഗിക്കപ്പെട്ട ഭരണനിര്‍വഹണ വിഭാഗം. അഴിമതിക്ക് വളക്കൂറുണ്ടാക്കുന്നതിന് മൂലകാരണവും ഈ അധികാര കേന്ദ്രീകരണമാണെന്ന് പല പഠന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അംഗങ്ങള്‍ വിരമിച്ചാല്‍ പോലും പകരക്കാരെ നിയമിക്കാന്‍ വൈകുന്നത് ഭരണതലത്തില്‍ കോഴയും കൈക്കൂലിയും വീതിക്കുന്നതിലെ ‘ഐക്യം’ ഒന്നുകൊണ്ടുമാത്രമാണ്.
ജോലി ലഭിക്കാനായി കൈക്കൂലി നല്‍കുകയും അതുവഴി തട്ടിപ്പിനിരയാകുകയും ചെയ്യുന്നത് റെയില്‍വേയില്‍ സ്ഥിരം സംഭവമായിട്ടുണ്ട്. 2011ല്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് മുംബൈ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എസ് എം ശര്‍മയെയും മകന്‍ വിവേകിനെയും സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. ലക്‌നോ, കൊല്‍ക്കത്ത, ഹൈദരബാദ് തുടങ്ങിയ റെയില്‍വേ ഡിവിഷന്‍ കേന്ദ്രങ്ങളിലെ റെയില്‍വേ റിക്രൂട്ട്‌മെന്റ തട്ടിപ്പ് സംഭവങ്ങളുടെ പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ പിടിയിലായിട്ടുണ്ട്.
റെയില്‍വേ നിയമനങ്ങള്‍ക്കായി റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് നിയമനങ്ങള്‍ നടത്തുന്നത്. പേരിന് വിജ്ഞാപനവും എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും നടത്താറുണ്ടെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലും നടത്താതെ പണം വാങ്ങിയും കൈക്കൂലി കൈപ്പറ്റിയും സ്വന്തക്കാരെയും ബന്ധക്കാരെയും തിരുകിക്കയറ്റുന്നതില്‍ ബോര്‍ഡ് അംഗങ്ങള്‍ ഒറ്റക്കെട്ടാണ്. ഇവരെ സഹായിക്കാന്‍ പുറത്ത് ദല്ലാളന്മാരും രാഷ്ട്രീയ ലോബിയും സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. വ്യാജ ദല്ലാളന്മാര്‍ രംഗപ്രവേശം ചെയ്തതോടെയാണ് തട്ടിപ്പും വെട്ടിപ്പും പുറം ലോകമറിയുന്നതും വഞ്ചിക്കപ്പെടുന്നവര്‍ പരാതിയുമായി എത്തുന്നതും. റെയില്‍വേയിലെ ഏറെ ഉത്തരവാദിത്വങ്ങളും അധികാരവുമുള്ള പദവികളില്‍ എത്തിപ്പെടുന്നവര്‍ നിര്‍ദിഷ്ട യോഗ്യതയും കാര്യപ്രാപ്തിയുമുള്ളവരാണോയെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും നിലവിലില്ലെന്നറിയുമ്പോഴാണ് റെയില്‍വേ എന്ന കറക്കുകമ്പനിയുടെ ഉള്ളുകള്ളികള്‍ പുറത്താകുന്നത്.
ഭരണതലത്തില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയും വെട്ടിപ്പും തട്ടിപ്പും ഉദ്യോഗസ്ഥ- രാഷ്ട്രീയ അവിഹിത കൂട്ടുകെട്ടിന്റെ ഫലമായി പുറം ലോകമറിയാറില്ല. ഭരണമാറ്റ സൂചന ലഭിക്കുമ്പോഴോ, രാഷ്ട്രീയ നേതൃത്വവുമായി വിഘടിക്കുമ്പോഴോ ഉദ്യോഗസ്ഥര്‍ തന്നെയാണ് വെട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവരുന്നത്. പലപ്പോഴും ഭരണക്കാരുടെ ചട്ടുകമെന്ന ദുഷ്‌പേര് സമ്പാദിക്കേണ്ടിവന്ന സി ബി ഐ തന്നെയാണ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന കോഴക്കേസുകള്‍ പുറത്തുകൊണ്ടുവന്നതെന്നതും ശ്രദ്ധേയമാണ്.
സാമ്പ്രദായിക രീതികള്‍ പൊളിച്ചെഴുതാനും കാലോചിത പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്താനും നിയോഗിതരായ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ ഭരണകൂടത്തില്‍ നിന്നുണ്ടാകേണ്ടത്. നിയമനങ്ങള്‍ ബോര്‍ഡ് തലത്തില്‍ നിന്ന് എടുത്തുമാറ്റി യു പി എസ് സിക്ക് വിടാന്‍ തയ്യാറായാല്‍ ഒരു പരിധിവരെ അഴിമതി തടയാനാകും. ബോര്‍ഡ് ചെയര്‍മാനു കീഴില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരില്ലെന്നത് റെയില്‍വേ ഭരണ വിഭാഗത്തിലെ ഏറ്റവും വലിയ ന്യൂനതയായേ കാണാനാകൂ. കാര്യപ്രാപ്തിയുള്ള വിജിലന്‍സ് സംവിധാനത്തിന് രൂപം നല്‍കിയാല്‍ അഴിമതിക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്ന് മാത്രമല്ല, ബോര്‍ഡിനെ ജാഗ്രത്താക്കാനും സാധിക്കും.