രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റ് വിജയം

Posted on: May 4, 2013 1:43 am | Last updated: May 4, 2013 at 6:45 am
SHARE

Pepsi IPL - Match 47 KKR v RRകൊല്‍ക്കത്ത:രാജസ്ഥാന്‍ റോയല്‍സിനെതിരേ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തനൈറ്റ് റൈഡേഴ്‌സിന് എട്ടു വിക്കറ്റ് വിജയം. ഈ ജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തു.

പുറത്താകാതെ 49 റണ്‍സെടുത്ത യൂസഫ് പത്താന്റെ മികവിലായിരുന്നു കൊല്‍ക്കത്ത 16 പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നത്. ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ ആയുളളു.

36 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സുമടക്കം 40 റണ്‍സെടുത്ത മലയാളി താരം സഞ്ജു വി. സാംസണ്‍ ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. കഴിഞ്ഞ മത്സരങ്ങളിലും തിളങ്ങിയ സഞ്ജു ടീമിന് അനിവാര്യനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. ഷെയ്ന്‍ വാട്‌സണ്‍ 35 റണ്‍സും ഒവെയ്‌സ് ഷാ 24 റണ്‍സുമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയ്ക്ക് ക്യാപ്റ്റന്‍ ഗംഭീറിനെ (12 റണ്‍സ്) ആദ്യമേ നഷ്ടമായിരുന്നു. 29 റണ്‍സെടുത്ത ബിസ്‌ലയെയും പിന്നീട് നഷ്ടമായെങ്കിലും ക്രീസില്‍ ഒരുമിച്ച കാലിസും യൂസഫ് പത്താനും ടീമിന് അനായാസ ജയം നല്‍കുകയായിരുന്നു. കാലിസ് പുറത്താകാതെ 33 റണ്‍സെടുത്തു.