Connect with us

International

പാക് ജയിലുകളിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: ആംനസ്റ്റി

Published

|

Last Updated

ലണ്ടന്‍: പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ക്ക് സാധിക്കണമെന്ന് ആംനസ്റ്റി. ലഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആംനസ്റ്റിയുടെ പ്രസ്താവന. സഹതടവുകാരുടെ നിരന്തരമായുള്ള പീഡനത്തില്‍ നിന്ന് സരബ്ജിത്തിനെ സംരക്ഷിക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നത് വ്യക്തമാണെന്ന് ആംനസ്റ്റി ഏഷ്യന്‍ മേഖലാ ഡയറക്ടര്‍ പോളി ട്രസ്‌കോട് വ്യക്തമാക്കി.
സരബ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠവും വിവേചനരഹിതവുമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയില്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഹോറിലെ ലക്ബാത് ജയിലിലടക്കം ഇന്ത്യന്‍ പൗരന്‍മാരുള്ള എല്ലാ ജയിലുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കരുതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാഹോര്‍ ജയിലില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെടുന്നത്.

Latest