12 വിദ്യാലയങ്ങള്‍ക്ക് മികവിനുള്ള അംഗീകാരം

Posted on: April 30, 2013 9:10 pm | Last updated: April 30, 2013 at 9:10 pm

ദുബൈ: നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെ എച്ച് ഡി എ) വിദ്യാലയങ്ങളുടെ നിലവാരം സംബന്ധിച്ച റിപോര്‍ട്ട് പുറത്തു വിട്ടു.

എമിറേറ്റിലെ വിദ്യാലയങ്ങളുടെ നിലവാരം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്ന പരമോന്നത സമിതിയായ ദുബൈ സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ ബ്യൂറോ(ഡി എസ് ഐ ബി)ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ എച്ച് ഡി എ പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 12 വിദ്യാലയങ്ങളാണ് എമിറേറ്റില്‍ ഏറ്റവും മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ഒമ്പതും യു കെ പാഠ്യപദ്ധതി പിന്തുടരുന്നവയാണ്.
രണ്ട് ഇന്ത്യന്‍ വിദ്യാലയങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഒരെണ്ണം യു എസ് പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 10 വിദ്യാലയങ്ങളായിരുന്നു. 2008 മായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനം ഉയര്‍ച്ചയാണ് വിദ്യാലയങ്ങളുടെ നിലവാരത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഡി എസ് ഐ ബി മേധാവി ജമീല അല്‍ മുഹൈരി വ്യക്തമാക്കി.
ഇന്ത്യന്‍ ഹൈസ്‌കൂള്‍, ദുബൈ മോഡേണ്‍ ഹൈസ്‌കൂള്‍ എന്നിവയാണ് ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ വിദ്യാലയങ്ങള്‍. കിംഗ്‌സ് ദുബൈ, ജെംസ് വെല്ലിഗ്ടണ്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍, ജുമൈറ കോളജ്, ജുമൈറ ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂള്‍, ദുബൈ കോളജ്, ജെംസ് ജുമൈറ പ്രൈമറി സ്‌കൂള്‍, ജുമൈറ ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂള്‍ അറേബ്യന്‍ റാഞ്ചസ്, ജെംസ് ദുബൈ അമേരിക്കന്‍ അക്കാഡമി, ദുബൈ ഇംഗ്ലീഷ് സ്പീക്കിംഗ് കോളജ്, ഹൊറിസോണ്‍ സ്‌കൂള്‍ എന്നിവയാണ് പട്ടികയില്‍ ഏറ്റവും മികച്ചവയായി സ്ഥാനം പിടിച്ച മറ്റ് വിദ്യാലയങ്ങള്‍. 143 വിദ്യാലയങ്ങളിലാണ് 2012 ഒക്ടോബറിനും 2013 ഏപ്രിലിനും ഇടയില്‍ കെ എച്ച് ഡി എ പരിശോധന നടത്തിയത്. 51 വിദ്യാലയങ്ങള്‍ നല്ല നിലവാരമുള്ളവയും 67 എണ്ണം സ്വീകരിക്കാവുന്ന നിലവാരമുള്ളവയുമായി കണ്ടെത്തി. 13 വിദ്യാലയങ്ങളാണ് തൃപ്തികരമല്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെട്ടത്.
ദുബൈയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ 63 എണ്ണം നല്ലതോ ഭേദപ്പെട്ടതോ ആയ വിദ്യഭ്യാസമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇത് കാണിക്കൂന്നത് ദുബൈയില്‍ പഠിക്കുന്ന പകുതി കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുവെന്നാണ്. എന്നാല്‍ 80 വിദ്യാലയങ്ങള്‍ യാതൊരു വിധത്തിലുള്ള പുരോഗതിയും വിദ്യഭ്യാസം നല്‍കുന്നതിലോ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലോ കൈവരിച്ചിട്ടില്ലെന്നും ജമീല പറഞ്ഞു. യു കെ, ഐ ബി പാഠ്യപദ്ധതികള്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലെ പഠന നിലവാരം പൊതുവില്‍ മികച്ചതാണ്.
1,08,098 കുട്ടികളാണ് ദുബൈയില്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നത് സ്വകാര്യ മേഖലയില്‍ പഠിക്കുന്ന മൊത്തം കുട്ടികളുടെ 49 ശതമാനം വരുമിത്. ദുബൈ ഇംഗ്ലീഷ് സ്പീക്കിംഗ് കോളജും ഹൊറിസോണ്‍ സ്‌കൂളൂമാണ് നിലവാരം മെച്ചപ്പെടുത്തിയത്. കഴിഞ്ഞ തവണ നല്ല വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവ ഇപ്പോള്‍ ഏറ്റവും മികച്ച ഗണത്തിലേക്ക് എത്തിയിരിക്കയാണ്.
കഴിഞ്ഞ പരിശോധനാ സമയത്ത് മികച്ച ഗണത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയം താഴോട്ട് പോയി. രണ്ട് വിദ്യാലയങ്ങള്‍ നല്ലവയില്‍ നിന്നും സ്വീകരിക്കാവുന്ന വിഭാഗത്തിലേക്കും താഴ്ന്നു. എമിറേറ്റില്‍ 2,25,000 കുട്ടികളാണ് സ്വകാര്യ വിദ്യാലയങ്ങളില്‍ വിദ്യ തേടുന്നതെന്നും അവര്‍ പറഞ്ഞു.