Connect with us

International

ചൈനയുടെ ടെന്റ് നിര്‍മാണം വീണ്ടും

Published

|

Last Updated

ലേ/ ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിയതിനു പിന്നാലെ ഒരു ടെന്റ് കൂടി ചൈനീസ് സൈന്യം നിര്‍മിച്ചു. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി സെക്ടറിലാണ് ചൈനീസ് സൈന്യം ടെന്റ് നിര്‍മിച്ചത്. ഇതോടെ കൈയേറിയ പ്രദേശത്ത് ചൈന നിര്‍മിച്ച ടെന്റുകളുടെ എണ്ണം അഞ്ചായി. പ്രദേശത്ത് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി നായ്ക്കളെയും ചൈന വിന്യസിച്ചിട്ടുണ്ട്.ക്യാമ്പിന്റെ പുറത്ത് “നിങ്ങള്‍ ചൈനയുടെ പ്രദേശത്താണ്” എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പി എല്‍ എ) മൊളസ്സര്‍ വിഭാഗത്തില്‍പ്പെട്ട നായകളും മേഖലയില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ കാവല്‍ നില്‍ക്കുന്നതിന് കഴിവുള്ള നായകളാണിവ. സൈന്യത്തിന്റെ കൈവശം ശക്തമായ ആയുധങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി സെക്ടറില്‍ നിയന്ത്രണ രേഖ ലംഘിച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പത്ത് കിലോമീറ്റര്‍ ഉള്ളില്‍ തമ്പടിച്ചത്. ഇതിന് പുറമെ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇവിടെയെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നടത്തിയ മൂന്ന് ഫഌഗ് മീറ്റുകളും പരാജയപ്പെട്ടതിന് പിന്നാലെയാണ് അഞ്ചാമത്തെ ടെന്റ് ചൈനീസ് സൈന്യം നിര്‍മിച്ചത്. മേഖലയില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ ടി ബി പി) പട്രോളിംഗ് നടത്തുന്നുണ്ട്. നേരത്തെ കൈയേറിയ പ്രദേശത്ത് നിന്ന് ഒമ്പത് കിലോമീറ്റര്‍ മാറിയാണ് ചൈനീസ് സൈന്യം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്നത്. ദൗലത് ബേഗ് ഓള്‍ഡി സെക്ടറില്‍ പതിനെട്ട് കിലോമീറ്ററോളം അതിര്‍ത്തി കൈയേറിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് പതിനേഴായിരം അടി ഉയരത്തിലാണ് ഈ സെക്ടര്‍.

ഐ ടി ബി പി സൈനികരെ കൂടുതലായി വിന്യസിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതിനിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐ ടി ബി പിക്കൊപ്പം ലഡാക്ക് സ്‌കൗട്‌സിനെയും ആര്‍മി റെജിമെന്റിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

 

Latest