Connect with us

Gulf

കുടല്‍ രോഗം: ലക്ഷം പേരില്‍ നാലു മരണമെന്ന് വിദഗ്ധര്‍

Published

|

Last Updated

അബുദാബി: കുടല്‍ സംബന്ധമായ രോഗങ്ങളാല്‍ ലക്ഷത്തിന് നാലു മരണം വീതം യു എ ഇയില്‍ സംഭവിക്കുന്നതായി വിദഗ്ധര്‍. അഞ്ചു വയസിന് താഴെയുളള കുട്ടികളിലാണ് രോഗം മരണകാരണമായി മാറുന്നതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത് കൂടുതല്‍ പ്രതിരോധ കുത്തിവെപ്പ് ആവശ്യമാണെന്നാണ് തെളിയിക്കുന്നത്.
കുടല്‍ സംബന്ധമായ രോഗങ്ങളില്‍ വയറിളക്കമാണ് സാധാരണയായി മധ്യപൗരസ്ത്യദേശത്തെ കുട്ടികളില്‍ കാണുന്നതെന്ന് മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കേതാര്‍ ശരവണന്‍ അഭിപ്രായപ്പെട്ടു.
റോട്ടാവൈറസാണ് രോഗത്തിന് കാരണം. റോട്ടാവൈറസിനെതിരായി ആവശ്യമായ പ്രതിരോധ കുത്തിവെപ്പ എടുക്കാന്‍ മാത്രം അവബോധം സമൂഹത്തിനില്ലാത്തതാണ് രോഗത്തിനും മരണത്തിനും ഇടയാക്കുന്നത്. ഓരോ വര്‍ഷവും 25 ലക്ഷം കുട്ടികളെ പ്രതിരോധ കുത്തിവെപ്പിലൂടെ റോട്ടാവൈറസില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുന്നതായി എം എസ് ഡി ഗള്‍ഫിന്റെ എം ഡി മസെന്‍ അല്‍തരൂത്തി പറഞ്ഞു.
രാജ്യത്തെ സ്ത്രീകളില്‍ 2.2 ശതമാനം സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ദുരിതം അനുഭവിക്കുന്നതായി ഗൈനക്കോളജിസ്റ്റായ ഡോ. ആനി ഫിലിപ്പ് വ്യക്തമാക്കി. ഇതിന് കാരണമാവുന്ന എച്ച് പി വി(ഹ്യൂമണ്‍ പാപ്പിലോമ വൈറസ്) ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന പ്രധാന വൈറസില്‍ ഒന്നാണെന്നും അവര്‍ പറഞ്ഞു.

Latest