മുഹമ്മദന്‍സിനെ വീഴ്ത്തി രംഗ്ജീദ് യുനൈറ്റഡ് ഐ ലീഗിന്

Posted on: April 28, 2013 9:32 am | Last updated: April 28, 2013 at 9:32 am

ബംഗളുരു: മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഷില്ലോംഗ് ക്ലബ്ബ് രംഗ്ജീദ് യുനൈറ്റഡ് എഫ് സി ഐ ലീഗിന് യോഗ്യത നേടി. രണ്ടാം ഡിവിഷനിലെ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന രംഗ്ജീദ് പത്ത് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുകയും ചെയ്തു. ഇത്രയും മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുള്ള മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് നേരത്തെ തന്നെ ഐ ലീഗ് ഫസ്റ്റ് ഡിവിഷനിലേക്ക് യോഗ്യത നേടിയിരുന്നു. മേഘാലയ ക്ലബ്ബിന്റെ തകര്‍പ്പന്‍ പ്രകടനം ഭവാനിപുര്‍ എഫ് സിയുടെ സാധ്യതകള്‍ അടച്ചു. നിര്‍ണായക മത്സരത്തില്‍ ഭവാനിപുര്‍ എഫ് സി 5-3ന് മുംബൈ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
2011 ല്‍ രണ്ടാം ഡിവിഷന്‍ അവസാന റൗണ്ടില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രംഗ്ജീത് തങ്ങളുടെ ദിവസം വരുമെന്ന പ്രതീക്ഷ കൈവിടാതെ പൊരുതുകയായിരുന്നു. മുഹമ്മദന്‍സിനെതിരെ മേഘാലയ ടീമിന് വലിയ സാധ്യതകള്‍ കല്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അഞ്ചാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ രംഗ്ജീത് മുന്നിലെത്തി. സ്‌പോര്‍ട്ടിംഗ് താരം ചാള്‍സ് ഡിസിയയാണ് അബദ്ധഗോളടിച്ചത്. നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ റെസ്‌തോം റിയാം സ്‌കോര്‍ 2-0 ആക്കി. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ജെറി സിര്‍സിംഹയിലൂടെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ആദ്യ ഗോള്‍ മടക്കി. എന്നാല്‍, രണ്ട് മിനുട്ടിനുള്ളില്‍ ഷിന്‍ ഹോജുന്‍ മുഹമ്മദന്‍സിന്റെ വലയില്‍ മൂന്നാം ഗോള്‍ കയറ്റി. മനോഹരമായ സോളോ ഗോളായിരുന്നു ഇത്.
കിക്കോഫ് മുതല്‍ക്ക് മനോഹരമായ പാസുകളുമായി കളം നിറഞ്ഞ മേഘാലയന്‍ ടീം കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. മുംബൈ ടൈഗേഴ്‌സിനോട് മുപ്പത്തേഴാം മിനുട്ടില്‍ 1-0ന് പിറകിലായ ഭവാനിപുര്‍ എഫ് സി തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. സുര്‍കുമാര്‍ സിംഗിന്റെ ഗോളില്‍ ലീഡെടുത്ത ടൈഗേഴ്‌സിനെ ഭവാനിപുര്‍ എഫ് സി സമനില പിടിച്ചത് സ്‌നേഹാശിഷ് ദത്തയുടെ ഗോളില്‍. ജോസ് റാമിറെസ് ബരേറ്റോ, ജഗന്നാഥ് സന, അഭിനിയാഷ് റുഡിയാസ്, ഹഡ്‌സന്‍ ലിമ സില്‍വ ഭവാനിപുര്‍ എഫ് സിക്കായി ലക്ഷ്യം കണ്ടപ്പോള്‍ മുംബൈ ടൈഗേഴ്‌സിന്റെ മറ്റ് രണ്ട് ഗോളുകള്‍ ദുര്‍ഗ ബൊറോ നേടി. പത്ത് മത്സരങ്ങളില്‍ പതിനേഴ് പോയിന്റോടെ ഭവാനിപുര്‍ എഫ് സി മൂന്നാം സ്ഥാനത്തും ഒമ്പത് പോയിന്റോടെ മുംബൈ ടൈഗേഴ്‌സ് നാലാം സ്ഥാനത്തുമായി.