ഓപ്പണ്‍ സ്‌കൂള്‍ മേഖലാ കേന്ദ്രം: സിവില്‍ സ്റ്റേഷനില്‍ സ്ഥലം പരിഗണിക്കും

Posted on: April 28, 2013 3:43 am | Last updated: April 28, 2013 at 3:46 am

മലപ്പുറം: ജില്ലക്ക് അനുവദിച്ച ഓപ്പണ്‍ സ്‌കൂള്‍ മേഖലാ കേന്ദ്രത്തിന് സിവില്‍ സ്റ്റേഷനില്‍ സ്ഥലം അനുവദിക്കുന്നത് റവന്യൂ വകുപ്പിന്റെ പരിഗണനയിലാണെന്ന് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി ഹനീഫ പുതുപ്പറമ്പാണ് വിഷയം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാനത്ത് ഓപ്പണ്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ജില്ലയില്‍ നിന്നാണ്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളള ആറ് വടക്കന്‍ ജില്ലകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ക്ക് മേഖലാ കേന്ദ്രം പ്രയോജനപ്പെടും. ഈ സാഹചര്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ കോടതിയുടെ പരിസരത്ത് എക്‌സൈസ് വകുപ്പിനായി നീക്കിവെച്ച 50 സെന്റ് സ്ഥലത്തില്‍ നിന്നും 25 സെന്റ് സ്ഥലം ഓപ്പണ്‍ സ്‌കൂള്‍ കേന്ദ്രത്തിന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരായ ജൂനിയര്‍ പബഌക് ഹെല്‍ത്ത് നേഴ്‌സുമാരുടെ അനുപാതം 5000 പേര്‍ക്ക് ഒരാള്‍ എന്നാണെങ്കിലും ജില്ലയില്‍ ഈ അനുപാതം പാലിക്കപ്പെടുന്നില്ലെന്നും അതിനാല്‍ ജില്ലയില്‍ നിയമിക്കപ്പെട്ടവര്‍ ഇവിടെ തന്നെ ജോലിചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ പ്രതിനിധി സലീം കുരുവമ്പലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.
തൃക്കണാപുരം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്നും ഇരുമ്പിലിയം പഞ്ചായത്തിലെ പുറമണ്ണൂരില്‍ ജപ്പാന്‍ കുടിവെളള പദ്ധതി പ്രവര്‍ത്തനക്ഷമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. റിവര്‍ മാനെജ്‌മെന്റ് ഫണ്ടില്‍ നിന്നും സ്ഥിരം തടയണ നിര്‍മാണത്തിനായി 12 കോടിയുടെ ഭരണാനുമതി ലഭിച്ചതായും കലക്ടര്‍ അറിയിച്ചു. വേങ്ങരയില്‍ രണ്ടും മങ്കടയില്‍ ഒന്നും തടയണ നിര്‍മാണം ഇന്ന് തുടങ്ങും. മലപ്പുറം ഗവ. ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിന് കെട്ടിട നിര്‍മാണത്തിന് വിശദമായ പ്രൊപ്പോസല്‍ നല്‍കാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ ജനപ്രതിനിധികളുടെ പ്രതിനിധികളായ സലിം കുരുവമ്പലം, ജാഫര്‍ വെളേളക്കാട്ട്, ഹനീഫ പുതുപറമ്പ്, കെ സി കുഞ്ഞുമുഹമ്മദ് എന്നിവരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശശികുമാര്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.