മാറ്റത്തിന്റെ നാക്കും വാക്കും

Posted on: April 27, 2013 11:57 pm | Last updated: April 28, 2013 at 3:48 am

സമൂഹത്തിന്റെ ശരിയായ മുന്നേറ്റത്തിനും സന്തുലിതത്വം നിലനിര്‍ത്തുന്നതിന് ജീവിതത്തെ സമരമാക്കിയേ പറ്റൂ. രക്തസാക്ഷികളുടെ ചോരത്തുള്ളികള്‍ കൊണ്ട് പുളകമണിഞ്ഞ പൈതൃകത്തെ നാം മറന്നുകൂടാ. അവരുടെ വഴിയേ നമുക്കും സഞ്ചരിക്കണം. നാക്കും വാക്കും മാറ്റത്തിന്റെ ആയുധങ്ങളായി മാറണം. ഒരൊറ്റ ദൈവം ഒരൊറ്റ മനുഷ്യന്‍ എന്ന പ്രവാചക പ്രഖ്യാപനം ദിഗന്തങ്ങള്‍ മുഴങ്ങണം.

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ഒരു വീണ്ടുവിചാരത്തിന് സമൂഹത്തെ സജ്ജമാക്കുകയാണ്. ‘സമരമാണ് ജീവിതം’ എന്ന പ്രമേയം കര്‍ത്തവ്യം മറക്കുന്ന യുവ സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. പ്രതികരണ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തോടാണ് ഈ മുന്നറിയിപ്പ്. സാമ്രാജ്യത്വവും മുതലാളിത്തവും കൈനീട്ടിത്തന്ന സുഖലോലുപതയില്‍ മതിമറന്നാടുന്ന ആബാലവൃദ്ധം ജനം ഇന്ന് ഒന്നിനോടും പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ്. വിനോദം പണ്ട് വിശ്രമം ആസ്വാദ്യമാക്കാനുള്ള ഉപാധി മാത്രമായിരുന്നു. ഇന്നോ, ജീവിതം മുഴുക്കെ വിനോദമായിരിക്കുന്നു. ടി വിയും കോമിക്കുകളും ഫണ്‍ സിറ്റികളും വാട്ടര്‍ തീം പാര്‍ക്കുകളും എല്ലാം മനുഷ്യനെ മടിയനാക്കുന്നു. യുവത്വം നിഷ്‌ക്രിയമാകുകയാണ്. ലോകം തന്നെ കുലുങ്ങിയാലും ഞാനൊന്നുമറിഞ്ഞില്ലെന്ന മട്ടിലാണ് നമ്മുടെ ഇരിപ്പ്. പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ വേദന പോലും ആസ്വദിക്കുന്ന പ്രേക്ഷകരുടെ ലോകമാണിത്.
അടിമകളെ സിംഹത്തിനു മുന്നിലെറിഞ്ഞ് ആ പാവം മനുഷ്യരെ കടിച്ചു കീറുന്നത് കണ്ട് ചിരിച്ചു രസിക്കുന്ന രാജാക്കന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇന്ന് സാധാരണക്കാരും ഈ രാജാക്കന്മാരെപ്പോലെയായി. അപകടത്തില്‍ പിടഞ്ഞു മരിക്കുന്നത് പോലും മൊബൈലില്‍ പകര്‍ത്തി എസ് എം എസ് അയക്കാനാണ് തിടുക്കം. മരിക്കും നേരം ഒരു തുള്ളി പ്രാണജലം കൊടുക്കാന്‍ പോലും മനസ്സനുവദിക്കുന്നില്ല. കാരണം, ജീവിതം ആരും സീരിയസ്സായി കാണുന്നില്ല. എന്തിന്, മരണം പോലും എങ്ങനെ ആസ്വാദ്യമാക്കാമെന്നാണ് ചിന്തിക്കുന്നത്. മരിക്കുമെന്ന ചിന്ത തന്നെയില്ല. ദുരന്തങ്ങളെത്രയോ ദൈവം തരുന്നു. സുനാമികളായും ഭൂകമ്പങ്ങളായും ദൈവിക പരീക്ഷണങ്ങള്‍ നമ്മെ വേട്ടയാടുന്നു. എന്നിട്ടും മരണത്തെക്കുറിച്ച് ഓര്‍ക്കാന്‍ നേരം കിട്ടുന്നില്ല. മരണത്തെക്കുറിച്ചോര്‍ക്കുന്നവനേ സമരത്തെക്കുറിച്ച് ബോധമുണ്ടാകൂ.
ജീവിതം കര്‍മവുമായി ബന്ധപ്പെട്ടതാണ്. കര്‍മമാണ് സ്വര്‍ഗവും നരകവും സൃഷ്ടിക്കുന്നത്. നന്മയും തിന്മയും കര്‍മത്തിന്റെ ഫലങ്ങളാണ്. ജീവിതത്തെ സജീവമാക്കുന്നതും മാറ്റുന്നതും കര്‍മമാണ്. കര്‍മം തന്നെയാണ് ജീവിത സമരം. ജീവിതം ധന്യമാകണമെങ്കില്‍ സഹിച്ചും ത്യജിച്ചും ജീവിക്കണം. എന്നും സുഖം മാത്രം ആഗ്രഹിക്കാനാകില്ല. ദുഃഖമനുഭവിക്കുമ്പോഴേ സുഖത്തിന്റെ വിലയറിയൂ. ദുഃഖമുണ്ടാകുമ്പോള്‍ മാത്രം പടച്ച തമ്പുരാനെ സ്മരിക്കുന്നു. സുഖം വരുമ്പോള്‍ അവനെ വിസ്മരിക്കുന്നു. സാമൂഹിക ജീവിതത്തെപ്പറ്റി യുവതക്ക് വല്ല ബോധവുമുണ്ടോ?. ‘ഞാനും തട്ടാനും പൂച്ചയും മാത്രം’ എന്ന ഭാവത്തിലാണ് മനുഷ്യരധികവും.
മുതലാളിത്തവും സാമ്രാജ്യത്വവും മനുഷ്യന്റെ ശത്രുവാണ്. അവ നമ്മുടെ അടുക്കളയില്‍ വരെ വിലസുകയാണ്. ഈ ക്ഷുദ്ര ചിന്തകള്‍ ആവാഹിച്ചത് കൊണ്ട് നമുക്ക് പ്രതികരിക്കാനാകുന്നില്ല. ആരാധനകളൊക്കെ നേരമ്പോക്കിന് വേണ്ടി മാത്രമായിരിക്കുന്നു. പടിഞ്ഞാറിന്റെ പൊലിമയില്‍ നമ്മുടെ കണ്ണുകള്‍ മഞ്ഞളിച്ചിരിക്കയാണ്. നമ്മുടെ മനസ്സുകള്‍ക്ക് ഒരു ഉറപ്പുമില്ല. ചിന്തകളില്‍ നബി നായകന്റെ ചിത്രവുമില്ല. ആലസ്യത്തില്‍ കഴിഞ്ഞ സമൂഹത്തെക്കുറിച്ചുള്ള ഇഖ്ബാലിന്റെ പരിദേവനമാണിത്. അക്രമത്തിനും അഴിമതിക്കും ഈ ലോകത്ത് ഒരു പഞ്ഞവുമില്ല. കൊല്ലും കൊലയും സര്‍വത്ര. പണവും ശക്തിയും നിര്‍മാണത്തിനല്ല; സംഹാരത്തിനാണ് ഉപയോഗപ്പെടുത്തുന്നത്.
പാവപ്പെട്ടവന് നീതി സ്ഥിരമായി നിഷേധിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന ഭരണാധികാരികള്‍. സാമ്രാജ്യത്വ ശക്തികളുടെ കൈകളില്‍ നാടിനെ കൊലക്ക് കൊടുത്തിരിക്കുകയാണിവര്‍. സാമ്രാജ്യങ്ങള്‍ മരിക്കാതിരിക്കാന്‍ ഈ രാജ്യത്തെ പാവം പൗരന്‍ ചോര കൊടുക്കണമത്രേ. രാഷ്ട്രീയം ഈ മഹാ രാജ്യത്തെ രാക്ഷസന്മാരുടെ കൈകളിലേല്‍പ്പിച്ചിരിക്കുന്നു. ആര്‍ക്കും ഒരു ചേതവുമില്ലെന്ന മട്ടില്‍. അഴിമതികളൊക്കെ നാം കണ്ടു രസിച്ചു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമയിലെ വില്ലന്മാരെപ്പോലെയാണ് അഴിമതി വീരന്മാര്‍ ജയിലില്‍ പോകുന്നത്. കാരണം, അവര്‍ക്ക് കിട്ടാനുള്ളത് ജയിലിലെ സുഖലോലുപമായ ജീവിതമാണ്. സ്വന്തം ചെലവില്‍ സുഖിച്ചിരുന്നത് ഇനി സര്‍ക്കാറിന്റെ ചെലവിലാക്കാമെന്ന സമാധാനം പുറമെ. ഏതാനും മാസങ്ങള്‍ മാത്രം ജയിലില്‍ കഴിഞ്ഞ ഗോവിന്ദച്ചാമി പോലും എത്ര ശുജായിയായാണ് തിരിച്ചു വന്നത്.
സമുദായവും അനങ്ങാറപ്പാറ നയം സ്വീകരിക്കുകയാണ്. ദരിദ്രരെ നോക്കാന്‍ ആര്‍ക്കും നേരമില്ല. ദരിദ്രരുടെ പേരു പറഞ്ഞ് ധനികന്‍ സുഖിക്കുന്നു. യതീംഖാനകള്‍ പോലും സ്വാശ്രയ സ്ഥാപനങ്ങള്‍ക്കായി നെട്ടോട്ടമോടുകയാണ്. പാവപ്പെട്ടവന് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ. സക്കാത്ത് നക്കാപിച്ചയായിത്തീരുന്നു. സക്കാത്ത് കൊടുക്കാതിരിക്കാനുള്ള മാര്‍ഗമാണ് പലരും ആലോചിച്ചു കൊണ്ടിരിക്കുന്നത്. പള്ളി പണിയാന്‍ പോലും അകലെ നിന്ന് പണം വരുന്നതും കാത്തിരിപ്പാണ്. ആര്‍ക്കും വിയര്‍ക്കാന്‍ വയ്യ. സ്വര്‍ഗത്തിന് വേണ്ടി മരണം വരെ കാത്തിരിക്കാനും വയ്യ. സ്വര്‍ഗം ഭൂമിയില്‍ തന്നെ വേണം. കാലില്‍ മുള്ളു തറക്കുന്ന വേദന പോലും സഹിക്കാന്‍ തയ്യാറല്ല. അപ്പോഴേക്കും പടച്ചവനോട് നിലവിളിച്ച് പരാതി പറയുകയായി.
വിശ്വാസത്തെ നേതൃത്വങ്ങള്‍ പോലും ആഡംബരത്തിനടിമപ്പെടുത്തുകയാണ്. പണ്ട് ജന്മിമാരും പുരോഹിതന്മാരും മതത്തെ വിലക്കു വാങ്ങി. ഇന്നും തനിയാവര്‍ത്തനം തന്നെയാണുള്ളത്. മതത്തെ ധൂര്‍ത്തന്മാര്‍ കൈയിലെടുത്ത് അമ്മാനമാടുകയാണ്. പ്രതികരിക്കേണ്ടവരൊന്നും മിണ്ടുന്നില്ല. എല്ലാവരും ആഡംബരത്തിന്റെ വഴിക്കാണ്. കാനേത്തും കല്യാണവും പൊടിപൊടിക്കുമ്പോള്‍ പാവങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ പോകുകയാണോ? ആരോടാണ് നാം പരാതി പറയേണ്ടത്? ചടങ്ങുകളിലും ആചാരങ്ങളിലും മതത്തെ കെട്ടിപ്പൂട്ടാനാണ് ശ്രമിക്കുന്നത്. വിശ്വാസം പലര്‍ക്കും വില്‍പ്പനച്ചരക്കായിരിക്കുന്നു. എല്ലാറ്റിനേയും ഹലാല്‍വത്കരിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പാവങ്ങളോടും സമൂഹത്തോടും ആര്‍ക്കും പ്രതിബദ്ധതയില്ല. പരാക്രമം പെണ്ണിനോടല്ല വേണ്ടൂ എന്ന് പണ്ടേ പറഞ്ഞു കേള്‍ക്കുന്നതാണ്. പെണ്ണായാല്‍ പണ്ട് ജീവനോടെ കുഴിച്ചു മൂടുന്ന പ്രാകൃതത്വം കാട്ടറബികളിലുണ്ടായിരുന്നു. ഇന്ന് പീഡനമാണ് പ്രാകൃതത്വത്തിന് പര്യായം. മൂന്ന് വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും പെണ്‍കൊച്ചിനെ പീഡിപ്പിച്ച് കൊന്ന് മരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചതും കാട്ടറബികളല്ല; ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണ്. പ്രതികരണങ്ങള്‍ക്കൊരു ശൗര്യവുമില്ല. പ്രതികരണങ്ങളും നേരമ്പോക്കിന് മാത്രമായി ചുരുങ്ങിയിരിക്കുന്നു. പ്രതികരിക്കേണ്ട മാധ്യമങ്ങള്‍ക്കും ആത്മാര്‍ഥതയില്ലാതാകുകയാണ്. പ്രതികരിക്കുമ്പോഴും എങ്ങനെ സുഖിപ്പിക്കാമെന്നതാണ് മാധ്യമ ചിന്ത. വലിയവരുടെ കുറ്റങ്ങളെ പണം വാങ്ങി മൂടിവെക്കുമ്പോള്‍ പാവപ്പെട്ടവന്‍ മാത്രം ശിക്ഷയനുഭവിച്ചാല്‍ മതിയോ?
പ്രകൃതിക്ക് പോലും രക്ഷയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് അറിയാതെയാണ് പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നത്. വെട്ടിയും നിരത്തിയും നാം ഭൂമിയെ ആവോളം ചൂൂഷണം ചെയ്തു കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്. പ്രകൃതി പ്രതികരിക്കാതിരിക്കില്ല. ഭൂമി കലുക്കവും ദുരന്തവും കൊണ്ട് പ്രകൃതി മനുഷ്യനെ നേരിടും. ഈ സുഖലോലുപതയൊക്കെ മണ്ണടിഞ്ഞേക്കും.
‘സമരമാണ് ജീവിതം’ എന്ന ഓര്‍മപ്പെടുത്തല്‍ എന്തിനാണെന്ന് മനസ്സിലാക്കാനാണിത്രയും എഴുതിയത്. വിയര്‍ക്കാതെ ഒന്നും നേടാനാകില്ല. പൂര്‍വികര്‍ നമ്മെ ഈ നിലയിലെത്തിച്ചത് ചോര ചൊരിഞ്ഞും ജീവന്‍ കൊടുത്തുമാണ്. അവരുടെ ത്യാഗങ്ങളാണ് നമുക്ക് ജീവിതം തന്നത്. അതാണ് നമുക്ക് ചരിത്രം സൃഷ്ടിച്ചു തന്നതും. സമൂഹത്തിന്റെ ശരിയായ മുന്നേറ്റത്തിനും സന്തുലിതത്വം നില നിറുത്തുന്നതിനും ജീവിതത്തെ സമരമാക്കിയേ പറ്റൂ. രക്തസാക്ഷികളുടെ ചോരത്തുള്ളികള്‍ കൊണ്ട് പുളകമണിഞ്ഞ പൈതൃകത്തെ നാം മറന്ന് കൂടാ. അവരുടെ വഴിയേ നമുക്കും സഞ്ചരിക്കണം. നാക്കും വാക്കും മാറ്റത്തിന്റെ ആയുധങ്ങളായി മാറണം. ഒരൊറ്റ ദൈവം ഒരൊറ്റ മനുഷ്യന്‍ എന്ന പ്രവാചക പ്രഖ്യാപനം ദിഗന്തങ്ങള്‍ മുഴങ്ങണം.
ഖേക് വൊ ഖലാഖ് ജഹാന്‍ താസ ശൂ
ശഅ്‌ലെ ദര്‍ബര്‍ കുന്‍ ഖലീല്‍ അവാസ ശൂ’
(ഉണരുവിന്‍, പടുക്കുവിന്‍ പുതിയൊരു ലോകം
അഗ്നിയില്‍ ചാടുവിന്‍; ഇബ്‌റാഹീമാകുവിന്‍)
– ഇഖ്ബാല്‍

 

[email protected]