മുഹമ്മദന്‍സിന്റെ വിംഗ് ബാക്കില്‍ മലയാളിക്കരുത്ത്

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:54 pm

കോഴിക്കോട്:നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ഐ ലീഗ് ഫസ്റ്റ് ഡിവിഷനിലേക്ക് തിരിച്ചെത്തിയതിന് പിറകില്‍ ഒരു രഹസ്യമേയുള്ളൂവെന്ന് കോച്ച് സന്‍ജോയ്. ഒത്തിണക്കം, അര്‍പ്പണമനോഭാവം,സത്യസന്ധമായ സമീപനം. എന്നാല്‍ സന്‍ജോയ് സെന്നിന്റെ ടീം രണ്ടാം ഡിവിഷനില്‍ കുതിപ്പ് നടത്തിയതിന് പിറകില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട്. മലയാളിക്കരുത്ത്. റൈറ്റ് വിംഗ് ബാക്ക് കെ നൗഷാദും ലെഫ്റ്റ് വിംഗ് ബാക്ക് ധനരാജും ചേരുന്ന മലയാളിപ്പെരുമ. പരിക്കേറ്റ് സൈഡ് ബെഞ്ചിലുള്ള മലയാളി ഗോള്‍കീപ്പര്‍ പ്രമോദിന്റെ സാന്നിധ്യവും മുഹമ്മദന്‍സിന് മുതല്‍ക്കൂട്ടാണ്. മൂന്ന് സന്തോഷ്‌ട്രോഫി കളിച്ച ധനരാജ് മോഹന്‍ബഗാന്റെ മുന്‍താരമാണ്. ചിരാഗിലും വിവയിലും കളിച്ച ധനരാജിന്റെ പരിചയ സമ്പത്ത് മുഹമ്മദന്‍സിന് കരുത്തേകുന്നു. നടപ്പ് സീസണിലാണ് ധനരാജിനെ കോച്ച് സന്‍ജോസ് സെന്‍ മുഹമ്മദന്‍സിന്റെ പാളയത്തിലെത്തിച്ചത്. കൊല്‍ക്കത്ത ലീഗിന് ശേഷം, രണ്ട് ദിവസം മാത്രമാണ് ഐ ലീഗ് യോഗ്യതാ റൗണ്ടിന് തയ്യാറെടുക്കാന്‍ മുഹമ്മദന്‍സിന് ലഭിച്ചത്. പരമപ്രധാനമായ വിംഗ് ബാക്ക് പൊസിഷനുകളില്‍ ധനരാജിനെയും നൗഷാദിനെയും വിശ്വസ്തരായി നിര്‍ത്തിയാണ് സന്‍ജോയ് സെന്‍ തന്ത്രം മെനഞ്ഞത്. ഫലം ഗംഭീരമായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തോടെ ഐ ലീഗിന് യോഗ്യത.
സന്തോഷ്‌ട്രോഫി ക്യാമ്പിലുള്ളപ്പോഴാണ് നൗഷാദിന് മുഹമ്മദന്‍സിന്റെ കരാര്‍ ലഭിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഫാറൂഖ് കോളജില്‍ നിന്നിറങ്ങിയ നൗഷാദ് 2010 വരെ വിവ കേരളയില്‍. 2010-11 സീസണില്‍ പ്രയാഗ് യുനൈറ്റഡിന്റെ താരം. ഇത് നൗഷാദിന്റെ കരിയറില്‍ നിര്‍ണായകമായി. അന്ന് പ്രയാഗിന്റെ കോച്ചായിരുന്ന സന്‍ജോയ് സെന്‍ ആണ് ഇന്ന് മുഹമ്മദന്‍സിന്റെ തന്ത്രമൊരുക്കുന്നത്. സെന്നിന്റെ കൈയ്യിലെ വജ്രായുധമായി നൗഷാദ് മാറുന്നതിന് പിറകില്‍ ആ പഴയ കെമിസ്ട്രിയാണ്. വിവ കേരളയില്‍ കളിച്ചിട്ടുള്ള നൗഷാദ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് ക്വാര്‍ട്‌സ് ക്ലബ്ബിലായിരുന്നു. ക്ലബ്ബ് പിരിച്ചുവിട്ടതോടെ, മുഹമ്മദന്‍സിന്റെ തട്ടകത്തിലേക്ക്. ബേപ്പൂര്‍ നടുവട്ടം സ്വദേശിയായ മമ്മദ് കോയയുടെ മകനാണ് നൗഷാദ്. പാലക്കാട് സ്വദേശിയായ പ്രമോദ് പരുക്കില്‍ നിന്ന് മുക്തനായി വരുന്നതേയുള്ളൂ. രണ്ടാം ഡിവിഷനില്‍ സൈഡ് ബെഞ്ചിലിരുന്ന പ്രമോദ് പാലക്കാട് ഹണ്ടേഴ്‌സ്, വിവ കേരള, മലബാര്‍, എച്ച് എ എല്‍ ബംഗളുരു ക്ലബ്ബുകളുടെ താരമായിരുന്നു. പരമേശ്വരന്‍-ജയലക്ഷ്മി ദമ്പതികളുടെ മകന്‍. അശോകഭവന്‍, ഹൈമ, ഹണ്ടേഴ്‌സ് ക്ലബ്ബുകളിലൂടെയാണ് ധനരാജിന്റെ കരിയര്‍ ആരംഭിക്കുന്നത്. വിവയിലും ബഗാനിലും ചിരാഗിലുമായി ആ ഗ്രാഫ് ഉയര്‍ന്നു. രാധാകൃഷ്ണന്‍-മാരിയമ്മാള്‍ ദമ്പതികളുടെ മകന്‍.