അവധിക്കാല സന്ദര്‍ശനം: പ്രവാസിയുടെ പുതിയ പ്രയാസം

  Posted on: April 26, 2013 8:12 pm | Last updated: April 26, 2013 at 8:16 pm

  GULF1ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചകാണുമെന്ന് ഏവരും പ്രതീക്ഷിക്കും. മുതിര്‍ന്നവരുടെ കാര്യത്തില്‍ മാത്രമല്ല. കുട്ടികളുടെ കാര്യത്തിലും ഇത് ശരിയാണ്. നാട്ടില്‍ സുന്ദരമായ അവധിക്കാലവുമായി കഴിയേണ്ട പലരുമാണ് ഗള്‍ഫിലേക്ക് അവധി ആഘോഷിക്കാന്‍ എത്തുന്നത്. കുടുംബ നാഥന്റെ ജോലി സ്ഥലത്തെ സുഖങ്ങള്‍ തങ്ങള്‍ക്കും അനുഭവിക്കണമെന്ന് ഭാവത്തിലാണ് ഭാര്യയും കുട്ടികളും നാട്ടിലെ അവധിയാകുമ്പൊഴേക്ക് ഗള്‍ഫണയുന്നത്. പത്തു വര്‍ഷം മുമ്പ് വരെ ഇതൊരു ആഢംബരമായിരുന്നുവെങ്കില്‍ ഇന്നത് ഏറെക്കുറെ അനിവാര്യതപോലെ ആയിരിക്കുന്നു.

  ഇക്കാര്യത്തില്‍ ആര്‍ക്കും പണവും പ്രാരാബ്ധങ്ങളും പ്രശ്‌നമല്ലെന്നതാണ് പുതിയ വഴക്കം. മക്കള്‍ പറയും ഗള്‍ഫുകാരനായ കുടുംബനാഥന്‍ ശരിവെക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി പാസ്സാക്കിയാല്‍ പ്രസിഡന്റിന് ഒപ്പു വച്ചേ മതിയാവൂ. പിന്നീട് കുടുംബനാഥനായ പ്രസിഡന്റ് പണം വരാവുന്ന വഴികള്‍ അന്വേഷിക്കുകയായി. അന്വേഷണം എങ്ങുമെത്തില്ലെന്നത് കാലം പറയുന്ന സത്യം. പിന്നെ പണം ലഭിക്കാവുന്ന വഴികളെക്കുറിച്ചുള്ള അന്വേഷണമായി. ഒടുവില്‍ അതും ആശക്ക് വകനല്‍കില്ലെന്നാവുമ്പോള്‍ കിട്ടാവുന്നിടത്ത് നിന്നും കടം വാങ്ങാനുള്ള ഓട്ടമായി. എല്ലാം സ്വരുക്കൂട്ടി എത്തുമ്പോള്‍ വീണ്ടും അതാ ഓരോ പുതിയ വയ്യാവേലികള്‍. വിസയും ടിക്കറ്റുമായാല്‍ വിമാനത്താവളത്തില്‍ എത്താം പിന്നെയും കിടക്കുന്നു ഓരോ വയ്യാവേലികള്‍.
  മാന്യന്മാര്‍ താമസിക്കുന്നിടങ്ങളില്‍ എവിടെയെങ്കിലും ഒരു താമസം ശരിപ്പെടുത്തണം. കാരണം തന്റെ ഗള്‍ഫിലെ താമസ സ്ഥലം കുടുംബം കാണാനിടവരരുത് എന്ന് ഏത് കുംടുംബ നാഥനും ആശിക്കുന്നു. പരസ്യം കണ്ട് വിളിക്കാനിറങ്ങിയാല്‍ മാസ വാടക 150ല്‍ തുടങ്ങി 600 വരെ നീളും. ലേലംവിളിയെ ഓര്‍മിപ്പിക്കുന്ന ഇവിടെയും നില്‍ക്കില്ല കാര്യങ്ങള്‍. ഫുള്ളി ഫര്‍ണിഷ്‌ഡെന്നെല്ലാം പറയാമെങ്കിലും മനുഷ്യന് കിടക്കണമെങ്കില്‍ ദീര്‍ഘിച്ചൊരു സേവനവാരം അത്യാവശ്യം. അടിച്ചും തുടച്ചും നടുവൊടിഞ്ഞാലും പെണ്ണും കുട്ടികളും എത്തുമ്പോള്‍ ഈ ചെയ്തതൊന്നും എവിടേയും രേഖപ്പെടുത്തപ്പെടില്ലെന്നത് വേറെക്കാര്യം. സ്വന്തം വീടുള്ള, ആഴ്ചയില്‍ ഒന്നും രണ്ടും തവണ വീടിനെ മുക്കികുളിപ്പിക്കുന്ന വീട്ടുകാരിക്കുണ്ടോ കാടുവീടാക്കിയാണിത്രയെങ്കിലും എത്തിച്ചതെന്ന് അറിയുന്നു. അപ്പോഴും അവള്‍ക്ക് എവിടേയെങ്കിലും പഠാണിയുടെ വിയര്‍പ്പിന്റെ ഗന്ധമോ, ബംഗാളിയുടെ സോക്‌സിന്റെ നാറ്റമോ(ഇതെല്ലാം മാധ്യമങ്ങളിലൂടെ അവരുടെ മൂക്കിലേക്കും എത്തിയതാവാം) മൂക്കിലേക്ക് അടിച്ചുകയറുന്നതായി പരാതിപ്പെടാനുണ്ടാവും.
  GULF4എത്തിയാല്‍ പിന്നീട് ചെലവായി. അവസാനിക്കാത്ത ചെലവുകള്‍. ദിനേന പരമാവധി 3, 5 റിയാലില്‍ ചെലവ് പിടിച്ചു നിര്‍ത്തിയവന് രാവിലെ തിരിഞ്ഞ് ഉച്ചായാവുമ്പോഴേക്കും അന്‍പത് മുതല്‍ 100 റിയാല്‍ വരെ സ്വാഹയായിട്ടുണ്ടാവും. എത്തിയാല്‍ പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വരവായി. ആരും നാട്ടാചാരം തെറ്റിക്കില്ല. കൈയില്‍ പിടിപ്പത് സാധനങ്ങളുമായാവും വരിക. കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍, മിഠായി, വീട്ടുകാരിക്ക് സാരിയോ ചൂരിദാറോ… കുടുംബനാഥന്‍ എവിടേയും രേഖപ്പെടുത്തപ്പെടില്ലെന്നത് വേറെക്കാര്യം. പളപളാ മിന്നുന്ന ചുരിദാറുമായി ബന്ധുവിന്റെ ഉദാരതയെ വാനോളം വാഴ്ത്തി വീട്ടുകാരി അടുത്തെത്തുമ്പോള്‍ കുടുംബനാഥന്റെ മുഖം കൂടുതല്‍ കടുക്കും. ഭാര്യ കരുതുക, അസൂയയാവുമെന്നാണ്. അവള്‍ക്കറിയുമോ റിയാല്‍ ഇവിടെ വേനല്‍ക്കാറ്റില്‍ പൊഴിയാറില്ലെന്ന്. എലിപ്പെട്ടിയല്ലല്ലോ, വീഴുന്നത് തിരിച്ചെടുക്കപ്പെടാതിരിക്കാന്‍. ബന്ധുവോ സുഹൃത്തോ തിരിച്ചു പോകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. വാങ്ങിവെച്ചതിനെല്ലാം അളവും തൂക്കവും നോക്കി ഒട്ടും കുറയാതെ തിരിച്ചു നല്‍കണം. എതിര്‍ത്താല്‍ വിചാരണയായി, ജാമ്യമില്ലാ വകുപ്പായി, സ്‌നേഹമില്ലാത്തോനായി, പിന്നെയും പറയാന്‍ മാനം സമ്മതിക്കാത്ത എന്തെല്ലാമോ ആയി നാം മാറും.
  GULF2ഭാര്യ വന്നവനെക്കുറിച്ച് ഇതര പ്രവാസികള്‍ക്ക് ഒരു അസൂയ കലര്‍ന്ന നോട്ടവും കുശുമ്പ് മുറ്റിയ വാക്കുമായിരിക്കും. ഒരിക്കലെങ്കിലും ഇവരും ഈ പരീക്ഷയൊന്നെഴുതിയാല്‍ അറിയും പണവും സമയവും എവിടെ നിന്ന് സംഘടിപ്പിക്കുമെന്ന വെപ്രാളത്താല്‍ കുടുംബം വന്നതും പോയതും അറിഞ്ഞിട്ടില്ലെന്ന്. കുടുംബം എത്തുന്ന സന്തോഷമെല്ലാം ഒരു ശരാശരി ശമ്പളക്കാരനായ മലയാളിക്ക് ഒരാഴ്ചപോലും നീളില്ല. പിന്നെ പണത്തിനായുള്ള ആധിയായി. കുടുംബം പോകുന്നതിന് എത്ര ദിവസം ബാക്കി കാണുമെന്ന ആലോചനയായി. അങ്ങിനെയങ്ങിനെ… വിമാനം പറന്നുയരും. മനസ്സിലെ കനലുകളില്‍ ഇളം തെന്നലായി.
  **************
  വേനലവധിക്ക് വിദ്യാലയങ്ങള്‍ അടക്കും മുമ്പേ വീട്ടുകാരിക്കും കുട്ടികള്‍ക്കും വരാനുള്ള തിരക്കായി. അവര്‍ ഓരോ പ്രഭാതത്തിലും മാതാവിനോട് ചോദിക്കുക വിസയെക്കുറിച്ചാവും. വിവരം കമ്പിയില്‍ തൂങ്ങി ഇങ്ങ് മൊബൈലിന്റെ വരമ്പിലൂടെ ചെവിയിലെത്തും.
  വിവര വിപ്ലവം കമ്പ്യൂട്ടറും ലാപ്‌ടോപ്പും നിറഞ്ഞോടുന്നതിനാല്‍, കാണേണ്ട കാഴ്ചകളെക്കുറിച്ചൊന്നും കുട്ടികള്‍ക്ക് സംശയങ്ങള്‍ കാണില്ല. വരുവാനുള്ള ഒരുക്കം വീട്ടുകാരി നടത്തുന്നതിനിടയില്‍, അവര്‍ നെറ്റിന്റെ അരികും മൂലയും അരിച്ചുപെറുക്കി കണേണ്ട കാഴ്ചകളെക്കുറിച്ചെല്ലാം ഒരു ലഘു വിവരം ഹൃദ്യസ്ഥമാക്കിയിരിക്കും. പക്ഷേ നാം മലയാളി കുടുംബനാഥര്‍ക്ക് അവയില്‍ പലതും സാമ്പത്തികമായി താങ്ങില്ലെന്നത് വേറെ കാര്യം. മസ്‌കത്ത് സിറ്റിയും മറ്റ് വാട്ടര്‍ തീം പാര്‍ക്കുകളുമാവും കുട്ടികളുടെ മനസ്സില്‍ വിമാനം കയറവേ ആദ്യം കാണാന്‍ ആഗ്രഹിക്കുക. ഇവിടെയെല്ലാം ഒരു ടിക്കറ്റിന് റിയാലുകളേറെ വേണ്ടിവരുമെന്നെന്നതൊന്നും കളങ്കമേല്‍ക്കാത്ത അവരുടെ ലോകത്തില്ലതന്നെ.
  GULF5പ്രവാസിയായ കുടുംബ നാഥന് കുടുംബത്തെ കൂട്ടിക്കൊണ്ട് വരാത്തത് കുറച്ചിലായി തോന്നി തുടങ്ങിയിരിക്കുകയാണ്. നാട്ടിലെ മിക്ക കുടുംബങ്ങളും ഇങ്ങിനെ അവധിക്കാലത്ത് വിദേശത്താകുമ്പോള്‍ തന്റെ കുടുംബം മാത്രം അങ്ങിനെയാവാതിരിക്കുന്നതിനലെ വിഷമമാണ് പലര്‍ക്കും. അതിനായി ചെലവഴിക്കുന്ന പണം പലപ്പോഴും തന്റെ വീട് നിര്‍മാണത്തിനോ കച്ചവട ആവശ്യത്തിനോ നീക്കി വെച്ചതാവും. ഇതുണ്ടോ അവധിക്കാലത്തെ ഗള്‍ഫ് ജിവിതം സ്വപ്‌നം കാണുന്ന കുടുംബിനി അറിയുന്നു.
  എന്നും പല പേരുകളില്‍ ചെലവുകള്‍ വര്‍ധിച്ചു വരുക മാത്രം ചെയ്യുന്ന പ്രവാസികള്‍ക്കിടയിലേക്ക് ഇത്തരമൊരു ചെലവ് രീതികള്‍ കൂടെ കടന്ന് വന്നത് പ്രവാസികളുടെ നടുവൊടിയാന്‍ കാരണമാകുന്നു. നമ്മുടെ സാമ്പത്തിക സ്ഥിതി കുടുംബങ്ങളില്‍ തുടക്കത്തിലേ അറിയിച്ച് കൊടുക്കുന്നത് ഇത്തരം ആവശ്യങ്ങള്‍ കുടുംബത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്നതില്‍ നിന്ന് തടയിടാനാകും. പ്രവാസത്തിന്റെ പ്രയാസങ്ങള്‍ അറിയാത്ത കുടുംബങ്ങള്‍ക്ക് പിന്നെ വര്‍ഷം മുഴുവന്‍ അവധിക്കാലമായി ഈ മരുഭൂമിയില്‍ തന്നെ കുടിയിരിക്കേണ്ടി വരും. സൂക്ഷിക്കുന്നവന് ദുഃഖിക്കേണ്ടി വരാറില്ല എന്നതാണ് സത്യം.