കടല്‍ക്ഷോഭം: മുന്നറിയിപ്പ് തരാന്‍ നിരീക്ഷണ ബോയ പുതിയാപ്പയില്‍

Posted on: April 26, 2013 12:06 pm | Last updated: April 26, 2013 at 12:06 pm

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കും കടലോരങ്ങളില്‍ താമസിക്കുന്നവര്‍ക്കും കടല്‍ക്ഷോഭങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന നിരീക്ഷണ ബോയ പുതിയാപ്പ ഹാര്‍ബറിനടുത്തുള്ള ആഴക്കടലില്‍ ഇന്ന് സ്ഥാപിക്കും. വടക്കന്‍ കേരളത്തില്‍ ആദ്യമായാണ് ആഴക്കടലില്‍ ബോയ സ്ഥാപിക്കുന്നത്.
കടലിലെ വ്യതിയാനങ്ങള്‍, കൊടുങ്കാറ്റ്, കടലാക്രമണം, സുനാമി എന്നിവയെക്കുറിച്ച് പഠിച്ച് നിവാരണമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും മുന്നറിയിപ്പ് നല്‍കാനുമായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും(ഇന്‍കോയിസ്) തിരുവനന്തപുരം ആസ്ഥാനമായ ഭൗമശാസ്ത്ര പഠനകേന്ദ്രവും(സെസ്) ചേര്‍ന്നാണ് ആഴക്കടലില്‍ ബോയകള്‍ സ്ഥാപിക്കുന്നത്. ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ഡോ എം കെ മുനീര്‍ നിര്‍വഹിക്കും.
തീരദേശ വെള്ളപ്പൊക്കം, കാറ്റ്, തിരമാലയുടെ ഉയരം, ദിശ, ആവൃത്തി, കടലൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, സമുദ്രജല പ്രവാഹങ്ങള്‍, മത്സ്യബന്ധന സാധ്യതകള്‍ തുടങ്ങിയ സമുദ്രാവസ്ഥകളെക്കുറിച്ച് ബോയ ശേഖരിക്കുന്ന വിവരങ്ങള്‍ തത്സമയം നല്‍കാന്‍ സാധിക്കും.
വിവരങ്ങള്‍ രണ്ടു രീതികളിലാണ് കൈമാറുന്നത്. വിവരങ്ങള്‍ ഇന്‍കോയിസ് വഴി തത്സമയം ഉപയോക്താവില്‍ എത്തും, മറ്റൊന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ഉപയോക്താവിന് ആവശ്യമായത് മാത്രം നല്‍കുന്നു. ഇന്‍കോയിസും സെസ്സും നടത്തുന്ന പഠനങ്ങള്‍ക്കായും വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനും തീരദേശ സംരക്ഷണ സേനക്കും നാവിക സേനക്കും ഏറെ പ്രയോജനപ്പെടുന്നതാണീ സംവിധാനം.
തീരദേശ സംരക്ഷണ സേനക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കടലിലെ ജീവന്‍ രക്ഷാദൗത്യങ്ങള്‍ക്കും ബോയ ഉപയോഗപ്രദമാണ്. കേരളത്തില്‍ ഇത് മൂന്നാമത്തെ കേന്ദ്രമാണ്. 2011ല്‍ തിരുവനന്തപുരത്തും, 2012ല്‍ കൊല്ലത്തും സ്ഥാപിച്ചു.
അടുത്തത് കാസര്‍കോട് സ്ഥാപിക്കും. കേരളത്തിലെ തീരദേശത്തിന്റെയും മത്സ്യതൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തകയാണ് പ്രധാന ലക്ഷ്യമെന്ന് ഇന്‍കോയിസ്, സെസ് അധികൃതര്‍ പറഞ്ഞു. കടലില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും സ്ഥാനഭ്രംശം സംഭവിക്കാതിരിക്കാനും മത്സ്യത്തൊഴിലാളികളുടേയും തീരദേശ സേനയുടെയും സഹായം ആവശ്യമാണ്. പത്രസമ്മേളനത്തില്‍ ഡോ. .റെജി ശ്രീനിവാസ്, ഡോ. .ബാലകൃഷ്ണന്‍ നായര്‍, ഷീലാ നായര്‍ പങ്കെടുത്തു.