എസ് എസ് എഫ് സമ്മേളനം: പ്രൗഢമാക്കാന്‍ പ്രമുഖരുടെ നിര

Posted on: April 26, 2013 6:00 am | Last updated: April 25, 2013 at 11:07 pm

കൊച്ചി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളത്തില്‍ എട്ട് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധരായവര്‍ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും. ഇന്ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം വൈകീട്ട് 7ന് ‘ആധ്യാത്മിക ഇസ്‌ലാം, വഴിയും വെളിച്ചവും’ എന്ന വിഷയത്തില്‍ നടക്കുന്ന ആത്മയാനം സെഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ നാളെ രാവിലെ എട്ടിന് ‘അറിവ്, ഉണര്‍വിന്റെ ആയുധം’ വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. 9 മണിക്ക് ‘ സമരം, പാഠവും ചരിത്രവും’ പഠന സെഷന്‍ പാറ്റ്‌ന യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. 1.30ന് ‘മാധ്യമ സംസ്‌കാരങ്ങളും ജനാധിപത്യവും’ സംവാദം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്ര കുമാര്‍, തോമസ് ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, ജോണ്‍ ബ്രിട്ടാസ്, എം വി നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ ജയശങ്കര്‍, എം പി ബഷീര്‍, ടി കെ അബ്ദുല്‍ ഗഫൂര്‍, രാജീവ് ശങ്കരന്‍, എ പി ബഷീര്‍ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും.
അന്നേദിവസം വൈകീട്ട് നാലിന് ‘അറിവിന്റെ സാമൂഹിക ശാസ്ത്രം’ ചര്‍ച്ച കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം എ റഹീം അധ്യക്ഷത വഹിക്കും. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫ. സതീഷ് ദേശ്പാണ്ഡെ, പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, കാലിക്കറ്റ് വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് സംബന്ധിക്കും. സമാപന ദിവസമായ 28ന് രാവിലെ 7ന് ആദര്‍ശം സെഷനില്‍ ‘വിശ്വാസത്തിന്റെ സമരപഥം’ എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നത്തും. ഹൈദരാബാദ് മൗലാന ആസാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള അലീം അഷ്‌റഫ് ജാഇസി സെഷന്‍ ഉദ്ഘാടനം ചെയ്യും. എട്ട് മണിക്ക് ‘സമരത്തിന്റെ ഭാവിയും ഭാവിക്കു വേണ്ടിയുള്ള സമരങ്ങളും’ സെഷന്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ അധ്യക്ഷനായിരിക്കും. എന്‍ എം സാദിഖ് സഖാഫി, അബ്ദുല്ല വടകര എന്നിവര്‍ വിഷയാവതരണം നടത്തും. 10 മണിക്ക് ‘എസ് എസ് എഫ്: ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട്’ സെഷന്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മജീദ് കക്കാട് അധ്യക്ഷത വഹിക്കും.