Connect with us

Articles

അട്ടപ്പാടിയിലേക്ക് കേരളത്തില്‍ നിന്നുള്ള ദൂരം?

Published

|

Last Updated

അട്ടപ്പാടിയിലാണ് ഇപ്പോള്‍ കേരളത്തിന്റെ മനസ്സ്. നമ്മുടെ ഉറക്കം കെടുത്തുന്നത് അവിടെ അകാലത്തില്‍ മരിച്ച കുട്ടികളാണ്. പി പി ജോര്‍ജിനും ഗണേഷ്‌കുമാറിനും ഒരു ഷോര്‍ട്ട്‌ബ്രേക്ക്. അട്ടപ്പാടി ചുരം റോഡ് ഇപ്പോള്‍ വി ഐ പികളെക്കൊണ്ട് നിബിഡമാണ്. വനവാസത്തിലാണ് കേരളത്തിലെ മന്ത്രിമാരും എം പിമാരും എം എല്‍ എമാരും. എല്ലാവരും ഔട്ട് ഓഫ് റേഞ്ച്. ഇതുപോലെ വി ഐ പികള്‍ അട്ടപ്പാടിയില്‍ ഇടിച്ചുകയറിയത് 1999ലാണ്. അക്കാലത്താണ് വെള്ളക്കുളം ആദിവാസി ഊരില്‍ നാല് പേര്‍ മരിച്ചത്. ഈ ഭയങ്കര ബഹളങ്ങള്‍ക്കുശേഷം എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നത്? സര്‍ക്കാറിന്റെ കൈയില്‍ ചിരപ്രതിഷ്ഠ നേടിയ ചില സൂത്രവാക്യങ്ങളുണ്ട്. അന്വേഷണ കമ്മീഷന്‍, സഹായധനം, കോടികള്‍ അടങ്കല്‍ വരുന്ന പദ്ധതികള്‍ (ആരാണ് അപ്പോള്‍ ചിരിക്കുന്നത്?) എന്നിങ്ങനെ ഒരു ചോദ്യം അപ്പോള്‍ ആരും ചോദിച്ചേക്കാം. എപ്പോഴെങ്കിലും പണത്തിന്റെ അഭാവം ആദിവാസി പദ്ധതിയില്‍ ഉണ്ടായിട്ടുണ്ടോ? ഓരോ പഞ്ചവത്സര പദ്ധതിയിലും ആദിവാസികള്‍ക്ക് വേണ്ടി എത്ര ഭീമമായ തുകയാണ് മാറ്റിവെക്കുന്നത്. (കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവഴിച്ച -സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ തത്കാലം നില്‍ക്കട്ടെ- തുക സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കാമോ?) അപ്പോള്‍ രോഗം പണത്തിന്റെ കുറവല്ല, അതിന്റെ വിനിയോഗ രീതിയാണ്. വിനിയോഗ രീതിയെന്നാല്‍ ആര്‍ക്ക് വേണ്ടി, എന്തിനുവേണ്ടി, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.
ആദിവാസി സമൂഹത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ക്കനുസരിച്ച് വികസനപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറുണ്ടോ? പദ്ധതിനിര്‍വഹണം അവരെ ഏല്‍പ്പിക്കാറുണ്ടോ? മൗനമാണ് ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉത്തരം. ഉദ്യോഗസ്ഥന്മാരും കരാറുകാരുമാണ് നടത്തിപ്പുകാര്‍. ആദിവാസികള്‍ വെറും കാഴ്ചക്കാര്‍ അല്ലെങ്കില്‍ ബിനാമികള്‍. അധികാരവും അറിവും എവിടെയോ കേന്ദ്രീകരിക്കപ്പെടുന്നു. ഈ സ്ഥിതിക്ക് അല്‍പ്പമെങ്കിലും മാറ്റം വരുത്തിയത് അഹാഡ്‌സാണ്. അഹാഡ്‌സ് അടച്ചുപൂട്ടിക്കൊണ്ട് സര്‍ക്കാര്‍ അതിന് നന്ദി പറഞ്ഞു. അഹാഡ്‌സിന് നേത്യത്വം നല്‍കിയവര്‍ക്ക് കള്ളക്കേസുകളും സമ്മാനം നല്‍കി.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ അര്‍ഥഗര്‍ഭമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ആദിവാസി വികസനത്തിനു വേണ്ടി ഒരു രൂപ ചെലവഴിക്കുമ്പോള്‍ പതിനെട്ട് പൈസ മാത്രമാണ് താഴെ വീഴുന്നത്. ബാക്കി പണം എവിടെ പോകുന്നുെവന്ന് അദ്ദേഹം പറഞ്ഞില്ല. നമുക്കറിയാം ഇടനിലക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും പോക്കറ്റിലേക്കാണ് അത് പോകുന്നത് എന്ന്.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തെ ഒരു സവിശേഷ സാംസ്‌കാരിക വിഭാഗമായി എന്തുകൊണ്ട് സര്‍ക്കാര്‍ കരുതുന്നില്ല. (പഴയ ബോധത്തിനും പുതിയ ലോകത്തിനും ഇടയിലെ അന്തരാളഘട്ടത്തിലാണ് അവര്‍) പാരമ്പര്യത്തിനും പരിഷ്‌കൃതിക്കും ഇടയിലാണ് അവര്‍. അതിന്റെ മുഴുവന്‍ ഗുണങ്ങളും ദോഷങ്ങളും അവര്‍ അനുഭവിക്കുന്നു. എന്നിട്ടും റാഗി, തിന, ചാമ, അവര,തുവര, കീര തുടങ്ങിയ പരമ്പരാഗത വിളകളാണ് ഭൂരിപക്ഷം ആദിവാസികളും പിന്‍തുടരുന്നത്. രാസവളങ്ങളും കീടനാശിനികളും ഈ കൃഷിയില്‍ ഉപയാഗിക്കുന്നില്ല. മണ്ണ് ഉഴുതുമറിക്കുകയും വേണ്ട. ജലസേചനവും ആവശ്യമില്ല. കൃഷിവകുപ്പിന് ഇത്തരം കൃഷിയോട് താത്പര്യമില്ലാത്തതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണും.
പ്രാചീന ഗോത്രവര്‍ഗമായ കുറുമ്പര്‍ ഇപ്പോഴും പുനം ക്യഷി ചെയ്യുന്നു. കേരളത്തില്‍ അവര്‍ മാത്രമാണ് ഈ കൃഷിരീതി അവലംബിക്കുന്നത്. പുനം കൃഷി ചെയ്യുന്നില്ലെങ്കിലും അട്ടപ്പാടിയിലെ മുഡുകരും ഇരുളരും പരമ്പരാഗത കൃഷി തന്നെയാണ് ചെയ്തുവരുന്നത്. ഈ കൃഷിരീതി പ്രോത്സാഹിപ്പിച്ചാല്‍ വലിയ അളവില്‍ ദാരിദ്ര്യവും പോഷകാഹാരപ്രശ്‌നവും പരിഹരിക്കാം. ഈ നാട്ടറിവുകളില്‍ അതിജീവനത്തിന്റെ വലിയ പാഠങ്ങളുണ്ട്. കേരളത്തില്‍ ആദിവാസികള്‍ക്ക് ആളോഹരി കൃഷിഭൂമി ഏറ്റവും കൂടുതലുള്ളത് അട്ടപ്പാടിയിലാണ്. 2001 ലെ അഹാഡ്‌സ് പഠനമനുസരിച്ച് ഏകദേശം 18,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കുണ്ട്. ഏകദേശം 7,000 ആദിവാസി കുടുംബങ്ങളാണ് അവിടെയുള്ളത്. അതായത് ഓരോ ആദിവാസി കുടുംബത്തിനും രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുണ്ട്. ഈ ഭൂമികള്‍ പൂര്‍ണമായും കൃഷിക്ക് ഉപയുക്തമാക്കണം.
പാരമ്പര്യവിളകളും നാണ്യവിളകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സംയോജിത കാര്‍ഷിക പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ഏറെ ദയനീയമായ കാര്യം ഈ ഭൂമിയില്‍ ജലലഭ്യതയുള്ള മിക്കവാറും പ്രദേശങ്ങള്‍ പാട്ടകര്‍ഷകന്റെ കൈയിലാണ്. (സി കെ ജാനുവും ആദിവാസി സംഘടനകളും ഇനിയും അഭിമുഖികരിക്കാത്ത പ്രശ്‌നം) പണ്ട് ധാരാളം ആദിവാസി ഭൂമികള്‍ കുടിയേറ്റക്കാര്‍ തട്ടിയെടുത്തു. ഇപ്പോള്‍ അങ്ങനെ തട്ടിയെടുക്കുക എളുപ്പമല്ല. പകരം ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് നിലനിര്‍ത്തിക്കൊണ്ട് തന്നെ അതിന്റെ ഫലം മറ്റുള്ളവര്‍ ഭുജിക്കുന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇപ്രകാരം മറ്റുള്ളവരുടെ കൈയില്‍ ഉള്ളത്.ഈ ഭൂമി തിരിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കണം. ഭൂമിയെ മൂലധനമായി കാണാന്‍ ആദിവാസികള്‍ പഠിച്ചു വരുന്നതേയുള്ളൂ.
വാര്‍ഡ് അല്ല വാട്ടര്‍ഷെഡ് ആകണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമിക യൂനിറ്റ്.അട്ടപ്പാടിയില്‍ 146 മൈക്രോ വാട്ടര്‍ ഷെഡുകളുണ്ട്. വാര്‍ഡുകള്‍ ഏകദേശം 60 ആണ്. സാമൂഹിക, പാരിസ്ഥിതിക വികസനത്തിന് ഏറ്റവും അനുയോജ്യം വാട്ടര്‍ഷെഡുകളാണ്. പഞ്ചായത്തുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും അനുവദിക്കുന്ന പദ്ധതി വിഹിതം ഈ അടിസ്ഥാനത്തില്‍ ചെലവഴിക്കണം. പദ്ധതി വിഹിതം വാര്‍ഡ് അംഗങ്ങള്‍ പങ്കിട്ട ് പദ്ധതികള്‍ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം. വാര്‍ഡ് മെമ്പര്‍- കരാര്‍ ബാന്ധവം അതോടെ അവസാനിപ്പിക്കാന്‍ പറ്റും.
ആദിവാസി വികസനം പൂര്‍ണമായും ഊരുവികസന സമിതികളെ ഏല്‍പ്പിക്കുക എന്നതാണ് അടുത്ത കാര്യം. അട്ടപ്പാടിയില്‍ അഹാഡ്‌സിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച 170 ഓളം ഊരു വികസന സമിതികളുണ്ട്. ഈ സമിതികള്‍ ഇപ്പോള്‍ നിഷ്‌ക്രിയമാണ്. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി പരിചയം സിദ്ധിച്ച ഈ സമിതികളെ പ്രയോജനപ്പെടുത്തുക.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ആദിവാസികളുടെ പരമ്പരാഗത ഭക്ഷണവിഭവമായ റാഗിയുടെതാണ്. എന്തുകൊണ്ട് പൊതുവിതരണം സമ്പ്രദായം വഴി റാഗി ആദിവാസികള്‍ക്ക് വിതരണം ചെയ്തുകൂടാ. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ രീതി നിലവിലുണ്ടല്ലോ. ഈ തനത് വിളയായിരുന്നു അടുത്തകാലം വരെ ആദിവാസികള്‍ക്ക് പോഷകത്തിന്റെയും ഊര്‍ജത്തിന്റെയും പ്രധാന സ്രോതസ്സ്. അതുകൊണ്ട് റാഗി കൃഷി പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ തലത്തില്‍ സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുകയും വേണം.
റാഗി അരിയേക്കാള്‍ പോഷകസമൃദ്ധമാണെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ഭക്ഷിക്കുകയും ചെയ്യാം. പ്രോട്ടീനിന്റെ അളവ് റാഗിയില്‍ 55% ഉണ്ട്. അരിയില്‍ അത് 45% ആണ്. കാല്‍സ്യം അരിയില്‍ 1% മാത്രമാണ് ഉള്ളത്. റാഗിയില്‍ 99% ഉണ്ട്. 95% ഇരുമ്പും റാഗിയില്‍ ഉണ്ട്. അരിയിലാകട്ടെ അത് 5% മാത്രമാണ് ഉള്ളത്. ഇരുമ്പ്- കാല്‍സ്യം ഗുളികകളേക്കാള്‍ ഉത്തമം റാഗിയെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. ശക്തന്‍ അശക്തനെ കീഴടക്കുന്നതുപോലെയാണ് വലിയ ധാന്യങ്ങളുടെ അധിനിവേശം. അതാണ് ആഹാരത്തിന്റെ രാഷ്ട്രീയം.ആദിവാസികളെ ഭൂതകാലത്തിലേക്ക് പറഞ്ഞുവിടുക എന്ന മണ്ടന്‍ വീക്ഷണമൊന്നുമല്ല ഇത.് ശരീരത്തിലൂടെയും മനസ്സിലൂടെയും ഒഴുകുന്ന സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ വിസ്മരിച്ചു കൊണ്ട് ഒരു ജനതക്കും വിമോചനം സാധ്യമല്ല. അതിജീവനം പോലും കഴിയില്ല. ഈ ദുരന്ത നിമിഷത്തിലെങ്കിലും അട്ടപ്പാടിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുകയും ദീര്‍ഘവീക്ഷണത്തോടുകൂടി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വേണം.

Latest