അട്ടപ്പാടിക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു

Posted on: April 25, 2013 5:27 pm | Last updated: April 25, 2013 at 10:58 pm

തിരുവനന്തപുരം: അട്ടപ്പാടിക്കായി സമഗ്ര പാക്കേജ് നടപ്പാക്കും. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാക്കേജിന് രൂപം നല്‍കി. ആരോഗ്യ, സാമൂഹികനീതി, പട്ടികവര്‍ഗ, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കിയത്. അട്ടപ്പാടി മേഖലയിലെ ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ആദിവാസി ഊരുകളില്‍ സമഗ്ര കാര്‍ഷിക പാക്കേജ് നടപ്പാക്കും. അട്ടപ്പാടി പ്രദേശത്തെ വ്യാജമദ്യ നിര്‍മാണം തടയുന്നതിന് പുതുതായി ഒരു എക്‌സൈസ് ടീമിനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
അട്ടപ്പാടിയിലെ മൂന്ന് ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ പുതുതായി 75 നിയമനം നടത്താനാണ് തീരുമാനമായത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 38ഉം അഗളി സി എച്ച് സി യില്‍ 23ഉം പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 14ഉം നിയമനം നടത്തും. പുതൂരില്‍ ഐ പി വിഭാഗം തുടങ്ങുമെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പളത്തിനു പുറമെ 20,000 രൂപ അധിക വേതനമായി നല്‍കും. മറ്റു ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം അധിക വേതനമായി നല്‍കാനും തീരുമാനിച്ചു. 172 അങ്കണ്‍വാടി വര്‍ക്കര്‍മാരും 140 ട്രൈബല്‍ പ്രൊമോട്ടര്‍മാരും 170 ആശാ വര്‍ക്കര്‍മാരുമാണ് ഇവിടെയുള്ളത്. ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തി ശമ്പളത്തിനു പുറമെ അധിക ഇന്‍സെന്റീവ് നല്‍കും. പാലക്കാട് ജില്ലയിലെ ട്രൈബല്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡോ. പ്രഭുദാസിനെ യോഗം ചുമതലപ്പെടുത്തി.
അട്ടപ്പാടിയിലെ 157 ആദിവാസി ഊരുകളില്‍ മുതുക, ഇരുള വിഭാഗങ്ങള്‍ക്കായി 7.84 കോടിയുടെ സമഗ്ര കാര്‍ഷിക പദ്ധതി നടപ്പാക്കും. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമാണ് പദ്ധതി നടപ്പാക്കുന്നത്. വളരെ കുറച്ച് അധ്വാനം വേണ്ടിവരുന്നതും കൂടുതല്‍ വിളവ് നല്‍കുന്നതുമായ പ്രിസിഷന്‍ ഫാമിംഗാണ് നടപ്പാക്കുക. അട്ടപ്പാടിയിലെ നല്ലസിങ്കത്താണ് പദ്ധതി നടപ്പാക്കുന്നത്.
അട്ടപ്പാടിയില്‍ ഒരു എക്‌സൈസ് ഓഫീസ് മാത്രമാണുള്ളതെന്ന് മന്ത്രി കെ ബാബു പറഞ്ഞു. വ്യാജമദ്യ നിര്‍മാണം തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒരു സി ഐ ഉള്‍പ്പെടെ 15 പേരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. കുറഞ്ഞ ചെലവില്‍ പ്രദേശത്ത് മദ്യം ലഭ്യമാക്കണമെന്നാണ് അട്ടപ്പാടിയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. എന്നാല്‍ അബ്കാരി നിയമപ്രകാരം ഇതനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ എ ഡി എഫ് ഫണ്ട് ചെലവഴിച്ച് സബ്‌സെന്ററുകളും കമ്മ്യൂണിറ്റി സെന്ററുകളും ആശുപത്രികളും നവീകരിക്കും. 28 സബ്‌സെന്ററുകളില്‍ 10 എണ്ണം ഉടന്‍ നവീകരിക്കും. അട്ടപ്പാടിയില്‍ റീഹാബിലിറ്റേഷന്‍ സെന്ററും ഡി അഡിക്ഷന്‍ സെന്ററും ആരംഭിക്കും. ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ 28 ലക്ഷം ചെലവിട്ട് കുടിവെള്ള പദ്ധതി നടപ്പാക്കും. കോട്ടത്തറ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ അടിയന്തരമായി നിയമിക്കും. ഇപ്പോഴുള്ള ഗൈനക്കോളജിസ്റ്റ് അവധിയില്‍ പോയ ഒഴിവിലാണിത്. ഇവിടെ ബ്ലഡ് സ്റ്റോറേജ് സംവിധാനം സജ്ജീകരിക്കും. പ്രദേശത്ത് അയണ്‍ ഫോളിക് ഗുളികകളുടെ വിതരണം ഉടന്‍ ആരംഭിക്കും. മെഡിക്കല്‍ ക്യാമ്പുകളില്‍ ആഹാരം നല്‍കാനും തീരുമാനമായി. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സുബയ്യ ഐ എ എസിനെ സ്‌പെഷ്യല്‍ ഓഫീസര്‍ ആയി നിയമിക്കാനും യോഗം തീരുമാനിച്ചു.