സമാജ്‌വാദി പാര്‍ട്ടി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Posted on: April 25, 2013 12:37 pm | Last updated: April 25, 2013 at 12:38 pm

നോയ്ഡ: സമാജ്‌വാദി പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗം ചമന്‍ ഭാട്ടിയ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ഗ്രേറ്റര്‍ നോയ്ഡയിലുള്ള ദാബ്ര ഗ്രാമത്തിലുള്ള വസതിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഭാട്ടിയുടെ രണ്ട് അംഗരക്ഷകരും അവധിലായിരുന്നു. രാഷ്ട്രീയത്തിലെത്തും മുമ്പെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തിയിരുന്ന ഭാട്ടിക്ക് വധഭീഷണയുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് അംഗരക്ഷകരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിരുന്നത്.പൂര്‍വ്വവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞവര്‍ഷം ചമന്‍ ഭാട്ടിയുടെ ഭാര്യാസഹോദരനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.ചമന്‍ ഭാട്ടിയെ കൊലപ്പെടുത്താനായി എത്തിയവര്‍ അബദ്ധത്തില്‍ അന്ന് വീട്ടിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യാസഹോദരനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദാബ്ര ഗ്രാമ വാസികള്‍ പ്രതിഷേധിക്കുകയാണ്.