രാമനാട്ടുകരയില്‍ ക്യാന്‍സര്‍ വിമുക്ത പദ്ധതിക്ക് തുടക്കം

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 1:53 am

രാമനാട്ടുകര: രാമനാട്ടുകര പഞ്ചായത്തിനെ ക്യാന്‍സര്‍ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ജീവശാന്തി’ പദ്ധതിയുടെ വളണ്ടിയര്‍ പരിശീലന പരിപാടി എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവശക്തി യൂത്ത് സെന്ററിന്റെയും രാമനാട്ടുകര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്. ഐ എസ് ആര്‍ ഒവിന്റെ സാറ്റലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജീവനി മൊബൈല്‍ ടെലി മെഡിസിന്‍ പദ്ധതിയുടെ സഹായത്തോടെ നടക്കുന്ന ക്യാമ്പിന് ലോകാരോഗ്യ സംഘടനയുടെയും തിരുവനന്തപുരം ആര്‍ സി സി യുടെയും പങ്കാളിത്തത്തോടെ കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തുക, ആരംഭത്തിലെ ചെറുക്കാന്‍ വേണ്ട ബോധവത്കരണം നടത്തുക. വിദഗ്ധ ചികിത്സ ലഭ്യമാക്കുക, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗ നിര്‍ണയ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുക എന്നിവയാണ് ‘ജീവശാന്തി’ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം പുഷ്പ, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡി കെ പൈ, ബ്ലോക്ക് മെമ്പര്‍മാരായ കെ ടി റസാഖ്, രാധാഭായ്, പി ആസിഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗോപി കൊടക്കല്ലുപറമ്പ്, കെ പി അബ്ദുസമദ്, വി വി സീനത്ത്, വിജയന്‍ പി മേനോന്‍, സംഘാടക സമിതി ട്രഷറര്‍ പാച്ചീരി സൈതലവി പ്രസംഗിച്ചു. മുന്‍ ഐ എം എ പ്രസിഡന്റ് ഡോ. എം മുഹമ്മദ് അലി വളണ്ടിയര്‍മാര്‍ക്ക് ക്ലാസെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ എം ബാബുരാജ് സ്വാഗതവും കണ്‍വീനര്‍ നിയാസ് ആറ്റുപുറം നന്ദിയും പറഞ്ഞു.