പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമെന്ന് പോലീസ്

Posted on: April 24, 2013 11:50 am | Last updated: April 24, 2013 at 2:45 pm

kannurകണ്ണൂര്‍: നാറാത്ത് പാമ്പുരുത്തി റോഡിന് സമീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പൊലീസ്. റെയ്ഡില്‍ പിടികൂടിയ ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമൊപ്പം വിദേശ കറന്‍സിയും ഇറാനിലേക്ക് പോകാനുള്ള തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ലഭിച്ചതോടെയാണ് തീവ്രവാദ ബന്ധമുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.വിദഗ്ദ പരിശീലനം കിട്ടിയവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്്്. ഇതിനെ തുടര്‍ന്ന്്് ഉത്തരമേഖല എ.ഡി.ജി.പി ശങ്കരന്‍ റെഡ്ഡി ഇന്ന്്് കണ്ണൂരിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അവധിയിലായിരുന്ന കണ്ണൂര്‍ എസ്.പി രാഹുല്‍ നായരും സ്ഥലത്തെത്തി. മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും ഉടന്‍ കണ്ണൂരിലെത്തും. അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് നാറാത്ത് പാമ്പുരുത്തി റോഡിലെ പണിതീരാത്ത കെട്ടിടത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ട് നാടന്‍ ബോംബ്, വടിവാള്‍, സ്‌ഫോടകവസ്തു നിര്‍മാണത്തിനാവശ്യമായ പൗഡര്‍, ചാക്ക്‌നൂല്‍, ആണികള്‍, മൂന്ന് ലിറ്റര്‍ പെട്രോളില്‍ മുക്കിവെച്ച ഇഷ്ടിക, സാദിഖ് മംഗലോടന്‍ എന്നയാളുടെ പേരിലുള്ള ഇറാന്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. ഇഷ്ടിക കമ്പിചുറ്റിയ നിലയിലായിരുന്നു. ഇതിനുപുറമെ റീപ്പര്‍ ഒട്ടിച്ചുണ്ടാക്കിയ ഒരു മനുഷ്യ ആകൃതിയും കണ്ടെടുത്തു. ഇതത്തേുടര്‍ന്ന് 21 പേരെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്തിരുന്നു.
മുഴപ്പിലങ്ങാട് സ്വദേശി ഷഫീഖ്, മുഴപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി. അബ്ദുസ്സമദ്, ഏച്ചൂര്‍ കോട്ടം ആയിഷ മന്‍സിലില്‍ പി.സി. ഫഹദ് (27), തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംവ്രീത്, വേങ്ങാട് കുന്നിരിക്ക പുനക്കായി ഹൗസില്‍ പി. നൗഫല്‍, എടക്കാട് ജമീല മന്‍സിലില്‍ എ.ടി. ഫൈസല്‍ (21), മുഴപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി. ജംഷീര്‍ (20), മുഴപ്പിലങ്ങാട് മറലില്‍ ഹൗസില്‍ പി. ഫഷീഖ് (25), മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റാസയില്‍ സി. റിക്കാസുദ്ദീന്‍, നാറാത്ത് കുമ്മായക്കടവ് ഹൗസില്‍ കെ.കെ. ജംഷീര്‍ (26), മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ പി.വി. അസീസ് (39), എടക്കാട് ബൈത്തുല്‍ ഹൗസില്‍ എ.പി. നിസാജ്(21), മുഴപ്പിലങ്ങാട് ഹൈസ്‌കൂളിനു സമീപം ഷിജിന്‍സ് മന്‍സിലില്‍ വി.ഷിജിന്‍ (23), തലശ്ശേരി നെട്ടൂര്‍ ഷരീഫ മന്‍സിലില്‍ വി.പി. മുഹമ്മദ് അഫ്‌സല്‍ (20), കോയ്യാട് കേളപ്പന്‍ മുക്കില്‍ സുബൈദ മന്‍സിലില്‍ സി.എം. അജ്മല്‍ (21), പിണറായി വെണ്ടുട്ടായി കുന്നിന്റവിട ഹൗസില്‍ കെ.സി. ഹാഷിം(24), എരുവട്ടി കോളൂര്‍ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ്, മുഴപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.പി. റാഷിദ് (21), കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം. അജ്മല്‍ (20), കോട്ടൂര്‍ കാടാച്ചിറ ആസിഫ് മന്‍സിലില്‍ ഒ.കെ. ആഷിക് (26), എടക്കാട് പൊലീസ് സ്‌റ്റേഷനു സമീപം റുവൈദ വില്ലയില്‍ കെ.പി. റബാഹ് (27) എന്നിവരാണ് അറസ്റ്റിലായത്.