ശിവഗിരിയിലെ കാവി തെമ്മാടിത്തം

Posted on: April 24, 2013 6:00 am | Last updated: April 24, 2013 at 10:11 am

ശ്രീനാരായണ ധര്‍മപരിഷത്ത് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്ര മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ച സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംബരാനന്ദ തുടങ്ങിയവരുടെ ഏകാധിപത്യപരമായ നടപടിയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ‘കാവി തെമ്മാടിത്തം’ എന്നാണ്. നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടില്‍ മാറ്റൊരു കാവി തെമ്മാടിത്തത്തിന് കൂട്ടുനിന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് അങ്ങനെയാണ്. ഇതുപോലെ ഉമ്മന്‍ ചാണ്ടി എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ, സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി’ കേരളത്തെ മാറ്റിയെടുക്കാന്‍ തപസ്വാദ്ധ്വായ നിഷ്ഠയോടെ പരിശ്രമിച്ച ശ്രീനാരായണ ഗുരുവിന്റെ ആസ്ഥാനത്ത് കാവിത്തെമ്മാടിത്തം നടപ്പാക്കാന്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും കൂട്ടരും, കാവി ഫാഷിസത്തെ എതിര്‍ക്കാനുള്ള നട്ടെല്ല് എങ്ങനെ നിലനിര്‍ത്താമെന്ന് പഠിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. ബി ജെ പി കൂട്ടുകക്ഷി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. എങ്കിലും അവിടേക്ക് നരേന്ദ്ര മോഡി വരേണ്ടതില്ല എന്നു പറയാന്‍ നിധീഷ് കുമാറിന് കഴിഞ്ഞു. കൂടെയുള്ളവര്‍ക്ക് പോലും കൊള്ളരുതാത്തവനെന്ന ബോധ്യമുള്ള നരേന്ദ്ര മോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ച സന്യാസിമാരും അവരുടെ ക്ഷണം സ്വീകരിക്കാന്‍ രാജപാതയൊരുക്കിക്കൊണ്ട് ഷിബു ബേബി ജോണ്‍ എന്ന തൊഴിലില്ലാ വകുപ്പ് മന്ത്രിയെ ദൂതനായി നരേന്ദ്ര മോഡിയെ മുഖം കാണിക്കാന്‍ പറഞ്ഞയച്ച ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യമന്ത്രിയും കൊള്ളരുതായ്മകളുടെ ആള്‍രൂപങ്ങളായി അധഃപതിച്ചിരിക്കുന്നു. ഈ അധഃപതനത്തെയാണ് മതേതര ജനാധിപത്യ കേരളം ശ്രീനാരായണ ഗുരുവിന്റെ മാനവീയമായ ധര്‍മ ചൈതന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുറന്നു കാണിക്കുന്നത്.

ശിവഗിരിയിലേക്ക് നരേന്ദ്ര മോഡിയെ ക്ഷണിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സന്യാസിമാരാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറയുന്നു. അത് ശരിയാണ്. പക്ഷേ ശിവഗിരിയിലെ സന്യാസിമാരുടെ ഐകകണ്‌ഠ്യേനയുള്ള തീരുമാനപ്രകാരമല്ല നരേന്ദ്ര മോഡിയെ ക്ഷണിച്ചത് എന്നാണ് സ്വാമി സൂക്ഷ്മാനന്ദ പക്ഷം പറയുന്നത്. സ്വാമി പ്രകാശാനന്ദക്കും ഋതംബരാനന്ദക്കും അങ്ങനെ ചെയ്യാനേ കഴിയൂ. കാരണം ശിവഗിരി ഭരണം കൈയാളാന്‍ കുമ്മനം രാജശേഖരന്റെ പാദപൂജ ഏറെ ചെയ്തിട്ടുള്ള അവര്‍ക്ക് നാരായണ ഗുരു ധര്‍മത്തോടുള്ളതിനേക്കാള്‍ ഭക്തി നരേന്ദ്ര മോഡിയുടെ കാവി ഫാഷിസത്തോടു തോന്നാതിരുന്നാലേ അത്ഭുതപ്പെടേണ്ടൂ. ചുരുക്കത്തില്‍ എല്ലാ സന്യാസിമാരുടെയും അഭിപ്രായപ്രകാരമല്ല ശിവഗിരിയിലേക്ക് നരേന്ദ്ര മോഡി എത്തുന്നത് എന്നതിനാലാണ് പ്രകാശാനന്ദ ഋതംബരാനന്ദ പ്രഭൃതികളുടെ നടപടിയെ കാവി തെമ്മാടിത്തം എന്നു വിശേഷിപ്പിക്കേണ്ടിവന്നത്. നരേന്ദ്ര മോഡി എന്ന കാവി ഫാഷിസ്റ്റിന് വേദിയൊരുക്കാന്‍ കാവിത്തെമ്മാടികള്‍ക്കേ കഴൂയൂ- ഇനം ഇനത്തോട് ചേരും എന്നാണല്ലോ!
നാരായണ ഗുരുവിന്റെ സിമന്റ് പ്രതിമയില്‍ കാക്ക കാഷ്ഠിച്ചാല്‍ ആ കാക്കയെ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ആഹ്വാനം പുറപ്പെടുവിക്കുന്ന വിധം നാരായണ ഗുരുധര്‍മ ഭക്തനാണ് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളിക്കും ഈ പിതൃഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കും നരേന്ദ്ര മോഡിയെന്ന നരാധമനായ കാവിഭീകരന്‍ മാനവികതയുടെ മഹാസന്നിധാനമായ ശിവഗിരിയില്‍ പാദപൂജയേറ്റ് ശ്രീനാരായണ ധര്‍മത്തെ അപഹസിക്കാന്‍ എഴുന്നള്ളിക്കപ്പെട്ടതിനോട് പ്രതിഷേധമില്ല. ‘ചെത്തരുത്, കുടിക്കരുത്, വില്‍ക്കരുത്, കുടിക്കരുത്’ എന്ന് ഉദ്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാന തലപ്പത്ത് മദ്യവ്യാപാരിയായ വെള്ളാപ്പിള്ളിക്കിരിക്കാമെങ്കില്‍ ‘ഒരു പീഡയുറുമ്പിനും വരുത്തരുതെന്നു’ പാടിയ ശ്രീനാരായണന്റെ ധര്‍മ പരിഷത്ത് ഉദ്ഘാടനം ചെയ്യാന്‍ മുസ്‌ലിംകളായിപ്പോയി എന്ന കാരണത്താല്‍ മാത്രം ആയിരങ്ങളെ കൊന്നും കൊല്ലാതെയും പീഡിപ്പിച്ച നരേന്ദ്ര മോഡി എത്തുന്നതില്‍ എന്താണ് തെറ്റെന്ന് കരുതാനേ വെള്ളാപ്പിള്ളിക്കും കൂട്ടര്‍ക്കും കഴിയൂ. ഇവരൊക്കെ നയിച്ചു നയിച്ച് ശ്രീനാരായണ ധര്‍മ പരിപാലന യോഗം ഫലത്തില്‍ ശ്രീ നരേന്ദ്ര മോഡി ധര്‍മപരിപാലന യോഗമായി അധഃപതിച്ചു എന്നേ പറയേണ്ടു. പിന്നെ എങ്ങനെ ശിവഗിരി സുകുമാര്‍ അഴീക്കോട് മുമ്പേ പറഞ്ഞതുപോലെ ‘ശവഗിരി’ ആകാതെ പോകും! എന്തായാലും കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നതു പോലെ നാരായണ ധര്‍മ പരിഷത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ചില കാവിത്തെമ്മാടികളുടെ ഒത്താശയാല്‍ സാധിക്കുമെന്ന് വരുന്നതു കൊണ്ടൊന്നും നരേന്ദ്ര മോഡിയെന്ന മരണ വ്യാപാരിയുടെ പ്രതിച്ഛായക്ക് ലവലേശം മാറ്റമുണ്ടാക്കാന്‍ പോകുന്നില്ല.
ഗുജറാത്തില്‍ അരിഞ്ഞുവീഴ്ത്തപ്പെട്ട മനുഷ്യരുടെ ചോരക്കറയും നിരാലംബരുടെ നിലവിളികളും വേട്ടയാടുന്ന ഉടലും ആത്മാവുമുള്ള നരേന്ദ്ര മോഡിയെന്ന പാപസത്വത്തിന്, ഗംഗാ നദിയിലെ മുഴുവന്‍ വെള്ളവുമുപയോഗിച്ച് തീര്‍ഥാഭിഷേകം ചെയ്താലും പാപമോചനം കിട്ടില്ല!. ഇത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വെളിവാകും. അതുവരെ പ്രധാനമന്ത്രിയാകാനുള്ള മതേതര പ്രതിച്ഛായക്ക് വേണ്ടി ശിവിഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കാവിത്തെമ്മാടികള്‍ ഒരുക്കുന്ന വേദിയില്‍ നരേന്ദ്ര മോഡിക്ക് പ്രസംഗിക്കാം. എന്നാല്‍ നരേന്ദ്ര മോഡിയും അയാള്‍ക്ക് വേദിയൊരുക്കുന്നവരും ഒരു കാര്യം മറക്കരുത്. ചെന്നായയെ ആട്ടിന്‍ തോലണിയിച്ചതു കൊണ്ട് ചെന്നായ ചെന്നായയല്ലാതാകില്ല എന്നതാണത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാവി ഫാസിസ്റ്റ് ജനുസ്സില്‍പ്പെട്ട ചെന്നായയാണ് നരേന്ദ്ര മോഡി. ശിവഗിരി സന്ദര്‍ശനം കൊണ്ടൊന്നും അയാള്‍ മതേതരനാകില്ല; അധ്യാത്മികനുമാകില്ല.

ALSO READ  നീതിയുടെ സുഗന്ധമുയരുന്ന ഇടം