Connect with us

National

ബി ജെ പി കര്‍ണാടകയെ കൊള്ളയടിച്ചു: രാഹുല്‍

Published

|

Last Updated

സിന്‍ധനൂര്‍ (കര്‍ണാടക): അധികാരത്തിലിരുന്ന് സംസ്ഥാനത്തെ കൊള്ളയടിക്കുന്ന ബി ജെ പി, നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വടക്കന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം ബി ജെ പി ലംഘിച്ചു. എങ്ങനെ സംസ്ഥാനത്തിന്റെ പൊതു പണം കൊള്ളയടിക്കാമെന്നേ അവര്‍ ചിന്തിച്ചിരുന്നുള്ളു. പൊതു പണം കൊള്ളയടിക്കുന്നതിലെ പതാകവാഹകരാണ് അവര്‍ “- രാഹുല്‍ ആരോപിച്ചു. റാലിയില്‍ പങ്കെടുത്ത ജനക്കൂട്ടത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. ആര്‍പ്പ് വിളികളോടെ അവര്‍ അതിനോട് പ്രതികരിച്ചു.

നിശ്ചിത സമയത്തിലും ഒന്നര മണിക്കൂര്‍ വൈകിയാണ് രാഹുല്‍ പരിപാടിക്കെത്തിയത്. ചുട്ടുപൊള്ളുന്ന വെയിലത്ത് ജനങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍ ഖേദപ്രകടനത്തോടെയാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. “ബി ജെ പി ഇവിടെ പരാജയപ്പെടും. ഞങ്ങള്‍ക്കത് ഡല്‍ഹിയില്‍ കേള്‍ക്കാം. കൂടുതല്‍ തൊഴിലവസരങ്ങള്‍, ആവശ്യത്തിന് വെള്ളം, 24 മണിക്കൂറും വൈദ്യുതി വിതരണം തുടങ്ങിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ജനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ വിജയിപ്പിച്ചു. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും അവര്‍ പാലിച്ചില്ല. ഡല്‍ഹിയില്‍ അഴിമതിയെ കുറിച്ച് പ്രസംഗിക്കുന്ന ബി ജെ പി, നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴിമതി ആരോപണം നേരിടുന്ന രണ്ട് സഹോദരന്മാര്‍ക്ക് നിയമസഭയിലേക്ക് സീറ്റ് നല്‍കിയിരിക്കുകയാണ്; ബെല്ലാരിയിലെ ഖനന കുബേരന്മാരായ സഹോദരങ്ങള്‍ ജനാര്‍ദന റെഡ്ഢിയേയും കരുണാകര റെഡ്ഢിയേയും പരാമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.
“ഇരുമ്പയിര് വിഭവം നിങ്ങളുടെതാണ്. ഇവിടെ ഉരുക്ക് കമ്പനികള്‍ സ്ഥാപിക്കണം. അങ്ങനെ ഉരുക്കാണ് ചൈനയിലേക്ക് കയറ്റി അയക്കേണ്ടത്. ബി ജെ പി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? അവര്‍ ഇരുമ്പയിര് ചൈനയിലേക്ക് കയറ്റി അയച്ച് കോടികള്‍ സമ്പാദിക്കുകയാണ്. വിധാന്‍ സഭയില്‍ (നിയമസഭ) സീറ്റുറപ്പിക്കാന്‍ അവര്‍ ഇരുമ്പയിര് കൊള്ളയടിക്കുകയാണ്”. രാഹുല്‍ ആരോപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ബി ജെ പി കര്‍ണാടകയുടെ പൊലിമ കെടുത്തിക്കളഞ്ഞു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബി ജെ പി കര്‍ണാടകയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.