Connect with us

National

'93 മുതലുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന് സമിതി

Published

|

Last Updated

kalkariന്യൂഡല്‍ഹി: 1993 മുതല്‍ അനുവദിച്ച കല്‍ക്കരിപ്പാടങ്ങളില്‍ ഭൂരിഭാഗവും അനധികൃതമായാണെന്നും അന്നു മുതലുള്ള ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും പാര്‍ലിമെന്ററി സമിതി. 93 മുതല്‍ അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് അന്വേഷിക്കണമെന്നും കല്യാണ്‍ ബാനര്‍ജി അധ്യക്ഷനായ കല്‍ക്കരി, ഉരുക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ചു.

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് മുഴുവനായും അന്വേഷിക്കണം. അനധികൃതമായാണ് അനുമതി നല്‍കിയത്. ഇതുവരെ പ്രവര്‍ത്തനം തുടങ്ങാത്തവയുടെ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ലോക്‌സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ കല്യാണ്‍ ബാനര്‍ജി പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് വഴി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റവന്യൂ വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍, എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് ബാനര്‍ജി വ്യക്തമാക്കിയിട്ടില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കല്‍ക്കരി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യമല്ലാതെയാണ് ലൈസന്‍സുകള്‍ നല്‍കിയതെന്നും ഭരണത്തില്‍ പിടിമുറുക്കിയ ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമാണ് ലൈസന്‍സുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1993- 2010 കാലത്താണ് ഇത്തരത്തില്‍ കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കിയിട്ടുള്ളത്. യോഗ്യതയില്ലാത്ത കമ്പനികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ ലൈസന്‍സ് റദ്ദാക്കി കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമിതി നിര്‍ദേശിച്ചു.