ആരോഗ്യ ഇന്‍ഷ്വറന്‍സ് റീ രജിസ്‌ട്രേഷന്‍ ഫോട്ടോ എടുക്കല്‍ തടസ്സപ്പെട്ടു

Posted on: April 23, 2013 11:16 am | Last updated: April 23, 2013 at 11:16 am

മേപ്പയൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ 2013-14 വര്‍ഷത്തെ റീ റജിസ്‌ട്രേഷന്റെ ഭാഗമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഫോട്ടോ എടുക്കുന്ന പ്രക്രിയ രണ്ടാംദിവസവും മുടങ്ങിയതോടെ അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു. 21, 22 തീയതികളില്‍ ചെറുവണ്ണൂര്‍, ആവള, കക്കറമുക്ക്, കണ്ടീത്താഴ, മുയിപ്പോത്ത് എന്നീ കേന്ദ്രങ്ങളിലായിരുന്ന ഫോട്ടോ എടുക്കല്‍.
ഈ കേന്ദ്രങ്ങളില്‍ അതിരാവിലെ തന്നെ ആയിരക്കണക്കിന് പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 10 മണിയോടെയാണ് സെന്ററുകളില്‍ ഫോട്ടോ എടുക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിയത്. മുയിപ്പോത്ത്, കണ്ടീത്താഴ എന്നീ സെന്ററുകളില്‍ ഒരു കമ്പ്യൂട്ടര്‍ പോലും പ്രവര്‍ത്തിച്ചില്ല. കക്കറമുക്ക് സെന്ററില്‍ ഉദ്യോഗസ്ഥര്‍ വന്നതേ ഇല്ല.
അതിരാവിലെ തന്നെ ജോലിക്കൊന്നും പോകാതെ വൃദ്ധരും കൈക്കുഞ്ഞുമായി സെന്ററുകളില്‍ എത്തിയ സ്ത്രീകളുള്‍പ്പെടെ ഉദ്യോസ്ഥരുടെ നിരുത്തരവാദ നടപടികളില്‍ ക്ഷുഭിതരായി. പലയിടത്തും ഉദ്യോഗസ്ഥരുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പ്രശ്‌നത്തിന് പരിഹാരം കാണാതായതോടെ അപേക്ഷകര്‍ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പ്രതിഷേധക്കാരുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്‍ഷ്വറന്‍സ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതോടെയാണ് ജനം പിരിഞ്ഞുപോയത്.
പഞ്ചായത്തിലെ 14, 15 വാര്‍ഡുകളും ഒന്നാം വാര്‍ഡിലെ ചില ഭാഗവും മെയ് മാസം 12, 13 തീയതികളില്‍ ഫോട്ടോ എടുക്കുമെന്ന് ഇന്‍ഷ്വറന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ പറഞ്ഞു.
ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് ഈ വര്‍ഷം റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് നല്‍കിയത്. എന്നാല്‍ ഫോട്ടോ എടുക്കല്‍ ജോലി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സിനോ’ എന്ന കമ്പനിക്കാണ് പുറംകരാര്‍ നല്‍കിയത്. ഒരു ദിവസം 5500 പേരെ മാത്രമാണ് ഫോട്ടോ എടുക്കേണ്ടതുള്ളൂ എന്നാണ് ചിയാക്കിന്റെ നിര്‍ദ്ദേശം. എന്നാല്‍ പ്രൈവറ്റ് കമ്പനി ലാഭം കൊയ്യാനായി രാവിലെ ഒമ്പത് മുതല്‍ രാത്രി 10 മണിവരെ 9000 – 10000 വരെ ആളുകളുടെ ഫോട്ടോ എടുക്കേണ്ടിവരുന്നതായി സിനോ ടെക്‌നിക്കല്‍ സ്റ്റാഫ് പറയുന്നു.
കൃത്യമായി വരുമാനം ലഭിക്കാതായതോടെയും ജോലിഭാരം കൂടിയതോടെയും ടെക്‌നിക്കല്‍ സ്റ്റാഫ് സമരത്തിലായതാണ് സെന്ററുകളില്‍ ഫോട്ടോ എടുക്കല്‍ പ്രക്രിയ തടസ്സപ്പെട്ടതെന്നാണ് ടെക്‌നിക്കല്‍ പ്രതിനിധി പറയുന്നത്.
ജില്ലയില്‍ 396000 പേരുടെ ഫോട്ടോ എടുക്കാനായുണ്ട്. അതില്‍ 217000 പേരെ മാത്രമാണ് ഫോട്ടോ എടുത്തത്. മെയ് 15ന് ഫോട്ടോ എടുത്ത് മുഴുവന്‍ കുടുംബങ്ങളും ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം ചെയ്യണമെന്നിരിക്കെ പ്രൈവറ്റ് കമ്പനിയുടെ നടപടി അപേക്ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
എന്നാല്‍ കമ്പനിയുടെ നിരുത്തരവാദിത്വം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് കലക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനായി ഏജന്‍സിയായ റിലയന്‍സിന്റെയും സിനോ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ച് വരുത്തിയിട്ടുണ്ടെന്നും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നും ചിയാക്ക് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.