അക്ഷയ സെന്ററുകളുടെ അനാസ്ഥ: കെ എസ് യു അഡീഷണല്‍ തഹസില്‍ദാരെ ഉപരോധിച്ചു

Posted on: April 23, 2013 11:05 am | Last updated: April 23, 2013 at 11:05 am

പൊന്നാനി: അക്ഷയ സെന്ററുകള്‍ വഴി നടപ്പിലാക്കിയ നാറ്റ് വിറ്റി, കമ്യൂണിറ്റി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാന്‍ എടുക്കുന്ന കാലതാമസം ഒഴിവാക്കുക, കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും പരിശീലനം ലഭിക്കാത്ത സ്റ്റാഫിനെ നിയമിക്കുകയും അമിത ഫീസ് ചുമത്തി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന അക്ഷയ സെന്ററുകള്‍ക്കെതിരെ നടപടിയെടുക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിന് അനാസ്ഥ കാണിക്കുന്ന വില്ലേജുകളെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു പൊന്നാനി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഡീഷണല്‍ തഹസില്‍ദാറെ ഒരു മണിക്കൂറോളം ഉപരോധിച്ചു.
ഉപരോധസമരം കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി റംശാദ് ഉദ്ഘാടനം ചെയ്തു. ഇ ആര്‍ ലിജേഷ് അധ്യക്ഷത വഹിച്ചു. സുജീര്‍ പൊന്നാനി, സാബിത്ത്, റഹീബ്, ഫാസില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കെ എസ് യു നേതാക്കളുമായി അഡീഷണല്‍ തഹസില്‍ദാര്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.