കൊണ്ടോട്ടി ഖുബ്ബ പുനരുദ്ധരിക്കാന്‍ 15 ലക്ഷം അനുവദിച്ചു

Posted on: April 23, 2013 10:57 am | Last updated: April 23, 2013 at 10:57 am

കൊണ്ടോട്ടി: കൊണ്ടോട്ടിയുടെ ചരിത്രവുമായി ഇഴകിച്ചേര്‍ന്ന ഖുബ്ബ പുനരുദ്ധരിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചതായി ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ മാപ്പില്‍ കൊണ്ടോട്ടി ഖുബ്ബയും സ്ഥാനം പിടിച്ചതാണ്.
മഹാരാഷ്ട്രയിലെ കല്യാണിലെ മുഹമ്മദ് ഷാ തെക്കെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കൊണ്ടോട്ടിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. ശീ ഈ ആശയങ്ങള്‍ പ്രബോധനം ചെയ്ത അദ്ദേഹത്തിന് ഏറനാട്, വള്ളുവനാട് ദേശങ്ങളില്‍ നിരവധി അനുയായികളുണ്ടായി.
കൊണ്ടോട്ടി ത്വരീഖത്ത് എന്ന പേരില്‍ ഈ പ്രസ്ഥാനം അറിയപ്പെട്ടു. മമ്പുറം തങ്ങള്‍ ഈ പ്രസ്ഥാനവുമായി അകന്നു നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. പില്‍കാലത്ത് സമസ്തയും ഈ തരീഖത്തിനെതിരെ പ്രമേയം പാസാക്കി. മുഹമ്മദ് ഷായുടെ ഖബറിടമായ ഖുബ്ബയിലേക്ക് അനുയായികള്‍ ആണ്ട് തോറും പെട്ടി വരവുകളുമായി എത്തിത്തുടങ്ങി.
ഇത് പിന്നീട് പരിഷ്‌കരിച്ച് കൊണ്ടോട്ടിയുടെ ഉത്സവമായിമാറി. മധുരയില്‍ നിന്നെത്തിയ ശില്‍പികളാണ് വലിയ ഒറ്റക്കല്‍ കരിങ്കല്‍ പാളികള്‍ കൊണ്ട് ഖുബ്ബ നിര്‍മിച്ചത്.
കേരളത്തില്‍ ഇതുപോലെ മറ്റൊരു നിര്‍മിതിയുമില്ല. സംസ്ഥാനം രൂപീകൃതമായ കാലം തന്നെ ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ ഖുബ്ബക്ക് ആദ്യമായാണ് ഒരു സര്‍ക്കാര്‍ വകുപ്പില്‍നിന്നു നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നത്.