Connect with us

National

മൂന്നാം മുന്നണി അനിവാര്യം: അഖിലേഷ് യാദവ്

Published

|

Last Updated

ചെന്നൈ: അവസരങ്ങളെല്ലാം നല്‍കിയിട്ടും കോണ്‍ഗ്രസും ബി ജെ പിയും പരാജയപ്പെട്ടിരിക്കെ, മൂന്നാം മുന്നണി അനിവാര്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ചെന്നൈക്കടുത്ത മാമല്ലപുരത്ത് പാട്ടാളി മക്കള്‍ കക്ഷി സംഘടിപ്പിച്ച യുവജനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ മൂന്നാം ബദല്‍ രൂപവത്കരിക്കുന്ന കാര്യം എ ഐ എ ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ ജയലളിതയുമായി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, അവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ അത് പറയാനാകൂ എന്ന് അഖിലേഷ് പ്രതികരിച്ചു. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് നല്ലതും ചീത്തയുമാണെന്ന് അഖിലേഷ് പറഞ്ഞു.” ഞങ്ങളുടെ ഭാഗത്ത് നിന്നും നല്ലതാണ്. അവരുടെ ഭാഗത്തു നിന്നും ചീത്തയുമാണ്. അവര്‍ ചീത്ത കാര്യങ്ങള്‍ പറയും. ഞങ്ങള്‍ കേള്‍ക്കും. മതനിരപേക്ഷ മുന്നണിയുടെ ഭാഗമായതിനാലാണ് ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്താങ്ങുന്നത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നേതാവ് (മുലായം) തീരുമാനിക്കും”. നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും തടയാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോഡി- രാഹുല്‍ ഗാന്ധി ഏറ്റുമുട്ടലിനെ കുറിച്ച് ആരാഞ്ഞപ്പോള്‍, “സമ്പന്നരും ബിസിനസുകാരും സി ഐ ഐയേയും ഫിക്കിയേയും ഉപയോഗിച്ച് അവരുടെ നേതാക്കളെ തിരഞ്ഞെടുക്കും. എന്നാല്‍ ശബ്ദമില്ലാത്തവര്‍ക്കും ഒരു നേതാവിനെ വേണം” അഖിലേഷ് യാദവ് പറഞ്ഞു.
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തെകുറിച്ച് സംസാരിക്കവെ, സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യു പി മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ യു പി സര്‍ക്കാര്‍ വിജയം വരിച്ചിട്ടുണ്ട്. ക്രമസമാധാനപാലന രംഗത്ത് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യു പി ഒരു വലിയ സംസ്ഥാനമാണ്. ക്രമസമാധാന പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റക്കാരായ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ പോലും യു പി സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. അഖിലേഷ് അവകാശപ്പെട്ടു.

Latest