Connect with us

Gulf

ജോലിക്ക് ചേരും മുമ്പ് കമ്പനിയുടെ നിലവാരം അറിയാന്‍ അവസരം

Published

|

Last Updated

ദോഹ: ജോലിക്ക് ചേരാന്‍ നാട്ടില്‍ നിന്ന് പുറപ്പെടും മുമ്പ് കമ്പനിയുടെ നിലവാരവും പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ തൊഴിലാളികള്‍ക്ക് അവസരമൊരുങ്ങുന്നു. ജോലി ചെയ്യാന്‍ പോകുന്ന കമ്പനി ഏത് തരത്തിലുള്ളതാണെന്നതിന്റെ വിശദാംശങ്ങള്‍ തൊഴിലാളികള്‍ക്ക് ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനമാണ് വരുന്നത്. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ 65,000 കമ്പനികളെ ഉള്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം സമഗ്ര പഠനം നടത്തിയിരുന്നു. കമ്പനികളെ അവയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തൊഴില്‍ ചെയ്യാന്‍ അനുയോജ്യമല്ലാത്ത കമ്പനികളെയാണ് സി വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. തൊഴില്‍ വിസ വില്‍ക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുക, ശമ്പളം കൃത്യമായി നല്‍കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്ന കമ്പനികള്‍ സി വിഭാഗത്തിലായിരിക്കും. തൊഴിലാളികളോട് മാന്യമായി പെരുമാറുകയും തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്ന കമ്പനികളെയാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ മിക്ക കമ്പനികളും ബി വിഭാഗത്തിലാണ്. ബി വിഭാഗത്തില്‍ പെട്ട കമ്പനികള്‍ തൊഴില്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെങ്കിലും അവ ഗുരുതരമല്ല. ഫീല്‍ഡ് സര്‍വ്വെയുടെയും കമ്പനികളുമായി നടത്തുന്ന ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തില്‍ ആറ് മാസം കൂടുമ്പോള്‍ പട്ടിക പരിഷ്‌കരിക്കും. ഇതിനനുസരിച്ച് അവ ഉള്‍പ്പെടുന്ന വിഭാഗവും മാറിക്കൊണ്ടിരിക്കും. എ വിഭാഗത്തിലെ കമ്പനികള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോടും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും കമ്പനികളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

---- facebook comment plugin here -----

Latest