ഫുള്‍ഹാമിനെ തോല്‍പ്പിച്ചു; ആഴ്‌സണല്‍ മൂന്നാമത്‌

Posted on: April 21, 2013 12:48 pm | Last updated: April 21, 2013 at 12:50 pm

fulham

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. മങ്ങലോടെയാണ് സീസണ്‍ തുടങ്ങിയതെങ്കിലും ഒടുവിലേക്ക് നീങ്ങുമ്പോള്‍ ആളിപ്പടരുകയാണ് ആഴ്‌സണല്‍. ഫുള്‍ഹാമിനെതിരെ ഒരു ഗോള്‍ മാത്രമേ അടിച്ചുള്ളൂ എങ്കിലും ഉജ്ജ്വല കളിയാണ് ഗണ്ണേഴ്‌സ് പുറത്തെടുത്തത്.

ഒന്നാം പകുതിയുടെ 43ാം മിനുട്ടില്‍ മെറ്ററാസ്‌കറാണ് വിജയഗോള്‍ നേടിയത്. ലോറന്റോയുടെ ക്രോസ് കൃത്യതയോടെ വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു മെറ്ററാസ്‌കര്‍. 12ാം മിനുട്ടില്‍ ഫുള്‍ഹാമിന്റെ മിഡ്ഫീല്‍ഡര്‍ സിഡ്‌വെല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങുകയായിരുന്നു ഫുള്‍ഹാം. സിഡ്‌വെലിന്റെ അഭാവം മധ്യനിരയില്‍ ഫുള്‍ഹാമിനെ ദുര്‍ബലമാക്കിയിരുന്നു.

വിജയത്തോടെ ചെല്‍സിയെ പോയന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് മാറ്റാനും ആഴ്‌സണലിനായി. ചെല്‍സിക്ക് 61 പോയിന്റും ആഴ്‌സണലിന് 63 പോയിന്റുമായി.

പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റിയില്‍ നിന്നും നാലു പോയിന്റ് അകലം കുറക്കാനും അവര്‍ക്കായി.