ചേളാരി: പാചക വാതക വിതരണത്തിന് ബദല്‍ സംവിധാനം

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:43 am

കോഴിക്കോട്: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലെ തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പാചകവാതക വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. തൊഴിലാളി സംഘടനകളുടെ നിസ്സഹകരണ സമീപനം മൂലം 2013 ജനുവരി മുതല്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പാചകവാതക വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ജില്ലകളില്‍ കൊച്ചിയില്‍ നിന്ന് കൂടുതല്‍ പാചകവാതക സിലിന്‍ഡറുകള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഫെബ്രുവരിയില്‍ ലോഡിംഗ്, അണ്‍ലോഡിംഗ് കോണ്‍ട്രാക്ടുകള്‍ പുതുക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളും തമ്മിലുള്ള വേതന തര്‍ക്കം പരിഹരിക്കപ്പെടാത്തതാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി മുടങ്ങാന്‍ കാരണം.

ജില്ലാ കലക്ടറുടെയും അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ പലവട്ടം നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. തൊഴിലാളികളുടെ ആവശ്യപ്രകാരം ഇടക്കാല വേതനം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം നല്‍കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറായിട്ടും പുതിയ ആവശ്യം ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ സമരം തുടരുകയാണ്. ചേളാരി പ്ലാന്റിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാ പോലീസ് സൂപ്രണ്ടിനും അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ക്കും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയിട്ടും മുഖവിലക്ക് എടുക്കാതെ തൊഴിലാളി സംഘടനകള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ഐ ഒ സി ശക്തമായി ഇടപെടുമെന്നും പത്രകുറിപ്പില്‍ വ്യക്തമാക്കി.