പഞ്ചാബിനെതിരെ സണ്‍റൈസിന് അഞ്ച് വിക്കറ്റ് വിജയം

Posted on: April 19, 2013 11:52 pm | Last updated: April 19, 2013 at 11:52 pm
thisara-batting (1)
ഹൈദറാബാദിനെ വിജയത്തിലെത്തിച്ച തിസാരപെരേരയുടെ ബാറ്റിംഗ്‌

ഹൈദരാബാദ്: കിംഗ്സ ഇലവന്‍ പഞ്ചാബിനെതിരേ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് അഞ്ച് വിക്കറ്റ് വിജയം. ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മൂന്നാമത്തെ തോല്‍വിയാണിത്.നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പത് വിക്കറ്ര് നഷ്ടത്തില്‍ 124 റണ്‍സെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഏഴ് പന്ത് ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ്് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 46 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. അവസാനത്തെ രണ്ടോവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന സണ്‍റൈസേഴ്‌സിനു വേണ്ടി അസര്‍ മഹമ്മൂദ് എറിഞ്ഞ 19ാം ഓവറില്‍ മൂന്നു സിക്‌സറുകള്‍ പായിച്ച പെരേര വിജയം തട്ടിയെടുക്കുകയായിരുന്നു. പഞ്ചാബിനു വേണ്ടി ഗോണി രണ്ടും പ്രവീണ്‍ കുമാര്‍, അസര്‍ മഹമ്മൂദ്, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബിന്റെ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനു ഡി കോക്കിനെ ആദ്യ പന്തില്‍ നഷ്ടമായി. പ്രവീണ്‍ കുമാറിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ 48ല്‍ നില്‍ക്കേ റെഡ്ഡിയും പവലിയനില്‍ മടങ്ങിയെത്തി. വിഹാരിയുടെ രൂപത്തില്‍ മൂന്നാം വിക്കറ്റും നഷ്ടമായി. കളി അവസാന ഘട്ടത്തിലേക്കു കടക്കവേ ക്യാപ്റ്റന്‍ കാമറൂണ്‍ വൈറ്റ് (16), സാമന്ത്രേ (10) എന്നിവരേയും അടുത്തടുത്ത് നഷ്ടപ്പെട്ട് സണ്‍റൈസേഴ്‌സ് സമ്മര്‍ദത്തിലായി. എന്നാല്‍ സിക്‌സറുകള്‍ പറത്തിയ പെരേര ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സിന് സമ്മാനിച്ചത് വിജയത്തിന്റെ പുതിയ സൂര്യോദയമായിരുന്നു.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് ഒനമ്പതു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ആഡം ഗില്‍ക്രിസ്റ്റാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
ഡേവിഡ് ഹസി (22), പീയുഷ് ചൗള (23), ഗുര്‍ക്രീത് സിംഗ് (17), മന്‍ദീപ് സിംഗ് (10) എന്നിവരാണ് മറ്റു പ്രമുഖ സ്‌കോറര്‍മാര്‍. ടീമിലേക്കു മടങ്ങിയെത്തിയ പോള്‍ വാല്‍ത്താട്ടി (6) നിരാശപ്പെടുത്തി. അസര്‍ മഹദമ്മൂദ് (4), മന്‍പ്രീത് ഗോണി (പൂജ്യം), വോറ (പൂജ്യം), മസ്‌കരനാണ് (5 നോട്ടൗട്ട്), പ്രവീണ്‍ കുമാര്‍ (മൂന്ന് നോട്ടൗട്ട്) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. സണ്‍റൈസേഴ്‌സിനു വേണ്ടി ഇഷാന്ത് ശര്‍മ്മ, കെ.വി. ശര്‍മ്മ, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡെയില്‍ സ്‌റ്റെയിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.