അരമന രഹസ്യങ്ങളും അഴിമതിയുടെ അഴുക്കുചാലുകളും

Posted on: April 19, 2013 2:04 am | Last updated: April 19, 2013 at 2:04 am

അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകും എന്നത് വിക്കിലീക്‌സ് രേഖകള്‍ ലീക്കാവുന്നതിന് എത്രയോ മുമ്പ് തന്നെ നമ്മള്‍ മലയാളികള്‍ക്കു ബോധ്യമുള്ള കാര്യമാണ്. അതാണല്ലോ അത്തരമൊരു പഴഞ്ചൊല്ല് നമ്മുടെ വായ്‌മൊഴിയായി പ്രചരിക്കാന്‍ കാരണം. ജനാധിപത്യം പൂത്തുലഞ്ഞ നമ്മുടെ കാലത്ത് അരമനകളും ഇല്ല അരചന്മാരും ഇല്ല എന്നാണ് സങ്കല്‍പ്പം. എന്നിട്ടും ഞങ്ങള്‍ ക്രിസ്ത്യാനികളുടെ മെത്രാന്മാര്‍ മാത്രം അവരുടെ ആസ്ഥാന മന്ദിരങ്ങളെ യാതൊരുളുപ്പും കൂടാതെ അരമനകളെന്നു വിളിക്കുന്നു. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. നമുക്ക് നമ്മുടെ വ്യവസ്ഥിതിയുടെ തീരാശാപം ആയി മാറിക്കഴിഞ്ഞ അഴിമതിയെക്കുറിച്ചു തന്നെ അല്‍പ്പം ആലോചിക്കാം.
കോണ്‍ഗ്രസ് വക്താക്കള്‍ എന്തു തന്നെ പറഞ്ഞാലും നമ്മുടെ ഗതകാല പ്രധാനമന്ത്രി കുടുംബത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട രാജ്യസ്‌നേഹത്തിനും അതിന്റെ പേരില്‍ ആ കുടുംബത്തില്‍ നിന്നുതന്നെ ഇന്ത്യയുടെ ഭാവിപ്രധാനമന്ത്രിക്ക് അരിയിട്ടു വാഴ്ച നടത്താനുള്ള പരിശ്രമത്തിനും ഒരു തിരിച്ചടി തന്നെയാണ് ആ കുടുംബത്തെ കേന്ദ്രീകരിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിക്കിലീക്‌സ് രേഖകള്‍. പതിവായി പത്രം വായിക്കുകയും രാഷ്ട്രീയരംഗം നിരീക്ഷിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പുറത്തുവന്ന ഈ രേഖകളില്‍ പുതുതായി യാതൊന്നുമില്ല. ആദര്‍ശ രാഷ്ട്രീയത്തെ, അവസരവാദ രാഷ്ട്രീയം പുറന്തള്ളിയിട്ട് കുറഞ്ഞത് നാല് പതിറ്റാണ്ടുകളെങ്കിലും ആയി. ആദര്‍ശ രാഷ്ട്രീയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാത്തരം സര്‍വാധിപത്യ പ്രവണതകളെയും നിര്‍വീര്യമാക്കുന്നതും അധിനിവേശ ശക്തികളുടെ നിഗൂഢ തന്ത്രങ്ങളോട് ചെറുത്തുനില്‍ക്കുന്നതുമാണ്. പൊതുസമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതിന് ഭരണപക്ഷത്ത് കഷ്ടിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രതിപക്ഷത്ത് രാജഗോപാലാചാരി, രാംമനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെയും കാലം വരെയേ ആദര്‍ശരാഷ്ട്രീയം നിലനിന്നുള്ളൂ. പിന്നീടങ്ങോട്ട് അവസരവാദ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമായിരുന്നു.
ഇന്ദിരയുടെ പിന്‍ഗാമിയാകുമെന്ന് എല്ലാവരും കരുതിയിരുന്നത് മൂത്ത പുത്രന്‍ സഞ്ജയ് ഗാന്ധിയായിരുന്നു. നെഹ്‌റു ഇന്ദിരയെ എന്നതു പോലെ ഇന്ദിര സഞ്ജയനെയും ഈ രംഗത്തു പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. കാര്‍ നിര്‍മാണത്തിലും വിമാനം പറപ്പിക്കലിലും മാത്രം ശ്രദ്ധയൂന്നി കഴിഞ്ഞിരുന്ന ആ യുവാവ് എത്ര എളുപ്പമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ പരമോന്നത നേതൃത്വങ്ങളെ അമ്മാനമാടാന്‍ കഴിയുന്ന പരുവത്തിലേക്ക് മാറിയത്. ഈ ഘട്ടം മുതലേ സാധാരണ ഇന്ത്യക്കാര്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു തുടങ്ങിയുള്ളൂ. എന്നാല്‍ അതിനൊക്കെ എത്രയോ മുമ്പ് തന്നെ ഈ മനുഷ്യനെ ഇന്ത്യന്‍ ഭരണകൂടവുമായുള്ള കോടികളുടെ വ്യാപാര ഇടപാടുകളില്‍ ഇടനിലക്കാരനായി പല വിദേശ കമ്പനികളും ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേനക്കു പരിശീലന പറക്കലിനു വേണ്ട വിമാനങ്ങള്‍ വാങ്ങിപ്പിക്കുന്നതിന് ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ ഒരു ഇടനിലക്കാരനെന്ന നിലയില്‍ സഞ്ജയ് ഗാന്ധിയെ എങ്ങനെ ഉപയോഗിച്ചു എന്നാണ് ഈ ഏപ്രില്‍ ഒമ്പത് മുതല്‍ ഹിന്ദുപത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയ വിക്കിലീക്‌സ് വെളിപ്പെടുത്തലിന്റെ സംക്ഷിപ്ത രൂപം വിശദീകരിക്കുന്നത്. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുന്നതിനുള്ള പദ്ധതികളും സഞ്ജയ് ഗാന്ധിയും ഉപജാപകസംഘവും ചേര്‍ന്ന് ആവിഷ്‌കരിച്ചിരുന്നു എന്നും വിക്കിലീക്‌സ് രേഖ സമര്‍ഥിക്കുന്നു. വിധിയുടെ വിളയാട്ടത്തിനു മുന്നില്‍ സ്വയം കീഴടങ്ങി ജീവിതത്തില്‍ നിന്നുതന്നെ അദ്ദേഹത്തിന് പിന്‍മാറേണ്ടിവന്നപ്പോള്‍ പെട്ടെന്ന് ഇന്ത്യന്‍ ജനതയുടെ തലക്കു മുകളില്‍ വിമാനം ഇറക്കി നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടയാളായിരുന്നല്ലോ പിന്നീട് പ്രത്യക്ഷപ്പെട്ട രാജീവ് ഗാന്ധി.
രാജീവ് ഗാന്ധിയുടെ പൂര്‍വ ചരിത്രം അത്രയൊന്നും സംശുദ്ധമായിരുന്നില്ല എന്നാണ് ഏപ്രില്‍ എട്ടിന് പുറത്തുവന്ന ‘ഹിന്ദു’ വാര്‍ത്ത വ്യക്തമാക്കുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ വെറും ഒരു പൈലറ്റ് മാത്രമായിരുന്ന രാജീവ്ഗാന്ധിയെ സാബാസാഹിയ എന്ന സ്വീഡിഷ് കമ്പനി അതിന്റെ യുദ്ധവിമാനങ്ങള്‍, ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ ഇടനിലക്കാരനായി ഇടപെടുത്തുന്നതിന് സമീപിച്ചതിന്റെ വിശദമായ രേഖകളാണ് ഇപ്പോള്‍ മാധ്യമ നിരീക്ഷകര്‍ക്കു മുമ്പില്‍ ഒരു തുറന്ന പുസ്തകമായി മലര്‍ന്നുകിടക്കുന്നത്. ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന ബോഫേഴ്‌സ് തോക്കിടപാടില്‍ രാജ്യത്തിനു സംഭവിച്ച വന്‍ നഷ്ടം പരിഹരിക്കപ്പെടാതെ പോയതും അതു സംബന്ധിച്ച കേസന്വേഷണം ഒരിടത്തും എത്താതെ പോയതുമൊക്കെ നമ്മള്‍ പലതവണ ചര്‍വിതചര്‍വണം നടത്തി ഉപേക്ഷിച്ച സംഗതികളാണ്. ഈ ഏര്‍പ്പാടില്‍ ഏതെങ്കിലും തരത്തിലുള്ള സംശയത്തിന്റെ ആനുകൂല്യം നല്‍കി രാജീവ് ഗാന്ധിക്ക് മേല്‍ മാധ്യമങ്ങള്‍ തന്നെ പതിച്ചുവെച്ചിരിക്കുന്ന മിസ്റ്റര്‍ ക്ലീന്‍ പരിവേഷത്തിനു തകര്‍ച്ച വരരുതെന്നാഗ്രഹിച്ചിരുന്നവരെ പോലും നിരാശരാക്കുന്നതായിട്ടുണ്ട് ഇപ്പോഴത്തെ ഈ പുതിയ വെളിപ്പെടുത്തലുകള്‍. ഇവരുടെയൊക്കെ യഥാര്‍ഥ പിന്‍ഗാമികളായ രാഹുല്‍ ഗാന്ധി ഒരു വശത്തും വരുണ്‍ ഗാന്ധി മറുവശത്തും നിന്നുകൊണ്ടുള്ള ഒരു വടംവലി മത്സരമാണ് 2014 ലെ പൊതുതിരഞ്ഞെടുപ്പ് നാടകത്തിന്റെ റിഹേഴ്‌സലെന്ന നിലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിക്കിലീക്‌സ് വെളിപാടുകള്‍ കോണ്‍ഗ്രസിനെക്കാള്‍ അധികം വെട്ടിലാക്കിയിരിക്കുന്നത് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി ജെ പിയെ ആണ്. കോണ്‍ഗ്രസിനെതിരെ ആഞ്ഞുവീശാന്‍ പാകത്തില്‍ വീണുകിട്ടിയ ഈ ആയുധങ്ങളില്‍ തൊടാന്‍ പോലും ബി ജെ പി ധൈര്യപ്പെടുന്നില്ല. കാരണം ഒരേ കുടുംബത്തിലെ രണ്ട് പുത്രവധുക്കളും അവരുടെ പുത്രന്മാരും നേര്‍ക്കുനേര്‍ നിന്ന് പൊരുതുമ്പോള്‍ അതില്‍ ഒരുവളെയും മകനെയും ചുമക്കേണ്ട ബാധ്യത ബി ജെ പിയുടെ ചുമലില്‍ കാലം കെട്ടിവെക്കുകയായിരുന്നല്ലോ?
അഴിമതിയെ സംബന്ധിച്ച് ഇവിടുത്തെ സാമാന്യജനങ്ങള്‍ സാംശീകരിച്ചിരിക്കുന്ന അത്യന്തം ലളിതവത്കരിക്കപ്പെട്ട ചില കാഴ്ചപ്പാടുകളാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. അഴിമതിയുടെ ഗുണഭോക്താക്കളാകാത്തവര്‍ കൂടി അഴിമതി നടത്തി ധനസമ്പാദനം നടത്തി സുഖജീവിതം നയിക്കുന്നവരുടെ ആരാധകരായി മാറുന്നത് ഈ കാഴ്ചപ്പാടിന്റെ ഫലമാണ്. നേരുകാരന്റെ കെട്ട് കടലിലാണെന്നും അല്‍പ്പസ്വല്‍പ്പം വഴിവിട്ട ജീവിതരീതികള്‍ അവലംബിച്ചാലേ ഇന്ന് ജീവിച്ചുപോകാന്‍ കഴിയൂ എന്നുമുള്ള കാഴ്ചപ്പാട് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇടനിലക്കാരായി നിന്ന് പണം പറ്റുന്നതിലും വ്യക്തികളെന്ന നിലയിലല്ലാതെ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി അവിഹിത മാര്‍ഗത്തിലൂടെ ധനം സമ്പാദിക്കുന്നതിലും അഴിമതി ആരോപിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ മാധ്യമ ചര്‍ച്ചകളിലും മറ്റും ഇടപെട്ടുകൊണ്ട് ചില നിരീക്ഷക കോവിദന്മാര്‍ പ്രചരിപ്പിക്കുന്നത്.
ഈയിടെ ഗണേഷ്‌കുമാര്‍ – യാമിനി തങ്കച്ചി വിവാദം ചര്‍ച്ചാവിഷയമായപ്പോള്‍ അഡ്വക്കറ്റ് ജയശങ്കറെ പോലുള്ള ചില പ്രഗത്ഭമതികള്‍ പോലും അഴിമതിക്കു ചില പുതുഭാഷ്യങ്ങള്‍ ചമച്ചു സംസാരിക്കുന്നത് കേട്ടു. താരതമ്യേന അഴിമതിരഹിതനായ ഒരു മന്ത്രിയാണ് ഗണേഷ്‌കുമാറെന്നും അതുകൊണ്ടു തന്നെ മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നും ആണ് ശ്രീ. ജയശങ്കര്‍ ജന്മസഹജമായ തന്റെ വാക്‌വൈഭവം പ്രകടിപ്പിച്ചുകൊണ്ട് സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്ന നിലയില്‍ മന്ത്രി ഷിബു ബേബിജോണിനും കൊടുത്തു ജയശങ്കറിന്റെ വക ഒരു അഴിമതിരഹിത സര്‍ട്ടിഫിക്കറ്റ്. ഇതു കേട്ടാല്‍ സാധാരണ ജനം എന്താണ് വിചാരിക്കുക? കേരളത്തിലെ മറ്റു മന്ത്രിമാരെല്ലാം അഴിമതിക്കാര്‍. നിന്ന നില്‍പ്പില്‍ 2.25 കോടി രൂപ റൊക്കം പണമായും അതിലേറെ വിലമതിക്കുന്ന കൂറ്റന്‍ വസതി തീറെഴുതിയും കൊടുത്ത് വിവാഹമോചന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശേഷി കേരളത്തിലെ എത്ര ഭര്‍ത്താക്കന്മാര്‍ക്കുണ്ട്? ഇത്രയും പണം നല്‍കി ഭാര്യയെ വേര്‍പിരിച്ചയക്കാന്‍ അഴിമതിവിമുക്തനായ മുന്‍മന്ത്രി ഗണേഷ്‌കുമാറിനുള്ള ആസ്തി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പില്‍ സമര്‍പ്പിച്ച വരവുചെലവു കണക്കുകളുമായി ഒത്തുപോകുന്നതാണോ? അദ്ദേഹം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ വെളിപ്പെടുത്തിയ സ്വത്ത് വിവരം സംബന്ധിച്ചുള്ള സത്യവാങ്മൂലം അഴിമതിയുടെ പട്ടികയില്‍ പെടുന്നതല്ലേ? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മന്ത്രി ഗണേഷ് കുമാറും അദ്ദേഹത്തിന്റെ ഫാന്‍സ് ആയി മാറിയിട്ടുള്ള മൂഢാന്മാക്കളും മറുപടി പറയേണ്ടതുണ്ട്. സ്വന്തം പണമോ പൊതുഖജനാവിലെ പണമോ ഉപയോഗിച്ച് ആരാധകരെ സൃഷ്ടിക്കുകയും അവരെ എന്തു കോപ്രായവും കാട്ടാന്‍ തെരുവില്‍ ഇറക്കിവിടുന്നതും ഒന്നും അഴിമതിയാകുകയില്ലെന്നാണ് അഡ്വക്കറ്റ് ജയശങ്കറിന്റെ ഭാഷണം കേട്ടാല്‍ തോന്നുക.
പൊതുഖജനാവില്‍ നിന്ന് ഇരുപത് ലക്ഷം രൂപ ചെലവാക്കി എം എല്‍ എമാര്‍ക്ക് എല്‍ സി ഡി ടി വി വിഷുക്കൈനീട്ടമായി നല്‍കിയ കൃഷിമന്ത്രിയുടെ നടപടിയും അഴിമതിയാണെന്നാരും പറയുന്നില്ല. മുമ്പും ഇങ്ങനെയൊക്കെ നടത്തിയിട്ടുണ്ട് എന്നതാണ് ഇതിനൊക്കെയുള്ള ന്യായീകരണം. പണ്ട് മഹാരാജാക്കന്മാര്‍ തങ്ങളുടെ ആശ്രിതന്മാരായ നാടുവാഴികള്‍ക്ക് ഇങ്ങനെ പട്ടും വളയും, ഒന്നേകാലും കോപ്പും, കരമൊഴിവാക്കി ഭൂസ്വത്തുക്കളും ഒക്കെ നല്‍കിയതിന്റെ രേഖകള്‍ ഇപ്പോഴും ലഭ്യമാണ്. പണ്ട് ഹൈദരാബാദിലെ ഒരു നൈസാം തന്റെ വളര്‍ത്തുനായയെ അയല്‍രാജ്യത്തെ ഒരു രാജാവിന്റെ പെണ്‍പട്ടിയെ കൊണ്ട് ആര്‍ഭാടമായി വിവാഹം കഴിപ്പിച്ചതും അതിന്റെ പേരില്‍ ഖജാവില്‍ നിന്ന് സ്വത്ത് ധൂര്‍ത്തടിച്ചതുമായ ഒരു സംഭവ വിവരണം സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ടല്ലോ. ഖജനാവ് ധൂര്‍ത്തടിക്കുന്നതിന് അതുമൊരു പൂര്‍വ മാതൃകയാണ്. പഴയ മഹാരാജാക്കന്മാരുടെ പുതിയ പതിപ്പുകളാണ് തങ്ങളെന്നു പുതിയ കാലത്തെ മന്ത്രിമാരും പഴയ നാടുവാഴികളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട പുത്തന്‍ നാടുവാഴികളാണ് തങ്ങളെന്ന് എം എല്‍ എമാരും കരുതുന്നുണ്ടാകണം. ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത് മാത്രമല്ല, രാജ്യത്തിന്റെ വികസന ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ച് പണിയുന്ന പാലത്തിനും റോഡിനും പൊതുക്ഷേമ കെട്ടിടങ്ങള്‍ക്കുമൊക്കെ മുമ്പില്‍ എം എല്‍ എയുടെ അല്ലെങ്കില്‍ എം പിയുടെ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചു നിര്‍മിച്ചതെന്ന് മാര്‍ബിളില്‍ കൊത്തിവെപ്പിച്ച് നമ്മുടെ പൊതു ഇടങ്ങളെ ചെറുകിട രാഷ്ട്രീയ നേതാക്കന്മാരുടെ ശാശ്വത സ്മാരകങ്ങളാക്കുന്ന നടപടിയും മുന്തിയ അഴിമതിയായി തന്നെ കണക്കാക്കണം.
മറ്റൊരു ഉദാഹരണം നോക്കൂ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഒരു സുപ്രഭാതത്തില്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയി പ്രത്യക്ഷപ്പെടുന്ന അവസ്ഥ ഒരിക്കലുണ്ടായി. ആരുടെയോ ഭാഗ്യം അത് നടന്നില്ല. അപ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവും ഒന്നും ലേശവും ബാധിക്കാത്ത, കഴിവുള്ള ഒരക്കാദമിക് വിദഗ്ധനെ കണ്ണൂര്‍ സര്‍വകലാശാലയുടെയും തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ ആഗോളാടിസ്ഥാനത്തില്‍ പരസ്യം നല്‍കിയത്. നിയമനവാര്‍ത്ത വന്നപ്പോഴോ, അത് മല എലിയെ പ്രസവിച്ചതുപോലെ ആയി. നിലവില്‍ ഡി സി സി പ്രസിഡന്റ് എന്ന അധികയോഗ്യത കൂടി പരിഗണിച്ചാകാം നിര്‍ദിഷ്ട സമയം തികക്കുന്നതിന് മുമ്പ് പി എച്ച് ഡി പ്രബന്ധം തട്ടിക്കൂട്ടി തിടുക്കത്തില്‍ ഡോക്ടര്‍ ബിരുദവും നേടി മറ്റനേകം ഭൈമീകാമുകന്മാരെ നിരാശരാക്കിക്കൊണ്ട് മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന മട്ടില്‍ കണ്ണൂര്‍ യൂനിവേഴിസിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി ഈ സര്‍ക്കാര്‍ ഒരു രാഷ്ട്രീയക്കാരന്റെ കാല്‍ക്കല്‍ കാണിക്കവെച്ചത്. ഉടനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്, ഒപ്പം അഴിമതിയുടെ പെരുമഴയും. പണത്തിന്റെ കുത്തൊഴുക്കാണ് ഓരോ നിയോജക മണ്ഡലത്തിലെയും വിജയത്തിന്റെ മാനദണ്ഡം. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് കൂടുതല്‍ പണം സ്വരൂപിക്കാന്‍ കഴിയുന്ന കക്ഷികളും അവരുടെ സ്ഥാനാര്‍ഥികളും അനായാസം വിജയം കൊയ്യുന്നു. അഴിമതിയിലൂടെ ആര്‍ജിച്ച പണം ഏത് നല്ല കാര്യത്തിന് വേണ്ടി ആണെങ്കില്‍ കൂടി അതിനെതിരെ മുഖം തിരിക്കാനുള്ള നട്ടെല്ല് ഇനി ഏത് കാലത്താണ് ഇന്ത്യക്കാര്‍ക്ക് ഉണ്ടാകുക.
ഇതൊന്നും അഴിമതി അല്ലെങ്കില്‍ പിന്നെ എന്താണാവോ അഴിമതി? നിഘണ്ടുകാരന്മാര്‍ ഈ വാക്കിന് ഒട്ടേറെ അര്‍ഥങ്ങള്‍ നല്‍കുന്നുണ്ട്. കൈക്കൂലി, ദുര്‍വൃത്തി, ദുശ്ശീലം, ദുര്‍നടപ്പ്, ദുര്‍വ്യയം, ധൂര്‍ത്ത്, അധര്‍മം, സദാചാരഭംഗം, കൊള്ള, കവര്‍ച്ച, കാമാര്‍ത്തി, ബലാത്കാരം, അന്യായമായ സ്വത്ത് ആര്‍ജിക്കല്‍, സ്വജനപക്ഷപാതം ഇങ്ങനെ എഴുപതിലേറെ വാക്കുകളുടെ കള്ളിയിലാണ് അഴിമതിയെ നിഘണ്ടുകാരന്മാര്‍ ബന്ധിച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അഴിമതി ദോഷം ബാധിക്കാത്ത ഏത് മനുഷ്യരാണ് ഈ ഭൂമി മലയാളത്തില്‍ ഉള്ളതെന്ന ചോദ്യം ആര്‍ക്കും ഉന്നയിക്കാവുന്നതാണ്. പറഞ്ഞിട്ട് കാര്യമില്ല, ഇതോ ഇതിലപ്പുറമോ ഒരു രാഷ്ട്രീയക്കാരന്‍ ചെയ്യുമ്പോള്‍ അത് അവന്റെ തൊപ്പിയിലെ തൂവലായി ആദരിക്കപ്പെടുകയും സാധാരണക്കാര്‍ ചെയ്യുമ്പോള്‍ ഭീകരമായ കുറ്റകൃത്യമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ മാറണം. ഒരേ പന്തലില്‍ രണ്ടുതരം വിളമ്പ് വേണ്ട.

 

ഫോണ്‍: 9446268581