പ്രവാസി കണക്കെടുപ്പിന് മെയ് ഒന്ന് മുതല്‍ സര്‍വേ

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 8:24 am

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രവാസി മലയാളികളുടെ വിവരം ശേഖരിക്കാന്‍ മെയ് ഒന്ന് മുതല്‍ പ്രത്യേക സര്‍വേ നടത്തും. ബ്യൂറോ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സും നോര്‍ക്കയും സംയുക്തമായാണ് സര്‍വേ നടത്തുന്നത്. പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനമെന്ന നിലയില്‍ അധിക വിവരങ്ങള്‍ ശേഖരിക്കും. സര്‍വേക്കായി സംസ്ഥാന സര്‍ക്കാര്‍ 1.98 കോടി രൂപ അനുവദിച്ചു. ഓരോ വീടും സന്ദര്‍ശിച്ച് നടത്തുന്ന സര്‍വേയുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ അവിടങ്ങളിലെ മലയാളികളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സര്‍വേ നടത്തുന്നത്. ബ്യൂറോ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് രാജ്യവ്യാപകമായി സര്‍വേ നടത്തുന്നുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് നോര്‍ക്ക ഇതുമായി സഹകരിക്കുന്നത്. ഇതിനായി നോര്‍ക്ക പ്രത്യേക ചോദ്യാവലി തയ്യാറാക്കും. അധ്യാപകരെയും അങ്കണ്‍വാടി അധ്യാപകരെയുമെല്ലാം ഉപയോഗിച്ച് സര്‍വേ നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് കരുതി സര്‍വേ നടക്കുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ വ്യക്തമായ കണക്ക് ശേഖരിക്കുന്നതിന് വേണ്ടിയാണ് സര്‍വേ. അതിനാല്‍ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.ഹൈക്കോടതിയില്‍ 16 സെക്ഷന്‍ ഓഫീസര്‍മാരുടെ തസ്തിക കോര്‍ട്ട്ഫീ എക്‌സാമിനര്‍ തസ്തികയായി ഉയര്‍ത്താന്‍ യോഗത്തില്‍ അനുമതി നല്‍കി. തലശ്ശേരി പോലീസ് സബ്ഡിവിഷന്റെ കീഴില്‍ പത്ത് മൊബൈല്‍ പട്രോളിംഗ് യൂനിറ്റുകള്‍ നടത്തുന്നതിനായി 150 തസ്തികകള്‍ക്ക് അംഗീകാരം നല്‍കി. കോഴിക്കോട് ആസ്ഥാനമായി സാംസ്‌കാരിക വകുപ്പ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ മെമ്മോറാണ്ടം ഓഫ് ആര്‍ട്ടിക്കിള്‍ മന്ത്രിസഭ അംഗീകരിച്ചു. ഇന്ദിരാ ആവാസ് യോജന സ്‌കീമില്‍ വീട് വെക്കുന്നതിനുള്ള ധനസഹായം 75000 രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തും. ഇ എം എസ് ഭവന പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെടുക്കുന്ന വായ്പയുടെ പലിശ 11.15 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഭവനനിര്‍മാണ ബോര്‍ഡ് ജീവനക്കാരുടെയും സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ജീവനക്കാരുടെയും ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെതിന് സമാനമായി പരിഷ്‌കരിക്കും. ഇതിന് മുന്‍കാല പ്രാബല്യവും നല്‍കും.