Connect with us

National

കുമാരസ്വാമിയും ഭാര്യയും കോടിപതി 'നേതാക്കള്‍'

Published

|

Last Updated

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്ന ബഹുകോടീശ്വര ദമ്പതികളില്‍ മുമ്പന്മാര്‍ ജനതാ ദള്‍- എസ് സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും ഭാര്യ അനിതയും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ നല്‍കിയ പ്രഖ്യാപിത സ്വത്ത് വിവരമനുസരിച്ച് ഈ ദമ്പതികളുടെ ആസ്തി 123 കോടി രൂപയാണ്.

ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയെന്ന ബഹുമതി ടി എന്‍ ജവറായ് ഗൗഡക്കാണ്. 150.58 കോടി രൂപയാണ് ജനതാ ദളുകാരനായ ഇദ്ദേഹത്തിന്റെ ആസ്തി. ബംഗളൂരു സിറ്റിയിലെ യശ്വന്ത്പൂര്‍ മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ മകനായ കുമാരസ്വാമിയും അദ്ദേഹത്തിന്റെ ഭാര്യ അനിതയും മത്സരിക്കുന്നത് യഥാക്രമം രാമനഗരത്തും ചന്നപട്ടണയിലുമാണ്.
ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥി പട്ടികയിലും കോടീശ്വരന്മാരുണ്ട്. ടൂറിസം മന്ത്രിയായ ബി ജെ പി നേതാവ് ആനന്ദ് സിംഗിന്റെ പ്രഖ്യാപിത സ്വത്ത് 104 കോടി രൂപയാണ്. വാഹനപ്രിയനായ ആനന്ദ് സിംഗ് മത്സരിക്കുന്നത് ഖനിസമ്പന്ന ജില്ലയായ ബെല്ലാരിയിലെ വിജയനഗറില്‍ നിന്നാണ്. ബെന്‍ട്‌ലേസ്, മേഴ്‌സിഡസ് ബെന്‍സ്, ടാറ്റാ ട്രക്‌സ് എന്നിവയടക്കം 25 വാഹനങ്ങള്‍ക്ക് ഉടമയാണ് സിംഗ്. ഖനി ഉടമയായ ഇദ്ദേഹം “ആനന്ദ കര്‍ണാടക ഡെയ്‌ലി” എന്ന പത്രത്തിന്റെ പത്രാധിപരുമാണ്.
ദാവനഗെരെ സൗത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ട്രഷറര്‍ കൂടിയായ ഷാമന്നൂര്‍ ശിവശങ്കരപ്പയുടെ ആസ്തി 67 കോടിയിലേറെ രൂപയാണ്. ദാവനഗെരെയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് ശിവശങ്കരപ്പ. കെ പി സി സി പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ് ടിക്കറ്റില്‍ സര്‍വജ്ഞനഗറില്‍ മത്സരിക്കുന്ന മുന്‍മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജിന്റെ ആസ്തി 26.82 കോടി രൂപയുടെതാണ്. ബംഗളൂരു സിറ്റി കോര്‍പറേഷനില്‍ ഹൂഡിയില്‍ നിന്നുള്ള കൗണ്‍സിലറായ ബി ബസവരാജുവിനെ കോണ്‍ഗ്രസ് കെ ആര്‍ പുരം മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നു. അദ്ദേഹം 26 കോടി രൂപയുടെ സ്വത്തിനുടമയാണ്.
ബി ജെ പിയില്‍ നിന്ന് രാജിവെച്ച് കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി) രൂപവത്കരിച്ച ബി എസ് യഡിയൂരപ്പ ലിംഗായത്തുകളുടെ ശക്തികേന്ദ്രമായ ഷിമോഗാ ജില്ലയിലെ ഷിക്കാരിപുരയില്‍ മത്സരിക്കുന്നു. ഇദ്ദേഹത്തിന്റെ ആസ്തി 5.96 കോടി രൂപയാണ്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ച സ്വത്തിനേക്കാള്‍ മൂന്ന് കോടിയുടെ കൂടുതല്‍ ആസ്തിയുണ്ട് ഇപ്പോള്‍. അനധികൃത ഖനന കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത്. യഡിയൂരപ്പയുടെ ഉറ്റ സഹായിയും സഹപ്രവര്‍ത്തകനുമായ ഹരാതലു ഹാലപ്പയാണ് ഷിമോഗ ജില്ലയിലെ സൊറാബ് മണ്ഡലത്തില്‍ കെ ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തി 3.52 കോടിയാണ്.

 

---- facebook comment plugin here -----

Latest