Connect with us

Malappuram

കരിയാരത്ത് ഒരാള്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഇന്ന് ജനകീയ ശുചീകരണം

Published

|

Last Updated

വേങ്ങര: ഊരകം ഗ്രാമ പഞ്ചായത്തിലെ കരിയാരം കോളനിയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. ഇരുനൂറിലധികം പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. 
അതേ സമയം കഴിഞ്ഞ മാസം ഇരുപതിന് ആദ്യ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് എടുത്ത നടപടികള്‍ കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ട ബോധവത്കരണവും കൊതുക് നശീകരണവും കഴിഞ്ഞിട്ടും വീണ്ടും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഇതില്‍ പനി ബാധിച്ചവരുടെ എണ്ണം 15 ശതമാനത്തോളമായതാണ് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണാതെ പോയതോടെ ഇന്നലെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരിയാരം തടപ്പറമ്പ് മദ്‌റസയില്‍ സര്‍വക്ഷിയോഗം വിളിച്ച് ചേര്‍ത്തു.
ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഇന്ന് ജനകീയ ശുചീകരണം നടത്താന്‍ തീരുമാനമായി. ഇതിനായി ആശ വളണ്ടിയര്‍മാര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് അധികൃതര്‍ തുടങ്ങിയവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചു. പത്തംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് കൊതുക് ഉത്ഭവ കേന്ദ്രങ്ങളായ വീടുകളിലെ വെള്ള ശേഖരങ്ങള്‍ ഒഴിവാക്കും. പകരം ഗ്രാമ പഞ്ചായത്ത് കോളനിയിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കും. ഇതേ കൂടാതെ നാളെ മുതല്‍ കോളനിക്ക് സമീപം തടപ്പറമ്പില്‍ ഒരു ഡോക്ടറെയും ആരോഗ്യ വകുപ്പ് നിയമിച്ച് സേവനം ഉറപ്പ് വരുത്തും. കൂടാതെ രോഗം ബാധിച്ച കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കോളനി ഭാഗത്തെ ജലാശയങ്ങളില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി ഇനം മത്സ്യങ്ങളെ നിക്ഷേപിക്കുകയും കൊതുക് വലകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈഡിസ് ഈജിപ്ത്യ ഇനത്തില്‍ ഉള്‍പെടാത്ത ആല്‍ബോപിറ്റന്‍സ് ഇനത്തില്‍ പെട്ട കൊതുകുകളും രോഗം പരത്തുന്നതിനാല്‍ അവ വളരാന്‍ സാധ്യതയുള്ള പ്രദേശത്തെ റബര്‍ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു അധ്യക്ഷത വഹിച്ചു. കലക്ടര്‍ എം സി മോഹന്‍ദാസ്, ഡി എം ഒ. വി ഉമറുല്‍ ഫാറൂഖ്, ഡെ. ഡി എം ഒ കുരുണിയന്‍ മുഹമ്മജ് ഇസ്മാഈല്‍, ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഇ കെ അബ്ദുര്‍റസാഖ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ഡാമിയല്‍, ജില്ലാ ബേങ്ക് പ്രസിഡന്റ് ആയോളി മുഹമ്മദ്കുട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സഫ്രീന അഷ്‌റഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ടി മൊയ്തീന്‍കുട്ടി, പി പി ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest