ജര്‍മന്‍ കപ്പ്: മരിയോ ഗോമസിന് ആറ് മിനുട്ടിനിടെ ഹാട്രിക്ക്‌

Posted on: April 18, 2013 12:22 am | Last updated: April 18, 2013 at 12:24 am

Germany Soccer Cupബെര്‍ലിന്‍: വി എഫ് എല്‍ വോള്‍സ്ബര്‍ഗിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് ഫൈനലില്‍. ബുണ്ടസ് ലീഗ കിരീടം ജയിച്ച ബയേണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്തിയതിന് പിന്നാലെയാണ് ജര്‍മന്‍ കപ്പില്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ, ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ ജര്‍മന്‍ ക്ലബ്ബെന്ന റെക്കോര്‍ഡിനരികിലാണ് ബയേണ്‍. ചൊവ്വാഴ്ച സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയാണ് സെമിയില്‍ ബയേണിന്റെ എതിരാളി. ജൂണ്‍ ഒന്നിന് ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ജര്‍മന്‍ കപ്പ് ഫൈനല്‍. സ്റ്റുട്ഗര്‍ട്-ഫ്രീബര്‍ഗ് സെമി വിജയികള്‍ ബയേണിനെതിരെ വരും.
സസ്‌പെന്‍ഷനിലായ ഫ്രഞ്ച് വിംഗര്‍ ഫ്രാങ്ക് റിബറിക്ക് പകരമിറങ്ങിയ സ്വിസ് മിഡ്ഫീല്‍ഡര്‍ ഹെര്‍ദാന്‍ ഷാഖിരിയുടെ തകര്‍പ്പന്‍ പ്രകടനം ബയേണിന് ഗംഭീര ജയമൊരുക്കി. മരിയോ മാന്‍ഡുകിച്, ആര്യന്‍ റോബന്‍, മരിയോ ഗോമസ് എന്നിവരുടെ ഗോളുകള്‍ക്ക് പിറകില്‍ ഷാഖിരിയുടെ തന്ത്രപരമായ മികവായിരുന്നു. ഷാഖിരി ഒരു ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍, പകരക്കാരനായിറങ്ങി ആറ് മിനുട്ടിനിടെ മൂന്ന് ഗോളുകള്‍ നേടി, അവസാന പത്ത് മിനുട്ടില്‍ ബയേണിന്റെ ഗോള്‍നില ഇരട്ടിയാക്കിയ മരിയോ ഗോമസ് ത്രസിപ്പിച്ചു. ലെഫ്റ്റ് ബാക്ക് ഡേവിഡ് അലാബയെ കൂടാതെയാണ് ബയേണ്‍ ഇറങ്ങിയത്. റിബറിയുടെ അഭാവം കൂടിയായപ്പോള്‍ മത്സരത്തില്‍ ആധിപത്യം നേടാന്‍ ബയേണിന് കാലതാമസമുണ്ടായി. ഷാഖിരുടെ പാസില്‍ ആര്യന്‍ റോബനാണ് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡുകിചിന് ആദ്യ ഗോളിന് വഴിയൊരുക്കിയത്. അടുത്താഴ്ച ബാഴ്‌സക്കെതിരെ സസ്‌പെന്‍ഷന്‍ കാ രണം മാന്‍ഡുകിചിന് കളിക്കാന്‍ സാധിക്കില്ലെന്നത് ബയേണിന് തിരിച്ചടിയാണ്. മരിയോ ഗോമസിന് ആദ്യ ലൈനപ്പില്‍ ഇടം നല്‍കാതിരുന്നത് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ വലിയ റോള്‍ ഉള്ളതുകൊണ്ടാണ്. പകരക്കാരനായെത്തി ഹാട്രിക്ക് നേടിയ ഗോമസ് ബാഴ്‌സലോണക്ക് മുന്നറിയിപ്പ് നല്‍കുകയാണുണ്ടായത്. മുപ്പത്തഞ്ചാം മിനുട്ടില്‍ ബയേണ്‍ ലീഡ് വര്‍ധിപ്പിച്ചു. ലൂസ് ബോള്‍ പിടിച്ചെടുത്ത ഷാഖിരി വോള്‍സ്ബര്‍ഗ് പ്രതിരോധ നിരയെ കബളിപ്പിച്ച് റോബന് അനായാസം ഗോള്‍ നേടാന്‍ പാകത്തിന് പാസ് നല്‍കി.
ഗോളി ഡിയഗോ ബെനാഗ്ലിയോയെ കാഴ്ചക്കാരനാക്കി റോബന്‍ ബയേണിന്റെ രണ്ടാം ഗോള്‍ നേടി(2-0). ആദ്യപകുതിക്ക് തൊട്ടു മുമ്പ് ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ഡിയഗോയിലൂടെ വോള്‍സ്ബര്‍ഗ് ഒരു ഗോള്‍ മടക്കി(2-1). ബയേണ്‍ ഡിഫന്‍ഡര്‍ ഡിയഗോ കോന്റെന്റോക്ക് സംഭവിച്ച പിഴവാണ് ഗോളായത്. രണ്ടാം പകുതിയില്‍ പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഇരുപത് മീറ്റര്‍ അകലെ നിന്ന് ഷാഖിരി നേടിയ ഗോള്‍ ബയേണിനെ 3-1ന് മുന്നിലെത്തിച്ചു. മാന്‍ഡുകിചിന് പകരം ഗോമസ് ഇറങ്ങി. എണ്‍പതാം മിനുട്ടില്‍ ഗോമസിന്റെ ഗോള്‍. ഷാഖിരിയുടെ പാസ് ഇടത് വിംഗില്‍ നിന്ന്. മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറുടെ സമയോചിതമായ പാസിംഗ് സ്വീകരിച്ച് ഗോമസ് രണ്ടാം ഗോള്‍ നേടി.
ബയേണിന്റെ അഞ്ചാം ഗോള്‍. ഗോമസിന്റെ ഹാട്രിക്ക് ഷൈ്വന്‍സ്റ്റിഗറുടെ പാസില്‍ നിന്നായിരുന്നു.