കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല: സി പി എം സമരത്തിനൊരുങ്ങുന്നു

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 1:38 am

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത കുടിവെള്ള ക്ഷാമം നേരിടുകയാണെന്നും ഗ്രാമ പഞ്ചായത്തധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടികളും സ്വീകരിച്ചില്ലെന്നുമാരോപിച്ച് സി പി എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കുവ്വപ്പാറ കുടിവെള്ള പദ്ധതി ഒരാഴ്ചയായി പമ്പിംഗ് മുടങ്ങിയിരിക്കുകയാണ്. 99 പൊതു ടാപ്പുകളും നാനൂറിലധികം വീടുകളില്‍ കണക്ഷനുള്ളതുമായ പ്രസ്തുത പദ്ധതി വോള്‍ട്ടേജ് കുറവുമൂലമാണ് മുടങ്ങിയതെന്നാണ് വാട്ടര്‍ അതോറിറ്റിക്കാര്‍ പറയുന്നത്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്‌ഫോര്‍മര്‍ പാസായെങ്കിലും ഇതുവരെ സ്ഥാപിക്കാനായിട്ടില്ല. പമ്പിംഗ് മുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും സി പി എമ്മുകാര്‍ ആരോപിക്കുന്നു. കുവ്വപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് ജനറേറ്റര്‍ വാടകക്കെടുത്ത് നല്‍കണമെന്നും സി പി എം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തേക്കുംകുറ്റി, ഊരാളിക്കുന്ന്, കൊളക്കാടന്‍മല, തോട്ടക്കാട്, മൈസൂര്‍മല, മലാംകുന്ന്, മുരിങ്ങംപുറായി, അണ്ടിക്കുന്ന്, കുട്ടിക്കുന്ന്, കാരമൂല, കളരിക്കണ്ടി, വേനപ്പാറ, എള്ളങ്ങല്‍, പെരിലക്കാട്, കൊളോറ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത ജനലക്ഷാമമനുഭവപ്പെടുന്നുണ്ടെന്നും ടാങ്കറില്‍ കുടിവെള്ളമെത്തിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെടുകയാണുണ്ടായതെന്നും ഇവര്‍ ആരോപിച്ചു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി വെള്ളമെത്തിക്കുന്നതിന് ഭരണ സമിതി നടപടികള്‍ സ്വീകരിക്കണമെന്ന് സി പി എം കാരശ്ശേരി സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ ആവലശ്യപ്പെട്ടു. നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സി പി എം നേതാക്കള്‍ അറിയിച്ചു.