Connect with us

Articles

സ്വര്‍ണ വിലയിടിവ്: ആശ്വാസവും ആശങ്കയും

Published

|

Last Updated

ആഗോള വിപണിയിലെ വിലയിടിവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നതോടൊപ്പം കൊള്ളപ്പലിശക്കാര്‍ക്ക് തിരിച്ചടിയുമാകുന്നു. സ്വര്‍ണവില വന്‍തോതില്‍ കുറയുന്നത് രാജ്യത്ത് സ്വര്‍ണ പണയത്തിന്‍മേല്‍ കൊള്ളപ്പലിശക്ക് വായ്പ നല്‍കിയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് വന്‍ തിരിച്ചടിയാകുന്നത്. സ്വര്‍ണത്തിന് മൂല്യം കൂടിയ സാഹചര്യത്തിലെ വിലയനുസരിച്ച് റിസര്‍വ് ബേങ്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വര്‍ണ പണയത്തിന് വായ്പ നല്‍കിയ സ്ഥാപനങ്ങളാണ് വെട്ടിലായിരിക്കുന്നത്.ഏറ്റവും കൂടിയാല്‍ സ്വര്‍ണത്തിന്റെ വിപണി വിലയുടെ 70 ശതമാനമേ സ്വര്‍ണ പണയത്തില്‍ വായ്പ നല്‍കാവൂ എന്നാണ് റിസര്‍വ് ബേങ്കിന്റെ നിര്‍ദേശം. എന്നാല്‍ വിപണി വില എന്താണെന്ന് വ്യക്തമാക്കാത്തതിനാല്‍ ഈ നിര്‍ദേശം ദുരുപയോഗം ചെയ്ത് ഈ മേഖലയിലെ വിദഗ്ധരുടെ ഉപദേശത്തോടെയാണിത് ചെയ്തിരുന്നത്. ഇതുപ്രകാരം നേരത്ത സ്വര്‍ണത്തിനുണ്ടായ മൂല്യമനുസരിച്ച് സ്വര്‍ണത്തിന് പവന്‍വിലയുടെ 85 മുതല്‍ 93 വരെ ശതമാനം വായ്പയാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കിയിരുന്നത്. ഇത്രയും തുക വായ്പയായി നല്‍കുന്നതിന് നിശ്ചിത കാലാവധി നിശ്ചയിച്ച് 18 ശതമാനം മുതല്‍ 32 ശതമാനം വരെ പലിശയും ഈ സ്ഥാപനങ്ങള്‍ ഈടാക്കിയിരുന്നു.

എന്നാല്‍ രാജ്യാന്തര വിപണിയില്‍ പെടുന്നനെയുണ്ടായ ഈ പ്രതിസന്ധിയില്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണിപ്പോള്‍. 23000-24000 നുമിടയില്‍ സ്വര്‍ണം പവന്‍വില അനിശ്ചിതമായിരുന്ന സമയത്താണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പരസ്പരമുള്ള മത്സരത്തിന്റെ ഭാഗമായി ഒരു പവന്‍ സ്വര്‍ണത്തിന് 22300 വരെ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വായ്പ നല്‍കിയ തുകയേക്കാള്‍ സ്വര്‍ണവില താഴ്ന്നതോടെ വന്‍ തുക പലിശ നല്‍കി സ്വര്‍ണം തിരിച്ചെടുക്കാന്‍ ഉപഭോക്താക്കള്‍ മുതിരില്ലെന്നതാണ് ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പലിശയോടൊപ്പം വായ്പയെടുത്ത തുകയും തിരിച്ചടക്കേണ്ട തുകയും കൊണ്ട് ഇന്നത്തെ വിലയില്‍ പണയം വെച്ച സ്വര്‍ണത്തേക്കാള്‍ കൂടിയ അളവില്‍ സ്വര്‍ണം ലഭിക്കുമെന്നതിനാലാണ് ഉപഭോക്താക്കള്‍ വായ്പവെച്ച സ്വര്‍ണം ഉപക്ഷിക്കാന്‍ സാധ്യത ഏറുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ പണയംവെച്ച സ്വര്‍ണം തിരിച്ചെടുക്കാതെ വരുമ്പോഴുള്ള നടപടിക്രമ പ്രകാരം ഈ ഉരുപ്പടികള്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ ഇന്നത്തെ നിലയില്‍ വായ്പയായി നല്‍കിയ പണം പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. പലിശക്ക് പുറമെ മുതല്‍ മുടക്ക് കൂടി നഷ്ടപ്പെടുന്നതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം നേരിടും. എന്നാല്‍ പണം വായ്പ നല്‍കുന്നതിനും മറ്റും റിസര്‍വ് ബേങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കാരണം നിയമ നടപടികളുമായി മുന്നോട്ട് പോകാനാകാത്തതും ഇത്തരം സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകും. ഇത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകും. ഈ സാഹചര്യത്തില്‍ നിയമ നടപടികളിലേക്ക് കടക്കാതെ പലിശ കുറച്ചു നല്‍കിയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകും ഇത്തരം സ്ഥാപനങ്ങള്‍ മുതിരുക. ഇതിന്റെ ഭാഗമായി ഒന്നോ രണ്ടോ തവണ നോട്ടീസ് നല്‍കിയ ശേഷം പണയ ഉരുപ്പടികള്‍ വില്‍ക്കാനാകും അവര്‍ ശ്രമിക്കുക. നിയമ നടപടികളുമായി മുന്നോട്ടു പോയാല്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ഉപഭോക്താവില്‍ നിന്ന് വായ്പ നല്‍കിയ പണം ഈടാക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും ദീര്‍ഘകാല നടപടിയിലേക്ക് നീങ്ങുന്നത് സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുമെന്നതിനാല്‍ നിയമ വഴിയിലേക്ക് നീങ്ങാനിടയില്ല. അപ്പോള്‍ വായ്പ നല്‍കിയ തുകക്ക് ഇതുവരെ ലഭിച്ച പലിശ മാത്രമാകും ഇവര്‍ക്ക് ലഭിക്കുക.
അതേസമയം താങ്ങാനാകാത്ത നിലവാരത്തിലേക്കു കുതിച്ചുയര്‍ന്നിരുന്ന സ്വര്‍ണവില അപ്രതീക്ഷിതമായി കൂപ്പുകുത്തിയത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമാകും. ഒപ്പം വിവാഹ സീസനായതിനാല്‍ വിലയിടിവ് കേരള വിപണിക്കും പുത്തനുണര്‍വ് നല്‍കിയേക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറവായതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് അതേതോതില്‍ ഇന്ത്യയില്‍ പ്രതിഫലിച്ചേക്കില്ല. എങ്കിലും ഇന്നലെ രൂപയുടെ മൂല്യം ചെറിയ തോതില്‍ ഉയര്‍ന്നത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നലെ 54.58 രൂപയില്‍ വിപണി തുടങ്ങിയ രൂപയുടെ മൂല്യം വിപണി ക്ലോസ് ചെയ്യുമ്പോള്‍ 54.12 രൂപയായി ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ തിളക്കം മങ്ങാനാകട്ടെ കാരണങ്ങള്‍ പലതാണ്. അമേരിക്കന്‍ സമ്പദ്്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെയും വിവിധ കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളറിന്റെ മൂല്യം വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണ് പ്രധാനമായും മഞ്ഞലോഹത്തിന്റെ മാറ്റ് കുറഞ്ഞത്. ഒപ്പം ജോര്‍ജ് സോറോസ് ഉള്‍പ്പെടെയുള്ള ചില വന്‍കിട ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ സ്വര്‍ണം വന്‍ തോതില്‍ വിറ്റഴിച്ചതും സ്വര്‍ണവിപണിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തു വരുന്നതിനിടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന സൈപ്രസ് 40 കോടി യൂറോയുടെ (2800 കോടി രൂപയുടെ) സ്വര്‍ണ ശേഖരം വില്‍പ്പനക്ക് വെക്കുന്നുവെന്ന വാര്‍ത്തയാണ് ഇന്നലെ വിപണിയെ ഇത്രമേല്‍ പിടിച്ചുലച്ചത്. ഇതോടെ കഴിഞ്ഞ പത്ത്‌വര്‍ഷത്തിനിടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വന്‍ ഡിമാന്‍ഡ് ലഭിച്ചിരുന്ന സ്വര്‍ണത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത് സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഗോള്‍ഡ് ഇ ടി എഫ്) കളുടെ പ്രവര്‍ത്തനങ്ങളെയും സ്വര്‍ണ നിക്ഷേപകരെയും ആശങ്കയിലാഴ്ത്തിരിക്കുന്നു.
ഇതിനിടെ സ്വര്‍ണ വിലക്കൊപ്പം പ്ലാറ്റിനം, പലാഡിയം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ വിലയും ഗണ്യമായി കുറയുന്നത് ആഭരണ വ്യവസായ മേഖലയിലെ കമ്പനികളുടെ ഓഹരി വില കുറയാനും ഇതുവഴി സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയാനും കാരണമാകും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 71 ടണ്ണിലേറെ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്‌തെങ്കില്‍ ഈ വര്‍ഷമിത് ഇതുവരെ 53 ടണ്‍ മാത്രമാണ്. 2001 മുതല്‍ വിലയില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരുന്ന സ്വര്‍ണ വില കുത്തനെ ഇടിയുന്നത് സ്വര്‍ണം അതിന്റെ കുതിപ്പിന് താത്കാലത്തേക്കെങ്കിലും വിരാമമിട്ടിരിക്കുന്നെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏഴ് മടങ്ങ് വരെ വില ഉയര്‍ന്ന സ്വര്‍ണം അതിന്റെ തിരിച്ചുപോക്കാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest