ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 12:52 am

മാനന്തവാടി: ഇരുവൃക്കകളും തകരാറിലായ നിര്‍ധന യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാസഹായസമിതി രൂപീകരിച്ചു. വെള്ളമുണ്ട പുളിഞ്ഞാലിലെ കൊല്ലംപറമ്പില്‍ രാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വൃക്ക ദാനംചെയ്യാന്‍ സഹോദരി തയ്യാറായിട്ടുണ്ട്. ചികില്‍സയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന രാജന് കഴിയില്ല.
രണ്ടു മക്കളും ഭാര്യയും രോഗിയായ അമ്മയും അടങ്ങുന്നതാണ് രാജന്റെ കുടുംബം. ഈ സാഹചര്യത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ ചികില്‍സാ ചെലവ് കണ്ടെത്താന്‍ പഞ്ചായത്ത് അംഗം മേഴ്‌സി സ്റ്റീഫന്‍ ചെയര്‍പേഴ്‌സനും വി ജോസഫ് കണ്‍വീനറും ആന്‍ഡ്രൂസ് ജോസഫ് ഖജാഞ്ചിയുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ഫെഡറല്‍ ബാങ്ക് മാനന്തവാടി ശാഖയില്‍ 14420100145477 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹകരണത്തോടെ ചികില്‍സയ്ക്ക് ആവശ്യമായ തുക കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ചികിത്സാ സഹായസമിതി.