Connect with us

National

ഗുജറാത്ത് വംശഹത്യ: ബി ജെ പിക്ക് മറുപടിയുമായി നിതീഷ് കുമാര്‍

Published

|

Last Updated

പാറ്റ്‌ന: നരേന്ദ്ര മോഡി വിഷയത്തില്‍ ബി ജെ പിക്കും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനും ചുട്ട മറുപടിയുമായി ജനതാദള്‍ യുനൈറ്റഡ് മേധാവിയും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഗോധ്ര സംഭവം മോഡിയുടെ ഉത്തരവാദിത്വമാണ്. ക്രമസമാധാനവും പൊതു സമാധാനവും പാലിക്കേണ്ടത് സംസ്ഥാനമാണ്. അത് നിര്‍വഹിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയം തന്നെയായിരുന്നു. മറ്റുള്ളവരെ ന്യായീകരിക്കാന്‍ തന്നെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് നീതീഷ് പറഞ്ഞു. മതേതര പാരമ്പര്യമില്ലാത്ത മോഡിയെ എന്‍ ഡി എ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന തന്റെ നിലപാട് കഴിഞ്ഞ ദിവസം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
ഇതിന് മറുപടിയായി, ഗോധ്ര സംഭവം നടക്കുമ്പോള്‍ വാജ്പയി മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നു നിതീഷെന്ന കാര്യം മറക്കരുതെന്ന് ബി ജെ പി വക്താവ് മീനാക്ഷി ലേഖി കഴിഞ്ഞ ദിവസം ഓര്‍മിപ്പിച്ചു. അന്ന് റെയില്‍വേ മന്ത്രിസ്ഥാനം രാജിവെക്കാത്ത നിതീഷിന് മോഡിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ലാലുവും പറഞ്ഞു. റെയില്‍വേ സുരക്ഷയാണ് റെയില്‍വേ മന്ത്രിയുടെ ചുമതലയെന്നും അത് താന്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്നും നീതീഷ് തിരിച്ചടിച്ചു.