പ്രോസിക്യൂഷനെ ഞെട്ടിച്ച് പോലീസ് ട്രെയ്‌നിയുടെ കൂറുമാറ്റം

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 12:41 am

കോഴിക്കോട്:ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷനെ ഞെട്ടിച്ച് പോലീസ് ട്രെയ്‌നിയുടെ കൂറുമാറ്റം. എം എസ് പി ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗം പോലീസ് ട്രെയ്‌നിയായ കണ്ണൂര്‍ കടന്നപ്പള്ളി കൊയക്കീല്‍ ഹൗസില്‍ എം നവീനാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. ഇദ്ദേഹത്തെ കൂടാതെ പ്രോസിക്യൂഷന്‍ സാക്ഷിയായ പന്തക്കല്‍ സ്വദേശി പി വിജിത്തും ഇന്നലെ എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നടന്ന വിസ്താരത്തിനിടെ കൂറുമാറി. ഇതോടെ ഇതിനകം വിസ്തരിച്ച 67 പേരില്‍ 36 പേരും കൂറുമാറിയവരായി.നേരത്തെ പോലീസിന് നല്‍കിയ മൊഴികളെല്ലാം പോലീസ് ട്രെയ്‌നിയായ നവീന്‍ നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 30ന് രാത്രി മാടായി സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് തന്റെ മൊബൈല്‍ നമ്പറില്‍ ഓഫീസ് സെക്രട്ടറിയും ടി പി കേസിലെ 57ാം പ്രതിയുമായ കടന്നപ്പള്ളി കാവിന്റരികത്ത് കെ അശോകന്‍ സരിന്‍ ശശിയെ വിളിച്ചിരുന്നു. തുടര്‍ന്ന് സരിനും നിഷാദിനുമൊപ്പം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തനും പ്രായമായ മറ്റൊരാളും അവിടെയെത്തി. അല്‍പ്പസമയത്തിന് ശേഷം ഓഫീസിലുണ്ടായിരുന്ന സി പി എം നേതാവായ പാനൂര്‍ ഹരീന്ദ്രനൊപ്പം ഇവര്‍ മടങ്ങിപ്പോയി. ഹരീന്ദ്രനും കുഞ്ഞനന്തനും പ്രായമായ മറ്റൊരാളും കാറിലും സരിനും നിഷാന്തും ഓട്ടോയിലുമാണ് മടങ്ങിയത് എന്നായിരുന്നു നേരത്തെ നവീന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു മൊഴി താന്‍ നല്‍കിയില്ലെന്ന് നവീന്‍ പറഞ്ഞു. താന്‍ മുമ്പ് എസ് എഫ് ഐയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സി പി എം പടിഞ്ഞാറത്തറ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നില്ലെന്നും നവിന്‍ പറഞ്ഞു. കുഞ്ഞനന്തനെ തിരിച്ചറിയുന്നതിന് കോടതി എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയെങ്കിലും അറിയില്ലെന്ന് നവീന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

കൊലയാളി സംഘാംഗമായ അണ്ണന്‍ എന്ന സിജിത്തിനെ മെയ് ആറിന് ഉച്ചക്ക് രണ്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കിയതായി നേരത്തെ പോലീസിന് നല്‍കിയ മൊഴിയാണ് പി വിജിത്ത് തിരുത്തിയത്. ഷാജി, ഷിജിത്ത്, വരുണ്‍ എന്നിവര്‍ ചേര്‍ന്ന് വാങ്ങിയ കെ എല്‍ 58 എഫ് 4864 നമ്പര്‍ ഇന്നോവ കാര്‍ താന്‍ ടാക്‌സിയായി ഓടിച്ചിരുന്നെന്നും അതില്‍ ഗള്‍ഫിലേക്ക് ഓട്ടം വിളിച്ച സംഘത്തിനൊപ്പം ആറാം പ്രതി സിജിത്തിനെ കൂട്ടിയെന്നും താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. സിജിത്തിനെ കോടതി എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ അയാളെ തിരിച്ചറിയാതിരുന്ന വിജിത്ത് കിര്‍മാണി മനോജ്, കജൂര്‍ എന്ന അജേഷ് എന്നിവരെ അറിയാമെന്നും തന്റെ വീടിനടുത്താണ് അവര്‍ താമസിക്കുന്നതെന്നും കോടതിയില്‍ അറിയിച്ചു. ബി ജെ പി പതാക നശിപ്പിച്ച കേസില്‍ അജേഷ് തനിക്കൊപ്പം കൂട്ടുപ്രതിയാണെന്ന് അറിയിച്ച വിജിത്ത്, താന്‍ സി പി എം പ്രവര്‍ത്തകനല്ലെന്ന് അവകാശപ്പെട്ടു.
അതേസമയം, കൊലയാളി സംഘാംഗങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ ഒട്ടിച്ച ‘മാഷാ അല്ലാ’ സ്റ്റിക്കര്‍ പ്രോസിക്യൂഷന്‍ 66ാം സാക്ഷിയായ വില്ല്യാപ്പള്ളി എം ജെ വി ഹൈസ്‌കൂളിലെ അറബി അധ്യാപകന്‍ അബ്ദുര്‍ റഊഫ് തിരിച്ചറിഞ്ഞു. ‘മാഷാ അല്ലാ’ എന്ന് വലിയ അക്ഷരത്തിലും ‘അല്‍ഹംദു ലില്ലാ’ എന്നത് ചെറുതായും രണ്ട് വരിയിലായാണ് സ്റ്റിക്കറില്‍ എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ നിര്‍ദേശിച്ച പ്രകാരം വടകര ഡി വൈ എസ് പി ഓഫീസിലെത്തിയ തനിക്ക് സ്റ്റിക്കറുകള്‍ പോലീസ് കാണിച്ചുതന്നതായും അത്തരം സ്റ്റിക്കറുകള്‍ വിശ്വാസത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ പതിക്കാറുണ്ടെന്നും അധ്യാപകന്‍ മൊഴി നല്‍കി. കാറില്‍ പതിച്ച സ്റ്റിക്കറുകള്‍ അദ്ദേഹം കോടതിയില്‍ തിരിച്ചറിഞ്ഞു.
പ്രതികള്‍ക്കായി അഡ്വ. എം അശോകനും അഡ്വ. പി വി ഹരിയും പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി കുമാരന്‍കുട്ടിയും ഹാജരായി.