Connect with us

Kerala

പി എ സി എല്‍ മണിച്ചെയിന്‍ തട്ടിപ്പ്: കേരളത്തിലെ ഏജന്റുമാരുടെ മേധാവി അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: മണിച്ചെയിന്‍ തട്ടിപ്പ് നടത്തിയ പി എ സി എല്‍ കമ്പനിയുടെ കേരളത്തിലുള്ള ഫീല്‍ഡ് ഓഫീസര്‍മാരുടെ തലവനായ തമിഴ്‌നാട് സ്വദേശിയെ കൊല്ലം ഈസ്റ്റ് പോലീസ് മധുരയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മധുരയിലെ ബഥാനിപുരം എന്ന സ്ഥലത്ത് മോട്ടിലാല്‍ സ്ട്രീറ്റില്‍ ഡോര്‍ നമ്പര്‍ 231ല്‍ സുരേഷ് ബാബു (47) വിനെയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തിന് പുറത്ത് വസ്തുക്കള്‍ വാങ്ങി നല്‍കാമെന്ന വ്യാജേനയാണ് ഫീല്‍ഡ് ഓഫീസര്‍മാരെ നിയമിച്ച് തവണകളായി പണം പിരിച്ച് പി എ സി എല്‍ തട്ടിപ്പ് നടത്തിയത്. മധുര കോട്‌സിലെ ജോലിക്കാരനായിരുന്ന സുരേഷ് ബാബു ജോലി രാജിവെച്ച ശേഷമാണ് പി എ സി എല്‍ കമ്പനിയില്‍ ചേര്‍ന്നത്. പാലക്കാടിനും തൃശൂരിനും പുറമെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്ക് വീടുകളും ഏക്കര്‍ കണക്കിന് വസ്തുക്കളും കൃഷിയിടങ്ങളും ആഡംബര കാറുകളും ഉണ്ട്. ഇതെല്ലാം വാങ്ങിയത് പി എ സി എല്‍ ലിമിറ്റഡില്‍ നിന്ന് ലഭിക്കുന്ന കമ്മീഷന്‍ തുക ഉപയോഗിച്ചാണെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ പി എ സി എല്‍ കമ്പനിയുടെ ഏജന്റുമാരില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ബാബു. പ്രതിമാസം നാല് മുതല്‍ എട്ട് വരെ ലക്ഷം രൂപ കമ്മീഷനായി ലഭിക്കാറുണ്ടെന്നും ഇതിനകം പത്ത് കോടിയിലേറെ ലഭിച്ചതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. മുഴുവന്‍ ഉടമസ്ഥരെയോ ഡയറക്ടര്‍മാരെയോ അറിയില്ലെന്നും അറിയുന്നവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പോലീസിന് ഇയാള്‍ മൊഴി നല്‍കി.
ആദ്യമായാണ് പി എ സി എല്‍ കേസിന്റെ അന്വേഷണ സംഘത്തിന് കേരളത്തിന് പുറത്തുനിന്ന് കമ്പനിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ആളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇയാളുടെ അറസ്റ്റോടെ ഇപ്പോള്‍ വിറ്റല്‍ സീ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ മണിച്ചെയിന്‍ സ്ഥാപനം ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി. പി എ സി എല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് അതിലെ ഡയറക്ടര്‍മാരും ഏജന്റുമാരും വിറ്റല്‍ സീ മാര്‍ക്കറ്റ്, പി ഇ ജി എന്നീ പേരുകളില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം തുടങ്ങിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
പി എ സി എല്‍ കമ്പനിയില്‍ നിക്ഷേപിക്കുന്ന തുകക്ക് തുല്യമായ രീതിയില്‍ കേരളത്തിലും ജമ്മു കാശ്മീരിലും ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളില്‍ ഭൂമി നിക്ഷേപകരുടെ പേരില്‍ വാങ്ങിയതായിട്ടുള്ള നിരവധി രേഖകള്‍ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിക്ഷേപകരുടെ പേരില്‍ വാങ്ങിയതെന്ന് പറയുന്ന ഭൂമി മറ്റാരുടെയോ പേരിലുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Latest