ദ്വീപിലെ കൊപ്ര നാഫെഡ് സംഭരിക്കും

Posted on: April 17, 2013 6:00 am | Last updated: April 16, 2013 at 11:41 pm

കൊച്ചി: ലക്ഷദ്വീപിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെയും കൊപ്ര ഒരാഴ്ചക്കകം സംഭരിച്ചു തുടങ്ങാന്‍ കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ നാഫെഡിന് നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് മൂന്ന് മാസമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഇതോടെ പരിഹാരമായി. രേഖാമൂലമുള്ള ഉത്തരവ് നാഫെഡിന് കിട്ടിക്കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനകം കൊപ്ര സംഭരണം ആരംഭിച്ചേക്കും. ലക്ഷദ്വീപില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്ന് താങ്ങുവിലക്ക് കൊപ്ര സംഭരിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന നഷ്ടത്തിന്റെ 15 ശതമാനം മാത്രമെ ധനകാര്യ മന്ത്രാലയം അനുവദിക്കുകയുള്ളുവെന്നും 85 ശതമാനം നാഫെഡ് സ്വയം വഹിക്കണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് മൂന്ന് മാസമായി കൊപ്ര സംഭരണം നടക്കാതെ പോയത്.