Connect with us

Gulf

ഇന്ദിരാഗാന്ധിയുടെ ഭരണം അട്ടിമറിക്കാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് സി ഐ എ സഹായം തേടിയിരിക്കാം: എം പി വീരേന്ദ്രകുമാര്‍

Published

|

Last Updated

ദുബൈ: അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണം അട്ടിമറിക്കാന്‍ ജനതാ പാര്‍ട്ടി നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് അമേരിക്കന്‍ ചാരസംഘടന (സി ഐ എ) യുടെ സഹായം തേടിയിരിക്കാമെന്ന് സോഷ്യലിസ്റ്റ് ജനതാ അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. ദുബൈയില്‍ ജനതാ ഫോറം മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധിയെ ഏതുവിധേനയും താഴെയിറക്കണമെന്ന പക്ഷക്കാരനായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. അതിന് എന്തുമാര്‍ഗവും സ്വീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. അതുവെച്ചുനോക്കുമ്പോള്‍ സി ഐ എ സഹായം തേടിയെന്നു പറഞ്ഞാ ല്‍ സംശയിക്കേണ്ടതില്ല. പക്ഷേ, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ല. വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ നിര്‍വാഹമില്ല.
ജോര്‍ജ് ഫെര്‍ണാണ്ടസ് ഓര്‍മ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹം പക്ഷേ അടിയന്തരാവസ്ഥക്കാലത്ത് പോരാളിയായിരുന്നു. ഇന്ദിരാഗാന്ധിക്കെതിരെയുള്ള രോഷം കാരണം ഒരു പാലം ബോംബ് വെച്ച് തകര്‍ക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. അദ്ദേഹവുമായും ഡോ. മനോഹര്‍ ലോഹ്യയുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ തനിക്ക് കഴിഞ്ഞു. ഡോ. ലോഹ്യ ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു. സോഷ്യലിസ്റ്റായിരിക്കുമ്പോഴും ഉള്ളില്‍ തികഞ്ഞ ഗാന്ധിയനായിരുന്നു. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവിനെ എതിര്‍ത്തിരുന്നു. ഗാന്ധിസം നടപ്പാക്കാത്തതാണ് വിരോധം.
അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോയത് പാര്‍ട്ടി പറഞ്ഞിട്ടല്ല. എ കെ ജി പറഞ്ഞിട്ടാണ്. എ കെ ജി ധീരനും മനുഷ്യസ്‌നേഹിയുമായിരുന്നു. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി എന്നും നിലകൊണ്ടു. പ്രധാനമന്ത്രി ആകേണ്ട ആളാണ് എ കെ ജിയെന്ന് ഡോ. ലോഹ്യ പറയുമായിരുന്നു. അത്തരമൊരു നേതാവ് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല.
പരിസ്ഥിതി പ്രശ്‌നം മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഏറ്റെടുക്കാത്തത് ഭയംകൊണ്ടാണ്. സ്വന്തം സ്ഥാപിത താല്‍പര്യങ്ങള്‍ക്കകത്താണ് അവര്‍. ലോകത്തിന് ഇനി 70 വര്‍ഷത്തെ ആയുസേയുള്ളൂവെന്ന് പാശ്ചാത്യ വിദഗ്ധര്‍ പറയുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നത് കൊണ്ടാണിത്. പ്രകൃതി വിഭവങ്ങള്‍ പരമാവധി ചൂഷണം ചെയ്യുകയാണ്.
പാലക്കാട്ട് പത്ത് വര്‍ഷം കൊണ്ട് ഭൂഗര്‍ഭ ജലം വറ്റും. ആ ജില്ല, തരിശ് ഭൂമിയാകും. ഇതൊന്നും മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ കാണുന്നില്ല. പ്ലാച്ചിമട പ്രശ്‌നത്തില്‍ ഇടത്-വലത് സര്‍ക്കാറുകള്‍ അനാസ്ഥ കാട്ടി. എന്നാല്‍, ലോകത്ത് സമരം കാരണം കൊക്കക്കോള കമ്പനി പൂട്ടിയിട്ടുണ്ടെങ്കില്‍ അത് പ്ലാച്ചിമടയില്‍ മാത്രം. മയിലമ്മയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരാണ് ആ സമരം നയിച്ചത്.
അനേകം ജാതികളും ഭാഷകളും ഉണ്ടെങ്കിലും ഇന്ത്യ ഒറ്റക്കെട്ടാണ്. ഹിന്ദു-മുസ്‌ലിം മൈത്രി തകര്‍ക്കാന്‍ ഹിന്ദുമഹാസഭയും ജിന്നയുടെ പാര്‍ട്ടിയും ശ്രമിച്ചിട്ടും നടന്നില്ല. അനേകം വൈവിധ്യതകള്‍ക്കിടയിലെ ഏകത്വമാണ് അതിനു കാരണം-എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ബശീര്‍ തിക്കോടി മോഡറേറ്ററായിരുന്നു.

Latest