Palakkad
ശിശുമരണം: ഡി വൈ എഫ് ഐ ശക്തമായ പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവത്തിന്റെ മറ്റൊരുദാഹരണംകൂടിയാണ് അട്ടപ്പാടിയില്‍ ദൃശ്യമായതെന്ന് എം.ബി.രാജേഷ് എം പി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരണെന്നും, ഹൃദയശൂന്യമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പരാജയം അട്ടപ്പാടിയില്‍ പ്രകടമാണ്. അനീമിയബാധിച്ച നിരവധി സത്രീകള്‍ അട്ടപ്പാടിയിലുണ്ട്, ശിശുസംരക്ഷണപദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല, കൃത്യമായ തൂക്കത്തോടെ ജനിച്ചകുട്ടികള്‍ പിന്നീട് പോഷകാഹാരകുറവ് മൂലം മരണപ്പെടുന്നു.
മാതൃ-ശിശുസംരക്ഷണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരുന്നതിന്റെ തെളിവാണിതെന്നും എം.പി ആരോപിച്ചു. അട്ടപ്പാടിയിലെ അംഗനവാടികളില്‍ സുപ്പര്‍വൈസര്‍മാരോ, ഗര്‍ഭിണികളായ സ്ത്രീകളെ പരിശോധിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരുവര്‍ഷമായി അംഗനവാടികളില്‍ മുട്ട,പാല്‍,പഴം എന്നിവയുടെ വിതരണം നടക്കുന്നില്ല.
അമൃതം കിറ്റ് പകുതിമാത്രമാണ് ലഭിക്കുന്നത്. കൗമാരക്കാര്‍ക്കുള്ള സഫലം പദ്ധതിയും, ഗര്‍ഭിണികള്‍ക്ക് നല്‍കാറുള്ള അയേണ്‍ ഗുളികയുടെ വിതരണവും അട്ടപ്പാടിയില്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന 4,500 രൂപ അവര്‍ക്ക് കിട്ടാറില്ലന്നും അദ്ദേഹം പറഞ്ഞു.
വേണ്ടരീതിയിലുള്ള ചികിത്സാ സൗകര്യങ്ങളും അട്ടപ്പാടിയിലില്ലെന്നും, കടുത്ത വരള്‍ച്ച നേരിടുന്ന അട്ടപ്പാടിയില്‍ തൊഴിലുറപ്പു പദ്ധികള്‍ നിറുത്തലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി വൈ എഫ് ഐ മുന്നറിയിപ്പു നല്‍കി.
ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭാഷ് ചന്ദ്ര ബോസ്, ജില്ലാ പ്രസിഡന്റ് നിധിന്‍ കണിച്ചേരി, ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




