യൂനിയന്‍ കാര്‍ബൈഡിനായി യു എസ് ഇന്ത്യയെ സ്വാധീനിച്ചു: വിക്കിലീക്‌സ്

Posted on: April 13, 2013 2:51 pm | Last updated: April 13, 2013 at 3:20 pm

union carbide companyന്യൂഡല്‍ഹി: ആയിരക്കണക്കിന് ആളുകള്‍ മരിക്കാനിടയായ ഭൊപ്പാല്‍ ദുരന്തമുണ്ടാക്കിയ യൂനിയന്‍ കാര്‍ബൈഡ് കമ്പനിക്ക് വേണ്ടി അമേരിക്ക നടത്തിയ ഇടപെടലുകള്‍ പുറത്തായി. അമേരിക്കന്‍ സ്വാധീനത്തിന് വഴങ്ങി യൂനിയര്‍ കാര്‍ബൈഡ് കമ്പനിയെ രക്ഷിക്കാന്‍ ഇന്ത്യ വിദേശ വിനിമയ നിയന്ത്രണ നിയമമായ ഫെറയില്‍ മാറ്റം വരുത്തിയതായി വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു.
യൂണിയന്‍ കാര്‍ബൈഡിന് വിദേശ മൂലധന നിക്ഷേപ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് ഫെറാ നിയമത്തില്‍ മാറ്റം വരുത്തിയതെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. 1970കളിലാണ് ഈ അവിശുദ്ധ ഇടപാടുകള്‍ നടന്നത് .ഇതിന്റെ ഫലമായി 1975ല്‍ 5000 ടണ്‍ ഉത്പാദന ശേഷിയുള്ള കീടനാശിനി കമ്പനി തുടങ്ങാനുള്ള ലൈസന്‍സ് യൂനിയന്‍ കാര്‍ബൈഡിന് ലഭിക്കുകയായിരുന്നു. പരീക്ഷിച്ച് വിജയം കാണാത്ത എം ഐ സി സാങ്കേതിക വിദ്യയാണ് യൂനിയന്‍ കാര്‍ബൈഡ് ഭൊപ്പാലില്‍ പരീക്ഷിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.