യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ജില്ലയില്‍ തുടക്കമായി

Posted on: April 13, 2013 6:34 am | Last updated: April 13, 2013 at 12:34 am

മാനന്തവാടി: ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് തുടക്കമായി. മാനന്തവാടി ലയണ്‍സ് ഹാള്‍, കല്‍പ്പറ്റ മകരജ്യോതി ഹാള്‍, ബത്തേരി ലയണ്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആന്ധ്രയില്‍ നിന്നുള്ള റിട്ടേണിംഗ് ഓഫീസര്‍ വൈ കുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 18 വരെയാണ് തിരഞ്ഞെടുപ്പ്. മാനന്തവാടിയില്‍ അഞ്ച്കുന്ന്, എടവക മണ്ഡലങ്ങളിലും, സുല്‍ത്താന്‍ ബത്തേരിയില്‍ അമ്പലവയല്‍ മണ്ഡലത്തിലും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലുമാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.
പൊതു തിരഞ്ഞെടുപ്പിന് വെല്ലുന്ന തരത്തില്‍ വീറും വാശിയോടെയുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിശാല ഐഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലാണ് മത്സരം. വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കുവാന്‍ ഇരുവിഭാഗവും കൗണ്ടര്‍ തുറന്നിരുന്നു.തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെ മാത്രമെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് കയറ്റി വിടുന്നുള്ളു. ബൂത്ത് അടിസ്ഥാനത്തില്‍ മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍, എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്.
ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ പ്രസിഡന്റും രണ്ടാം സ്ഥാനക്കാരന്‍ വൈസ് പ്രസിഡന്റുമാകും.
യഥാക്രമം ലഭിക്കുന്ന മറ്റു മൂന്നു പേര്‍ ജനറല്‍ സെക്രട്ടറിമാരുമാകും. ഇതില്‍ ഒരു വനിതയും ഒരു പട്ടികജാതി വര്‍ഗ പ്രതിനിധിയുമുണ്ടാകും. 26 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മിയുടെ സ്റ്റാഫില്‍ ഉള്‍പ്പെട്ടവര്‍ വോട്ട് പിടിക്കാന്‍ രംഗത്തിറങ്ങിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഇന്ന് മാനന്തവാടി നിയോജക മണ്ഡലത്തില്‍ പയ്യമ്പള്ളി, മാനന്തവാടി മണ്ഡലങ്ങളിലും ബത്തേരിയില്‍ ചീരാല്‍, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റയില്‍ കോട്ടത്തറ, പടിഞ്ഞാറത്തറ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുകള്‍ നടക്കും.